UPDATES

സയന്‍സ്/ടെക്നോളജി

ഫെയ്‌സ്ബുക്ക് ഡാറ്റാ ചോര്‍ച്ച: സ്വകാര്യതാ സംരക്ഷണത്തിന് ഇന്ത്യക്ക് നിയമം ആവശ്യമാണ്‌

ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ മൂന്നാം കക്ഷികള്‍ക്കും മറ്റ് ആപ്പുകള്‍ക്കും ലഭ്യമാകുന്നത് തടയുന്ന തരത്തില്‍ ഫെയ്‌സ്ബുക്കിന്റെ ഡാറ്റാ പങ്കുവെയ്ക്കല്‍ നയത്തിലെ മാറ്റങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ ഇതിനകം തന്നെ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുപോയവര്‍ക്ക് അതാശ്വാസം നല്‍കുന്നില്ല

തങ്ങളുടെ സാമൂഹ്യ ശൃംഖല ഉപയോഗിക്കുന്ന ഏതാണ്ടെല്ലാ ഉപയോക്താക്കളുടെയും വിവരങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍ ആശങ്കാജനകമാണ്. അതായത് രണ്ടു ബില്ല്യണ്‍ പേരുടെ വിവരങ്ങള്‍ അത് അറിയാനുള്ള അനുമതിയില്ലാത്ത ആളുകള്‍ കൈക്കലാക്കിയിരിക്കാം എന്നതിനുള്ള സാധ്യതയാണ് ഉള്ളത്. ഇതേ ദിവസം പുറത്തുവന്ന മറ്റ് രണ്ടു വെളിപ്പെടുത്തലുകള്‍ ഇതോടെ ചെറുതായിപ്പോയതാണ്; രാഷ്ട്രീയ ഉപദേശക സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക മുമ്പ് കരുതിയ പോലെ 50 ദശലക്ഷം ആളുകളുടേയല്ല 87 ദശലക്ഷം പേരുടെ വിവരങ്ങളാണ് കൈക്കലാക്കിയത്. ഇതില്‍ 6,00,000 പേര്‍ ഇന്ത്യക്കാരാണ്.
ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ അടിച്ചുകൊടുത്താല്‍ ആളുകളുടെ ഫെയ്‌സ്ബുക് വിവരങ്ങള്‍ കിട്ടുന്ന സൗകര്യം ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് ഈ വലിയ പ്രശ്‌നത്തെ വെളിപ്പെടുത്തവെ കമ്പനി പറഞ്ഞത്. ഈ വിവരങ്ങള്‍ ഫെയ്‌സ്ബുക് ഉപയോഗിച്ചിരുന്നു എന്നത് എല്ലാക്കാലത്തും അറിയാവുന്നതായിരുന്നു. ഈ വിവരങ്ങള്‍ വെച്ചുള്ള പരസ്യതന്ത്രത്തിലായിരുന്നു കമ്പനിയുടെ വ്യാപാര മാതൃക. ഇത് മറ്റുള്ളവര്‍ക്ക് ഇത്രയെളുപ്പം പ്രാപ്യവും ദുരുപയോഗം ചെയ്യാന്‍ കഴിയുന്നതുമാണെന്ന വിവരം പലര്‍ക്കും ഒരു ഞെട്ടലാണ്.

കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ വേറെയുമുണ്ട്. ഇതാദ്യമായി ഏത് തരത്തിലുള്ള വിവരങ്ങള്‍, ആരുമായാണ് ഫെയ്‌സ്ബുക്ക് പങ്കുവെക്കുന്നത് എന്നു പുറത്തുവന്നിരിക്കുന്നു. തങ്ങളുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ് പോലുള്ളവയുമായി ഈ വിവരങ്ങള്‍ എങ്ങനെയാണ് പങ്കുവെക്കുന്നതെന്നും. എന്തൊക്കെയാണ് അവര്‍ ശേഖരിക്കുന്നത്, പങ്കുവെക്കുന്നത് എന്നത് സംബന്ധിച്ച കൃത്യം വിവരങ്ങളാണ് വന്നത് (ഉപകരണങ്ങളില്‍ ശേഖരിക്കുന്ന വിവരങ്ങളടക്കം).

വെളിപ്പെടുത്തലിനൊപ്പം ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ മൂന്നാം കക്ഷികള്‍ക്കും മറ്റ് ആപ്പുകള്‍ക്കും ലഭ്യമാകുന്നത് തടയുന്ന തരത്തില്‍ ഫെയ്‌സ്ബുക്കിന്റെ ഡാറ്റാ പങ്കുവെയ്ക്കല്‍ നയത്തിലെ മാറ്റങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ ഇതിനകം തന്നെ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുപോയവര്‍ക്ക് അതാശ്വാസം നല്‍കുന്നില്ല. വെറുതെ ഫോണ്‍ നമ്പര്‍ അടിച്ചാല്‍ ഇനി പ്രൊഫൈല്‍ വിവരങ്ങള്‍ ലഭ്യമാകില്ല എന്നാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പറയുന്നത്.

ബുധനാഴ്ച്ചത്തെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് സ്വകാര്യത വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതില്‍ ഫെയ്‌സ്ബുക്ക് എത്ര അലംഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത് എന്നാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. ഇതിലെ സെറ്റിംഗ് മാറ്റാന്‍ വളരെ പാടാണെന്നുള്ളത് മറ്റൊരു കാര്യം. കേംബ്രിഡ്ജ് അന്നലിറ്റിക്കയുടെ ഡാറ്റാ ചോര്‍ത്തല്‍ 2015 ല്‍ തന്നെ ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നു എന്നും ഈ വിഷയത്തിലെ കമ്പനിയുടെ അലസമായ പ്രതികരണത്തെയാണ് കാണിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഈ വിവരങ്ങള്‍ നല്‍കുന്ന സന്ദേശം സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ സമഗ്രമായ ഒരു നിയമം നമുക്കാവശ്യമുണ്ട് എന്നാണ്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍