UPDATES

ഇന്ത്യ

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവില്‍ കര്‍ഷക ജീവിതം ദുരിതപൂര്‍ണം; കിസാന്‍ സഭാ നേതാക്കള്‍ മാന്ദ്‌സോറില്‍

നോട്ട് നിരോധനം പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. അനാവശ്യമായി ഗോതമ്പും പയറുവര്‍ഗങ്ങളും ഇറക്കുമതി ചെയ്തത് ഉള്‍പ്പടെയുള്ള തെറ്റായ നയങ്ങളും വിലയിടിവിന് കാരണമായിട്ടുണ്ട്.

മദ്ധ്യപ്രദേശിലെ മാന്ദ്‌സോറില്‍ പൊലീസ് വെടിവയ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ ജനകീയ പ്രക്ഷോഭം ശക്തമാക്കിയിരിക്കെ സ്ഥലം സന്ദര്‍ശിച്ച കിസാന്‍ സഭാ നേതാക്കള്‍ പ്രദേശത്തെ കാര്‍ഷിക പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിവിധ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുണ്ടായിരിക്കുന്നത് കനത്ത വിലയിടിവാണ്. മിക്ക വിളകള്‍ക്കും 60 ശതമാനത്തോളം വിലയിടിവ്. നോട്ട് നിരോധനം പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. അനാവശ്യമായി ഗോതമ്പും പയറുവര്‍ഗങ്ങളും ഇറക്കുമതി ചെയ്തത് ഉള്‍പ്പടെയുള്ള തെറ്റായ നയങ്ങളും വിലയിടിവിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 5000 മുതല്‍ 6000 രൂപ വരെ വിലയുണ്ടായിരുന്ന സൊയാബീന്‍ 2200 മുതല്‍ 2400 രൂപ വരെ മാത്രമാണ് ഇപ്പോള്‍ വില കിട്ടുന്നത്. ക്വിന്റലിന് 9000 മുതല്‍ 10000 രൂപ വരെ വിലയുണ്ടായിരുന്ന കടലയ്ക്ക് വില 4000 രൂപ മാത്രം. 1900 മുതല്‍ 2000 രൂപ വരെ വിലയുണ്ടായിരുന്നത് 1200ലേയ്ക്ക് താഴ്ന്നു. മിനിമം താങ്ങുവില ക്വിന്റലിന് 1625 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിട്ടില്ല. ഈ വഴി കടന്നുപോയ എംപിയും എംഎല്‍എയും മന്ത്രിയുമൊന്നും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. വലിയ പൊലീസ് സന്നാഹമാണ് ഇവിടെയുള്ളത്. കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതി വ്യാപകമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരം ഒരു തരത്തിലും നല്‍കാനാവില്ലെന്നാണ് ജില്ല കളക്ടര്‍ പറയുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കുക, കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്ക എന്നീ ആവശ്യങ്ങള്‍ കിസാന്‍ സഭ മുന്നോട്ട് വച്ചിട്ടുണ്ട്. കാര്‍ഷിക വായ്പ എഴുതി തള്ളുന്നതിന്റെ എല്ലാ ബാദ്ധ്യതയും സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിലപാടിനെ കിസാന്‍ സഭാ നേതാക്കള്‍ വിമര്‍ശിച്ചു. ജൂണ്‍ 16ന് ധനമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും കോലം കത്തിച്ചുകൊണ്ട് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല, പ്രസിഡന്റ് അമ്രാ റാം, സിപിഎം രാജ്യസഭാ എംപി സോമപ്രസാദ്, കിസാന്‍ സഭ ജോയിന്‍റ് സെക്രട്ടറി വിജു കൃഷ്ണന്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് മാന്ദ്‌സോറിലെത്തി കര്‍ഷകരെ സന്ദര്‍ശിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍