UPDATES

ട്രെന്‍ഡിങ്ങ്

എക്സിറ്റ് പോളിലെ ബിജെപി കുതിപ്പിന് നിര്‍ണായകമായത് ഈ സംസ്ഥാനങ്ങള്‍

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇത്തവണ നടത്തുമെന്നാണ് ചില എക്‌സിറ്റ് പോളുകള്‍ പറയുന്നത്

പ്രമുഖമായിട്ടും ഒമ്പത് എക്‌സിറ്റ് പോളുകളാണ് ദേശീയ തലത്തില്‍ ഇന്നലെ നടന്നത്. ഇതില്‍ ഏഴെണ്ണവും സൂചിപ്പിക്കുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും എന്നു തന്നെയാണ്. രണ്ടു സര്‍വെ മാത്രമാണ് യുപിഎ-പ്രതിപക്ഷ കക്ഷികള്‍ക്ക് എന്തെങ്കിലും സാധ്യതകള്‍ കല്‍പ്പിക്കുന്നത്. ന്യൂസ് എക്‌സ്-നേതാ എക്‌സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് 242 സീറ്റുകളും യുപിഎയ്ക്ക് 164 സീറ്റുകളും മറ്റുള്ളവര്‍ക്ക് 135 സീറ്റുകളും നല്‍കുന്നു. എബിപി ന്യൂസ്-നീല്‍സണ്‍ സര്‍വെ എന്‍ഡിഎയ്ക്ക് 267 സീറ്റുകളും യുപിഎയ്ക്ക് 127 സീറ്റുകളും മറ്റുള്ളവര്‍ക്ക് 148 സീറ്റുകളും നല്‍കുന്നു. ഈ രണ്ടു സര്‍വെകളും നല്‍കുന്നതിലും കൂടുതല്‍ സീറ്റാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പ്രതീക്ഷിച്ചിരുന്നത്. യഥാര്‍ത്ഥ ഫലത്തില്‍ അത് സാധ്യമാകുന്നു എങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും ആശയ്ക്ക് വകയുള്ളൂ.

ഇന്ത്യ ടുഡെ-ആക്‌സിക് മൈ ഇന്ത്യ എന്‍ഡിഎയ്ക്ക് 339-365 സീറ്റുകളും യുപിഎയ്ക്ക് 77-108 സീറ്റുകളും മറ്റുള്ളവര്‍ക്ക് 69-95 സീറ്റുകളും നല്‍കുന്നു. റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വെ അനുസരിച്ച് എന്‍ഡിഎയ്ക്ക് 287 സീറ്റുകളും യുപിഎയ്ക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളുമാണ്. ന്യൂസ് 18 ഐപോസ് സര്‍വെ എന്‍ഡിഎയ്ക്ക് 336 സീറ്റുകളും യുപിഎയ്ക്ക് 82 സീറ്റുകളും മറ്റുള്ളവര്‍ക്ക് 124 സീറ്റുകളും പ്രവചിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വെയാകട്ടെ, എന്‍ഡിഎയ്ക്ക് 306 സീറ്റും യുപിഎയ്ക്ക് 132 സീറ്റും മറ്റുള്ളവര്‍ക്ക് 104 സീറ്റുകളുമാണ് നല്‍കിയത്. റിപ്പബ്ലിക് ടിവിയുടെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരത്-ജന്‍കി ബാത് സര്‍വെ എന്‍ഡിഎയ്ക്ക് 305 സീറ്റും യുപിഎയ്ക്ക് 124 സീറ്റും മറ്റുള്ളവര്‍ക്ക് 113 സീറ്റും നല്‍കുമ്പോള്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വെ എന്‍ഡിഎയ്ക്ക് 300 സീറ്റും യുപിഎയ്ക്ക് 120 സീറ്റും മറ്റുള്ളവര്‍ക്ക് 122 സീറ്റും നല്‍കുന്നു. ന്യൂസ് 24- ടുഡെയ്‌സ് ചാണക്യ എന്‍ഡിഎയ്ക്ക് 350 സീറ്റാണ് പ്രവചിച്ചിട്ടുള്ളത്. യുപിഎയ്ക്ക് 95 സീറ്റുകളും മറ്റുള്ളവര്‍ക്ക് 97 സീറ്റുകളും അവര്‍ നല്‍കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പു തന്നെ എന്‍ഡിഎയ്ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അത് മറികടക്കാന്‍ അവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ ശ്രദ്ധിക്കുന്നു എന്നുമായിരുന്നു പ്രചരണങ്ങള്‍. ഇതില്‍ തിരിച്ചടിയുണ്ടാവുമെന്ന് കരുതിയിരുന്നത് രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു. എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി 2014-ലേതിനു സമാനമായ പ്രകടനം കാഴ്ച വയ്ക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. അപ്പോള്‍ ബാക്കി വരുന്നത് യുപിയാണ്.

യുപിയില്‍ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം ബിജെപി 2014-ല്‍ നേടിയ 73 സീറ്റുകള്‍ക്ക് ഇത്തവണ തടയിടും എന്നായിരുന്നു വ്യാപക പ്രചരണം. ഇതിനിടയിലാണ് ഒറ്റയ്ക്ക് മത്സരിക്കുന്നെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നതും പ്രചരണം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് തന്നെ ചുമതല നല്‍കുന്നതും. ഇതോടെ പലയിടത്തും മത്സരം ത്രികോണ മത്സരമായി മാറിയെങ്കിലും മഹാഗഡ്ബന്ധന്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്നും ബിജെപിക്ക് ലഭിക്കുക 20-ഓളം സീറ്റുകള്‍ മാത്രമായിരിക്കും എന്നായിരുന്നു പല തെരഞ്ഞെടുപ്പ് വിദഗ്ധരും പ്രസ്താവിച്ചിരുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പറയുന്നത് തിരിച്ചാണ്.

ഇതില്‍ റിപ്പബ്ലിക്-സിവോട്ടര്‍ സര്‍വെ മാത്രമാണ് മഹാഗഡ്ബന്ധന് ഭൂരിപക്ഷം നല്‍കുന്നത്. ആകെയുള്ള 80 സീറ്റുകളില്‍ 40 സീറ്റുകളാണ്. ബിജെപിക്ക് ഇവിടെ 38 സീറ്റുകളും കോണ്‍ഗ്രസിന് രണ്ടു സീറ്റുകളും പ്രവചിക്കുന്നു.

ടൈംസ്‌നൗ-വിഎംആര്‍ പോള്‍ ആകട്ടെ, 58 സീറ്റുകളാണ് ബിജെപിക്ക് നല്‍കുന്നത്. 20 സീറ്റുകള്‍ മഹാഗഡ്ബന്ധനും രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിനും അവര്‍ നല്‍കുമ്പോള്‍ ന്യൂസ്24-ടുഡെയ്‌സ് ചാണക്യ ബിജെപിക്ക് 65 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. മഹാഗഡ്ബന്ധനാകട്ടെ വെറും 13 സീറ്റുകളും. ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 62-68 സീറ്റുകള്‍ നേടും എന്നാണ്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ കൂടുതല്‍ ആരും നല്‍കുന്നുമില്ല.

Also Read: എക്‌സിറ്റ് പോള്‍ തിരിച്ചടിയില്‍ അമ്പരന്ന് പ്രതിപക്ഷം; അണിയറയില്‍ തിരക്കിട്ട ആലോചനകള്‍

പശ്ചിമ ബംഗാളായിരുന്നു ബിജെപി ലക്ഷ്യമിട്ട മറ്റൊരു സംസ്ഥാനം. തുടക്കം മുതല്‍ക്കെ, മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൊരുക്കുകയും പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി വരെയെത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടായി. ഇതിന്റെ ഒടുവിലാണ് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ കൊല്‍ക്കത്ത റാലിയില്‍ സംഘര്‍ഷമുണ്ടാകുന്നതും ബംഗാള്‍ നവേത്ഥാന നായകരില്‍ ഒരാളായ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്നതും. ഇതിനു പിന്നാലെ വോട്ടെടുപ്പ് ദിവസമായ ഇന്നലെയും ബംഗാളില്‍ സംഘര്‍ഷമുണ്ടായി. ഝാര്‍ഖണ്ഡ്, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ നിന്ന് ബിജെപി ഗുണ്ടകളെ ഇറക്കിയാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. കാര്യമായ പ്രചരണ പരിപാടികള്‍ നടത്തിയെങ്കിലും ഒരു എക്‌സിറ്റ് പോള്‍ പോലും ഇടതു പാര്‍ട്ടികള്‍ക്ക് ബംഗാളില്‍ ഒരു സീറ്റ് പോലും നല്‍കുന്നില്ല. ഒരു സീറ്റാണ് കോണ്‍ഗ്രസിന് മാക്‌സിമം ലഭിക്കാവുന്നതായി സര്‍വെകള്‍ പറയുന്നത്.

ആകെയുള്ള 42 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റുകളാണ് 2014-ല്‍ നേടിയത്. ഇത്തവണയും മമത ബാനര്‍ജി ഈ സീറ്റുകള്‍ നിലനിര്‍ത്തും എന്നു തന്നെയായിരുന്നു വാര്‍ത്തകള്‍. ബിജെപി തുടക്കം മുതല്‍ തങ്ങള്‍ 23 സീറ്റുകള്‍ വരെ നേടുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും എട്ടു സീറ്റുകള്‍ വരെയായിരുന്നു വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അവര്‍ക്ക് പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയുടെ അവകാശവാദം ശരിയാകുന്നു എന്ന വിധത്തിലുള്ള എക്‌സിറ്റ് പോളുകളാണ് ഇന്നലെ പുറത്തു വന്നത്. ആജ്തക് സര്‍വെ ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഏകദേശം തുല്യ സീറ്റുകളാണ് പ്രവചിച്ചിട്ടുള്ളത്. ഇതനുസരിച്ച് തൃണമൂലിന് 19-22 സീറ്റുകളും ബിജെപിക്ക് 19-23 സീറ്റുകളും ലഭിക്കും.

ടുഡെയ്‌സ് ചാണക്യയുടെ കണക്കനുസരിച്ച് തൃണമുല്‍ 23 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിക്ക് 18 സീറ്റാണ് ലഭിക്കുക. ടൈംസ് നൗ-വിഎംആര്‍ പക്ഷേ, 29 സീറ്റുകള്‍ തൃണമൂലിന് നല്‍കുമ്പോള്‍ ബിജെപിക്ക് 11 സീറ്റുകള്‍ മാത്രം നല്‍കുന്നു. രണ്ടു സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപിക്ക് ഇവിടെ ലഭിച്ചത്. ഇത്തവണ വോട്ടു ശതമാനത്തിന്റെ കാര്യത്തിലും ബിജെപി തൃണമൂലിന് ഒപ്പമെത്താന്‍ സാധ്യതയുണ്ടെന്നും സര്‍വെകള്‍ പറയുന്നു.

ഒഡീഷയാണ് തങ്ങള്‍ക്ക് സീറ്റ് വര്‍ധിപ്പിക്കാനായി ബിജെപി നോട്ടമിട്ടിരുന്ന മറ്റൊരു സംസ്ഥാനം. ബംഗാളിനെ ഇളക്കിമറിച്ചു കൊണ്ടാണ് ബിജെപി പ്രചരണമെങ്കില്‍ ഒഡീഷയില്‍ അത് ഏറെക്കുറെ നിശബ്ദമായിരുന്നു. രണ്ടു സീറ്റുകള്‍ വരെ തുടക്കത്തില്‍ പ്രവചിച്ചിരുന്നിടത്ത് ആകെയുള്ള 21 സീറ്റുകളും ബിജെപി നേടും എന്ന വിധത്തിലേക്ക് എത്തി എക്‌സിറ്റ് പോളുകള്‍. കഴിഞ്ഞ തവണ ബിജെഡി 20 സീറ്റുകളും ബിജെപി ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തവണ നേടിയത്.

Also Read: എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ നടക്കുക ആറ് ഉപതെരഞ്ഞെടുപ്പുകള്‍, രണ്ട് സീറ്റില്‍ ബിജെപിക്ക് പ്രതീക്ഷ

ആജ്തക്- ആക്‌സിസ് സര്‍വെ അനുസരിച്ച് നവീന്‍ പട്‌നായിക്കിന്റെ ബിജെഡി ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കില്ല. ബിജെപിക്ക് 15 മുതല്‍ 19 സീറ്റുകള്‍ വരെ പ്രവചിക്കുന്ന ഈ സര്‍വെ കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിക്കാനും സാധ്യതയുള്ളതായി പറയുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വെ അനുസരിച്ച് ബിജെഡിക്ക് എട്ടു സീറ്റുകളും ബിജെപിക്ക് 12 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ്. ന്യൂസ് 24 – ടുഡെയ്‌സ് ചാണക്യ പറയുന്നത് 14 സീറ്റുകള്‍ ബിജെപി നേടുമ്പോള്‍ ബിജെഡി ഏഴു സീറ്റില്‍ ഒതുങ്ങുമെന്നാണ്. റിപ്പബ്ലിക് ടിവി- സി വോട്ടര്‍ സര്‍വെ അനുസരിച്ച് 10 സീറ്റുകള്‍ ബിജെപിക്കും 11 സീറ്റുകള്‍ ബിജെഡിക്കും ലഭിക്കും.

ഈ മൂന്നു സംസ്ഥാനങ്ങള്‍- യുപി, ബംഗാള്‍, ഒഡീഷ എന്നിവ ചേര്‍ത്താല്‍ ആകെ 143 സീറ്റുകളാണുള്ളത്. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് എന്നു കാണാം. യുപിയില്‍ മഹാഗഡ്ബന്ധന്‍ ഭീഷണിയേയും ബഗാളില്‍ മമതയേയും നേരിട്ടുകൊണ്ട് ബിജെപി ഇവിടങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കും എന്നാണ് സര്‍വെകള്‍ കാണിക്കുന്നത്. ഇതിനു പുറമെയാണ ഒഡീഷയില്‍ നിന്ന് ലഭിക്കുന്നതും.

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ഉണ്ടായിട്ടു പോലും ബിജെപി-ജെഡി(യു) നേതൃത്വത്തിലുള്ള സഖ്യം വലിയ നേട്ടമായിരിക്കും ബിഹാറില്‍ ഉണ്ടാക്കുക എന്നും സര്‍വെകള്‍ പറയുന്നു. ആജ്തക്-ആക്‌സിസ് സര്‍വെ 38-40 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്ക് നല്‍കുമ്പോള്‍ 0 മുതല്‍ രണ്ടു സീറ്റുകള്‍ വരെയാണ് യുപിഎയ്ക്ക് നല്‍കുന്നത്. റിപ്പബ്ലിക് ടിവി – സീവോട്ടര്‍ സര്‍വെയാകട്ടെ, 33 സീറ്റുകള്‍ എന്‍ഡിഎയ്ക്കും ഏഴു സീറ്റുകള്‍ യുപിഎയ്ക്കും ലഭിക്കുമെന്ന് പറയുന്നു. ന്യൂസ്24-ടുഡെയ്‌സ് ചാണക്യയുടെ കണക്കനുസരിച്ച് എന്‍ഡിഎയ്ക്ക് 32 സീറ്റുകളും യുപിഎയ്ക്ക് എട്ടു സീറ്റുകളും പ്രവചിക്കുമ്പോള്‍ ടൈംസ് നൗ-വിഎംആര്‍ സര്‍വെ 30 സീറ്റുകള്‍ എന്‍ഡിഎയ്ക്കും 10 സീറ്റുകള്‍ യുപിഎയ്ക്കും നല്‍കുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇത്തവണ നടത്തുമെന്നാണ് ചില എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപി ആവിഷ്‌കരിച്ച പദ്ധതികള്‍ വിജയം കണ്ടു എന്നതിന്റെ കൂടി തെളിവാണ് ആ കണക്കുകള്‍ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also Read: കാസര്‍കോഡ് ഉണ്ണിത്താന് അട്ടിമറി വിജയമെങ്കില്‍ സംഭവിച്ചിരിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെ? അടിതെറ്റി സിപിഎം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍