UPDATES

ഞാനൊരു ശാസ്ത്രവിദ്യാർത്ഥി; എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്നില്ല: സഖ്യം പരാജയപ്പെട്ടതിനെക്കുറിച്ച് അഖിലേഷ്

“ഞാൻ മൈസൂരിൽ എൻജിനീയറിങ് ആണ് പഠിച്ചത്.”

ബിഎസ്‌പി-എസ്‌പി സഖ്യത്തിന്റെ പരാജയത്തെക്കുറിച്ച് വിശദമായി പ്രതികരിച്ച് അഖിലേഷ് യാദവ്. എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഞാൻ മൈസൂരിൽ എൻജിനീയറിങ് ആണ് പഠിച്ചത്. ഒരു ശാസ്ത്രവിദ്യാർത്ഥിയെന്ന നിലയിൽ എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്നില്ല എന്നെനിക്ക് പറയാൻ കഴിയും.” -അഖിലേഷ് പറഞ്ഞു.

വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഎസ്പി തീരുമാനിച്ചിട്ടുള്ളത്. മായാവതിയിൽ നിന്നും തോറ്റതിന്റെ പഴി കേൾക്കുകയാണ് അഖിലേഷ്. യാദവവോട്ടുകൾ സഖ്യത്തിന് അനുകൂലമാക്കാന്‍ അഖിലേഷിന് സാധിച്ചില്ലെന്നാണ് മായാവതി പറയുന്നത്. അതേസമയം അഖിലേഷുമായി തനിക്കുന്നുള്ള ബന്ധം കക്ഷി രാഷ്ട്രീയത്തിലൊതുങ്ങുന്നതല്ലെന്നും മായാവതി പറയുകയുണ്ടായി. എസ്പി – ബിഎസ്പി സഖ്യം നിലവില്‍ വന്നതിന് ശേഷം അഖിലേഷും ഡിംപിളും തനിക്ക് വളരെയധികം ബഹുമാനം നല്‍കിയിട്ടുണ്ട് എന്നും മായാവതി പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഞാന്‍ എസ് പിയുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു. അവര്‍ക്ക് തിരിച്ചും ബഹുമാനം നല്‍കി. ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നില്ല. അത് എന്നും തുടരുമെന്നും മായാവതി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ സീറ്റുകളിലും എസ്‌പിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറി മത്സരിക്കാനുള്ള തന്റെ തീരുമാനം താൽക്കാലികമാണെന്നു കൂടി മായാവതി പറഞ്ഞിരുന്നു. സഖ്യത്തിൽ നിന്നുള്ള പിന്മാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു വേണ്ടി മാത്രമാണ്. സമാജ്‌വാദി പാർട്ടി തങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തുകയാണെങ്കിൽ മാത്രമേ സഖ്യം ചേരുന്നതിൽ അർത്ഥമുള്ളൂ എന്ന സൂചനയും മായാവതി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌പി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന പരാതി ബിഎസ്പിക്കുണ്ട്. ബിഎസ്പിക്ക് 10 സീറ്റും എസ്പിക്ക് 5 സീറ്റുമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.

“ഭാവിയിൽ അഖിലേഷ് തന്റെ രാഷ്ട്രീയ നീക്കങ്ങളിൽ വിജയം കാണുകയാണെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാം. ഇല്ലെങ്കിൽ വേറിട്ട് നിൽക്കുന്നതാണ് നല്ലത്. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഞങ്ങളുടെ തീരുമാനം,” -മായാവതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍