UPDATES

ചൈനീസ് ആപ്പ് പോസ്റ്റ് ചെയ്ത 11,000 രാഷ്ട്രീയ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു

ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ഹെലോ.

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘ഹെലോ’ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 11,000 രാഷ്ട്രീയ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു. ആരാണ് പരസ്യദാതാവ് എന്നത് വ്യക്തമാക്കാതെയാണ് ഹെലോയുടെ പരസ്യങ്ങളെല്ലാം. രാഷ്ട്രീയ നേതാക്കളെയും പാർട്ടികളെയും, ദേശീയപ്രാധാന്യമുള്ള വിഷയങ്ങളെയും ഈ പരസ്യങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ പതിനാല് ഭാഷകളിൽ ഹെലോ ആപ്പ് ലഭ്യമാണ്.

ഇത്രയധികം പരസ്യങ്ങൾ ഒരേസമയം ഫേസ്ബുക്ക് നീക്കം ചെയ്യുന്നത് അപൂർവ്വമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ രാഷ്ട്രീയ പരസ്യങ്ങൾ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫേസ്ബുക്കും ട്വിറ്ററും ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയത്തിന് കമ്മീഷൻ കത്തെഴുതുകയും ചെയ്തിരുന്നു.

ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ഹെലോ. ഇതേ കമ്പനി തന്നെയാണ് ടിക്ടോക് ആപ്ലിക്കേഷന്റെയും ഉടമ. 2016 സെപ്തംബറില്‍ പ്രവർത്തനം തുടങ്ങിയ ടിക്ടോക് ലോകമെങ്ങും വൻ ബിസിനസ്സ് സാന്നിധ്യമായതിനു പിന്നാലെയാണ് ഹെലോ എന്ന പേരിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ തുടങ്ങുന്നത്. വൻതോതിലുള്ള പരസ്യപ്രചാരണങ്ങൾ ഈ ആപ്ലിക്കേഷൻ നടത്തിവരുന്നുണ്ട്. കൗമാരക്കാരെ കേന്ദ്രീകരിച്ചാണ് ടിക്ടോക് ആപ്ലിക്കേഷൻ വളർച്ച പ്രാപിച്ചത്. സമാനമായ നയമാണ് ഹെലോ ആപ്ലിക്കേഷനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി വളരാൻ പിന്തുടരുന്നത്. ബൈറ്റ്ഡാൻസിന്റെ തന്നെ ഉടമസ്ഥതയിലുള്ള വീഗോ വീഡിയോയുടെ അമ്പതോളം പരസ്യങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

നീക്കം ചെയ്യപ്പെട്ട 11000 പരസ്യങ്ങൾക്കായി ഏതാണ്ട് 7.7 കോടി രൂപ ഹെലോ ആപ്പ് ചെലവഴിച്ചിട്ടുണ്ട്.

നേരത്തെ ഹെലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വരുന്ന വ്യാജവാർത്തകളെക്കുറിച്ച് റിപ്പോർട്ടുകള്‍ വന്നിരുന്നു. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ നാലാമത്തെ പാർട്ടിയായി ബിബിസി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ തെരഞ്ഞെടുത്തെന്ന വ്യാജവാർത്ത ഹെലോ പ്രചരിപ്പിച്ചതിനെക്കുറിച്ച് 2018 നവംബർ 14ന് ഹിന്ദുസ്ഥാൻ‌ ടൈംസിൽ വന്ന വാർത്ത പറയുന്നു. രാമക്ഷേത്രം നിർമിക്കണമെന്ന് സുപ്രീംകോടതി പറയുകയാണെങ്കിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ അതിനെതിരെ ഓർഡിനന്‍സ് കൊണ്ടുവരുമെന്ന് പറയുന്ന കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ പറയുന്നതായുള്ള ഒരു വ്യാജവാർത്തയും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത്തരമൊരു പ്രസ്താവന കപിൽ സിബൽ നടത്തിയിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍