UPDATES

എക്‌സിറ്റ് പോളുകള്‍ പലതും പറയും, അമിത് ഷായും കണക്കുകള്‍ കൂട്ടുന്ന തിരക്കിലാണ്

തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അമിത് ഷാ ഊന്നിപ്പറഞ്ഞ ഒരു കാര്യവും സഖ്യകക്ഷികളുടെ പ്രാധാന്യമാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് രണ്ടു ദിവസം കഴിയുന്ന സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ തിരക്കിട്ട കരുനീക്കങ്ങള്‍. നാളെ കഴിഞ്ഞ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ഏതു സാഹചര്യവും നേരിടാനുള്ള നീക്കങ്ങളാണ് നരേന്ദ്ര മോദി-അമിത് ഷാ സഖ്യവും കോണ്‍ഗ്രസ്-യുപിഎ കക്ഷികളും മഹാഗഡ്ബന്ധനും നടത്തുന്നത്. എക്‌സിറ്റ് പോളുകള്‍ ഭൂരിഭാഗവും എന്‍ഡിഎയ്ക്ക് മികച്ച ഭൂരിപക്ഷം പ്രവചിച്ചിട്ടും ഇരു ക്യാമ്പിലും ആ ആത്മവിശ്വാസം ഇല്ലെന്ന കാര്യവും ചര്‍ച്ചകളുടെ പശ്ചാത്തലത്തിലുണ്ട്.

അമിത് ഷാ ഇന്ന് എന്‍ഡിഎ ഘടകകക്ഷികള്‍ക്കായി വിരുന്ന് ഒരുക്കുന്നുണ്ട്. 300-ന് മുകളില്‍ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് 2014-ലേതു പോലെ ബിജെപി തനിച്ച് മറികടക്കുമെന്നും മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുമ്പോള്‍ രണ്ട് എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ചു പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപി എല്ലാക്കാലത്തും സഖ്യകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടിയാണെന്നും രൂപീകരിക്കുന്നത് ബിജെപി സര്‍ക്കാരല്ല, മറിച്ച് എന്‍ഡിഎ സര്‍ക്കാരാണെന്ന് പാര്‍ട്ടി നേതാക്കള്‍ എക്‌സിറ്റ് പോളിനു ശേഷവും വ്യക്തമാക്കുന്നതും ചെറുകക്ഷികളെ ഉറപ്പിച്ചു നിര്‍ത്താതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞേക്കില്ല എന്ന സൂചനയിലാണ്.

Also Read: ‘പുറത്തു നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നു’; തിരിമറി നടത്താന്‍ ശ്രമമെന്നാരോപിച്ച് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും സംഘര്‍ഷം

ബിജെപിക്ക് ഇത്തവണ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് തുടക്കം മുതല്‍ പ്രചാരണമുള്ള യുപിയില്‍ നിന്നുള്ള എക്‌സിറ്റ് പോളുകളുടെ കാര്യത്തിലും ഈ ഉറപ്പില്ലായ്മ നിലനില്‍ക്കുന്നുണ്ട്. നാലിലേറെ എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് ആകെയുള്ള 80 സീറ്റില്‍ 60-ലേറെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ രണ്ട് എക്‌സിറ്റ് പോളുകള്‍ ബിജെപിയുടെ സീറ്റ് നില 30-നോട് അടുത്തായിരിക്കുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 73 സീറ്റുകളാണ് ബിജെപി യുപിയില്‍ നേടിയത്. അതായത്, ഇത്തവണ സീറ്റ് നില 30-ലേക്ക് താഴ്ന്നാല്‍ ഇവിടെ മാത്രം ബിജെപിക്ക് കുറവു വരുന്നത് 43 സീറ്റുകളാണ്. അങ്ങനെയാകുമ്പോള്‍ ബിജെപിയുടെ കഴിഞ്ഞ തവണത്തെ സീറ്റു നിലയായ 282-ല്‍ നിന്ന് അത് 239 ആയി കുറയും. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കഴിഞ്ഞ തവണ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ ഇവിടെ 12-ഓളം സീറ്റുകള്‍ നഷ്ടമാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. എന്നാല്‍ രാജസ്ഥാനില്‍ ഒഴിച്ച് ഈ സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോളുകളില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ചു പറയുമ്പോള്‍ കണക്കുകൂട്ടലുകള്‍ മുറുകുന്നത് ബിജെപി ക്യാമ്പില്‍ കൂടിയാണ്. ഇനി 12 സീറ്റുകള്‍ മാത്രമേ ഈ സംസ്ഥാനങ്ങളില്‍ നിന്ന് നഷ്ടപ്പെടൂ എന്നാണെങ്കില്‍ പോലും ബിജെപിയുടെ സീറ്റ് നില 227-ലേക്ക് താഴും. കേവല ഭൂരിപക്ഷത്തിന് 45 സീറ്റുകളുടെ കുറവ്.

ഈ സീറ്റുകള്‍ പക്ഷേ, ഒഡീഷ, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുണ്ടാക്കുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്. അതായത്, എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 സീറ്റുകളില്‍ നിന്നായി ബിജെപി കഴിഞ്ഞ തവണ നേടിയത് എട്ടു സീറ്റാണെങ്കില്‍ ഇത്തവണ അത് 18-20 സീറ്റായി വര്‍ധിച്ചേക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. അസമില്‍ മാത്രം ആകെയുള്ള 14 സീറ്റില്‍ 12 എണ്ണം വരെ ബിജെപിക്ക് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളുണ്ട്. അസമിലെ 14 എണ്ണത്തിനു പുറമെ രണ്ടു സീറ്റ് വീതം അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര മണിപ്പൂര്‍, ഒരു സീറ്റ് വീതം സിക്കിം, നാഗാലാന്‍ഡ്, മിസോറാം എന്നിങ്ങനെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സീറ്റ് നില. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം ഈ കണക്ക് ശരിയല്ലെന്നും എട്ടു സീറ്റുകളില്‍ കൂടുതല്‍ ബിജെപിക്ക് ഇവിടെ നിന്ന് ലഭിക്കില്ലെന്നും പറയുമ്പോഴും ബദല്‍ പദ്ധതികള്‍ ബിജെപി ക്യാമ്പില്‍ ഒരുക്കേണ്ടതുണ്ട്. ഇനി 18 സീറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സീറ്റ് നില 227-ല്‍ നിന്ന് 237 ആയി വര്‍ധിക്കും. കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളുടെ കുറവ്.

Also Read: എക്സിറ്റ് പോള്‍: ഇത്രയൊക്കെയായിട്ടും, എന്താവും ജനങ്ങള്‍ മോദിയില്‍ വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നത്?

ഒഡീഷയിലെ 21 സീറ്റുകളില്‍ ഭൂരിഭാഗവും ബിജെപി നേടുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ ഉണ്ടെങ്കിലും 10 മുതല്‍ 12 സീറ്റുകള്‍ ഭരണകക്ഷിയായ ബിജെഡിക്ക് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളും ഉണ്ടായിരുന്നു. ഇവിടെ നിന്ന് ബിജെപിക്ക് കുറഞ്ഞത് 10 സീറ്റ് ലഭിച്ചാല്‍ സീറ്റ് നില 247-ലേക്ക് ഉയരും. കേവല ഭൂരിപക്ഷത്തിന് 25 സീറ്റുകളുടെ കുറവ്. ബംഗാളാണ് ബിജെപി തങ്ങളുടെ കുറവ് നികത്താന്‍ ശ്രമിക്കുന്ന മറ്റൊരു സംസ്ഥാനം. 42 സീറ്റില്‍ 22 എണ്ണം വരെ ബിജെപി നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് സര്‍വെ പ്രവചിക്കുമ്പോള്‍ എട്ടു സീറ്റ് വരെ മാത്രമേ ബിജെപിക്ക് ലഭിക്കൂ എന്നു പറയുന്ന സര്‍വെകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത് 11-12 സീറ്റുകളെങ്കിലും തങ്ങള്‍ ഇത്തവണ ബംഗാളില്‍ നേടുമെന്നാണ്. ഇങ്ങനെയാകുമ്പോള്‍ സീറ്റ് നില 259 ആയി ഉയരും. കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകള്‍ അകലെ. ബിഹാറില്‍ കഴിഞ്ഞ തവണ 22 സീറ്റില്‍ വിജയിച്ചുവെങ്കില്‍ ഇത്തവണ മത്സരിച്ചത് 17 സീറ്റിലാണ്. ഈ 17 സീറ്റിലും ബിജെപി വിജയിക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നതും. അപ്പോഴും അഞ്ചു സീറ്റിന്റെ കുറവ് ഇവിടെ ഉണ്ടാകും എന്നതിനാല്‍ സീറ്റ് നിലയില്‍ വീണ്ടും കുറവു വരും.

പക്ഷേ, ഏറ്റവും മോശമായ സാഹചര്യത്തിലും ബിജെപി തനിച്ചുള്ള കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തുന്ന സാഹചര്യം ഉണ്ടെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇതിനു പുറമെയാണ് ജെഡി (യു), ശിവസേന, അകാലിദള്‍, എഐഎഡിഎംകെ തുടങ്ങിയ സഖ്യകക്ഷികളും അനേകം ചെറു കക്ഷികളും ഉള്‍പ്പെട്ട എന്‍ഡിഎ കൂട്ടായ്മയ്ക്ക് ലഭിക്കുന്ന സീറ്റുകള്‍. ജെഡി(യു) ഇത്തവണ സീറ്റ് നില വര്‍ധിപ്പിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുമ്പോള്‍ ശിവസേനയ്ക്ക് 22 സീറ്റുകള്‍ വരെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന സാഹചര്യത്തിലും 300-നടുത്ത് സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളിലെ കണക്കുകള്‍ പറയുന്നത്.

Also Read: എക്സിറ്റ് പോളിലെ ബിജെപി കുതിപ്പിന് നിര്‍ണായകമായത് ഈ സംസ്ഥാനങ്ങള്‍

ഇതെല്ലാം, മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളിലേതു പോലെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായില്ലെങ്കില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് എന്നതാണ് ബിജെപി നേതൃത്വത്തെയും തെല്ല് ആശങ്കപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അമിത് ഷാ ഊന്നിപ്പറഞ്ഞ ഒരു കാര്യവും സഖ്യകക്ഷികളുടെ പ്രാധാന്യമാണ്. അതുകൊണ്ടു തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടി ഉണ്ടായാലും എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ ആവശ്യമായ സീറ്റുകള്‍ ഉറപ്പിക്കുന്ന തിരക്കിലാണ് ബിജെപി നേതൃത്വം. യുപിഎയുടെ ഭാഗമായി നില്‍ക്കാത്ത ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക്ക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, വൈഎസ്ആര്‍പി നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരില്‍ അമിത് ഷാ കണ്ണൂന്നന്നതിന്റെ കാരണവും ഇതു തന്നെയാണ്. ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര ഇത്തവണ തൂത്തു വാരുമെന്ന് രണ്ട് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കാണ് രണ്ട് എക്‌സിറ്റ് പോളുകള്‍ ഭൂരിപക്ഷം നല്‍കുന്നത്. എങ്കില്‍ പോലും 25 സീറ്റുകളില്‍ 10 സീറ്റ് എങ്കിലും നേടിയാലും ജഗന്‍മോഹന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ചന്ദ്രശേഖര്‍ റാവു തന്റെ പിന്തുണയ്ക്ക് ഉപപ്രധാനമന്ത്രി പദം അടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. തെലങ്കാനയിലെ 17 സീറ്റില്‍ 15 എണ്ണമെങ്കിലും കെസിആര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. നവീന്‍ പട്‌നായിക്ക് പത്തിനു മുകളില്‍ സീറ്റുകള്‍ നേടുന്ന സാഹചര്യമുണ്ടായാല്‍ അതും എന്‍ഡിഎയിലേക്ക് മുതല്‍ക്കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി.

Also Read: എക്‌സിറ്റ് പോള്‍ തിരിച്ചടിയില്‍ അമ്പരന്ന് പ്രതിപക്ഷം; അണിയറയില്‍ തിരക്കിട്ട ആലോചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍