UPDATES

ട്രെന്‍ഡിങ്ങ്

രാമജന്മ ഭൂമി ന്യാസ് ആണോ അയോധ്യ ‘തര്‍ക്കരഹിത’ ഭൂമിയുടെ ഉടമസ്ഥര്‍? എന്താണ് വസ്തുത?

ഈ ഭൂമിയുടെ യഥാര്‍ത്ഥ ഉടമ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആണെന്ന വസ്തുത മറച്ചുവച്ചാണ് രാമജന്മഭൂമി ന്യാസ് ആണ് ഭൂമിയുടെ ഉടമസ്ഥര്‍ എന്ന് കോടതിയില്‍ വാദിക്കുന്നത്.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ അജണ്ടകളെ പിന്തുണക്കും വിധം തര്‍ക്കരഹിത ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നു. രാമജന്മ ഭൂമി ന്യാസ് ആണ് ഈ 67 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥര്‍ എന്നാണ് സര്‍ക്കാരിന്റെ വാദം. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാമക്ഷേത്ര നിര്‍മ്മാണം സജീവ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി നിര്‍ത്താനാണ് കേന്ദ്രം ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം സംബന്ധിച്ച് മാത്രമാണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ തമ്മില്‍ തര്‍ക്കമുള്ളതെന്നും ബാക്കി ഭൂമി വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ പല വസ്തുതകളും മറച്ചുവച്ചാണ് കേന്ദ്ര സര്‍ക്കാരിന്റ ഹര്‍ജിയെന്ന് ദ സ്‌ക്രോള്‍ ചൂണ്ടിക്കാട്ടുന്നു.

1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് തര്‍ക്കരഹിതഭൂമി വിട്ടുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 2010ലെ അലഹബാദ് ഹൈക്കോടതി വിധിയോടെ അയോധ്യ ഭൂമിയില്‍ തല്‍സ്ഥിതി തുടരാനുള്ള 2003ലെ സുപ്രീം കോടതി ഉത്തരവ് അപ്രസക്തമായെന്നും സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗം ബഞ്ചിന്റെ പരിഗണനയയില്‍ തുടരുന്നതിനാല്‍ 2003ലേയും 2011ലേയും വിധികള്‍ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്രം മറച്ചുവയ്ക്കുന്ന പ്രധാന വസ്തുതകളിലൊന്ന് ഈ ‘തര്‍ക്കരഹിത’ ഭൂമി എങ്ങനെ രാമജന്മഭൂമി ന്യാസിന്റെ കൈവശം വന്നു എന്നതാണ്. 42 ഏക്കര്‍ ഭൂമി 1992 മാര്‍ച്ചില്‍ യുപിയിലെ അന്നത്തെ ബിജെപി സര്‍ക്കാര്‍ രാമജന്മഭൂമി ന്യാസിന് പാട്ടത്തിന് നല്‍കുകയായിരുന്നു എന്ന് ഭരണഘടനാ വിദഗ്ധനായ എജി നൂറാനി ചൂണ്ടിക്കാട്ടുന്നു.

രാംകഥ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി ടൂറിസം വകുപ്പാണ് ഈ ഭൂമി ന്യാസിന് പാട്ടത്തിന് നല്‍കിയത്. പാട്ടഭൂമിയായ ഇവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത് പാട്ടക്കരാര്‍ ലംഘനമാകും. ഇപ്പറഞ്ഞ 42 ഏക്കര്‍ ഭൂമിയില്‍ ഒരു ഏക്കര്‍ മാത്രമേ രാമജന്മഭൂമി ന്യാസിന്റെ ഉടമസ്ഥതയിലുള്ളൂ എന്നാണ് 2002ല്‍ പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയ് ലോക്‌സഭയില്‍ അറിയിച്ചത്. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എസ് ബി ചവാനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച ധവളപത്രവും ഇക്കാര്യം വ്യക്തമാക്കുന്നു.

ഈ ഭൂമിയുടെ യഥാര്‍ത്ഥ ഉടമ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആണെന്ന വസ്തുത മറച്ചുവച്ചാണ് രാമജന്മഭൂമി ന്യാസ് ആണ് ഭൂമിയുടെ ഉടമസ്ഥര്‍ എന്ന് കോടതിയില്‍ വാദിക്കുന്നത്. ഈ ഭൂമി പാട്ടത്തിന് കിട്ടിയതിന് പിന്നാലെ രാമജന്മഭൂമി ന്യാസും വിശ്വ ഹിന്ദു പരിഷദും (വിഎച്ച്പി) ചെയ്തത് പരിസരത്തുള്ള ചില ചെറിയ ക്ഷേത്രങ്ങളും ഒരു മുസ്ലീം ശ്മശാനവും തകര്‍ക്കുകയാണ് എന്ന് 2002 മാര്‍ച്ചില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എസ്ആര്‍ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ദേശീയോദ്ഗ്രഥന കൗണ്‍സില്‍ 1992ല്‍ സമര്‍പ്പിച്ച അയോധ്യ ഭൂമി തര്‍ക്ക കേസ് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു – ബാബറി മസ്ജിദിന്റെ മൂന്ന് ഭാഗത്തും വളരെ പുരാതനമായവ ഉള്‍പ്പടെ ആയിരക്കണക്കിന് ശവക്കല്ലറകളുണ്ട്. ഖാസി കിദ്വായുടേതടക്കമുള്ളവ. 1992 മാര്‍ച്ച് 20ന് നിരവധി ശവക്കല്ലറകള്‍ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തു. ഈ റിപ്പോര്‍ട്ടുകളും രേഖകളും വ്യക്തമാക്കുന്നത് തര്‍ക്കഭൂമിയില്‍ അനധികൃതമായി രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കാനുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍