UPDATES

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയാല്‍ കര്‍ഷകപ്രശ്‌നങ്ങള്‍ അവസാനിക്കുമോ? പി സായ്‌നാഥ് പറയുന്ന കാര്യങ്ങള്‍

സര്‍ക്കാരുകള്‍ നിരത്തുന്ന ശൂന്യമായ കണക്കുകളും കൂറ്റന്‍ പരസ്യങ്ങളും കാര്‍ഷിക മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഒരിക്കലും വെളിച്ചത്ത് കൊണ്ടുവരില്ല

ഗ്രാമീണ ഇന്ത്യയുടെ പ്രശ്‌നങ്ങളെ കുറിച്ച് പി സായിനാഥിനോളം അടുത്തറിഞ്ഞ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ നമുക്കുണ്ടാകില്ല. ഇപ്പോള്‍ കാര്‍ഷിക മേഖലയാകെ പലവിധ പ്രതിസന്ധികളില്‍ പെട്ടുഴലുമ്പോള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. പ്രത്യേകിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വയ്ക്കാനുള്ള ബഹുവിധ പദ്ധതികള്‍ നടപ്പിലാക്കുകയും കന്നുകാലി വിപണനത്തിന് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഇന്ന്‌ത്തെ സ്ഥിതിയില്‍ മിക്ക സംസ്ഥാനങ്ങളിലും കര്‍ഷക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍. ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ സായിനാഥിന്റെ പുതിയ സംഘടനയായ പീപ്പിള്‍സ് ആര്‍ക്കൈവ് ഫോര്‍ റൂറല്‍ ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം തയ്യാറാക്കിയ വീഡിയോയില്‍ ഉണ്ട്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിക്കുകയും മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സായിനാഥ് തന്റെ ചിന്തകള്‍ പങ്കുവെക്കുന്നത്. 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് വിമ്പിളക്കിയ ഒരു പ്രധാനമന്ത്രിയും ധനമന്ത്രിയും നമ്മെ ഭരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. മധ്യപ്രദേശില്‍ കര്‍ഷകരുടെ കൊലപാതകവും നിയമവിരുദ്ധമായ അറസ്റ്റുകളുമാണ് നടക്കുന്നത്.

എന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. യുപിഎ സര്‍ക്കാര്‍ 2008-ല്‍ ചെയ്തത് ഉള്‍പ്പെടെയുള്ള കടമെഴുതി തള്ളല്‍ നടപടികള്‍ ഒരു താത്ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നതെന്നും യഥാര്‍ത്ഥ പരിഹാരമോ അല്ലെങ്കില്‍ പരിവര്‍ത്തനമോ അത് പ്രദാനം ചെയ്യില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഉത്പാദനത്തിന് വേതന നഷ്ടവും ദരിദ്ര, പ്രാന്തവല്‍കൃത കര്‍ഷകര്‍ക്ക് അമ്പത് ശതമാനവും എന്ന കാര്‍ഷിക പ്രതിസന്ധിക്കുള്ള സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉദ്ധരിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഇത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും നാളുകള്‍ക്കകം തന്നെ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സാധിക്കില്ല എന്ന സത്യവാങ്മൂലവും സമര്‍പ്പിക്കപ്പെട്ടു.

ബാങ്ക് വായ്പകളോ കടങ്ങളോ ഇല്ലാത്തവരും ഭൂരിപക്ഷവും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങുന്നവരുമായ കര്‍ഷകരില്‍ ഭൂരിപക്ഷത്തിലേക്കും 2008ലെ 50,000 കോടി രൂപയുടെ കടമെഴുതിത്തള്ളല്‍ പദ്ധതി എത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉയര്‍ന്ന പലിശ നല്‍കുന്ന ഇവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല. പിന്നെ ആരുടെ പേരിലുള്ള കടങ്ങളാണ് എഴുതി തള്ളിയതെന്നും അതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും അദ്ദേഹം ചോദിക്കുന്നു.

ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രം വരുന്ന ആളുകളുടെ ലക്ഷക്കണിന് കോടികളാണ് സര്‍ക്കാര്‍ വര്‍ഷം തോറും എഴുതിത്തള്ളുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ നാല്‍പത് ശതമാനം വരുന്ന 45 ദശലക്ഷം കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്യുന്നു. ചെറുകിട, നാമമാത്ര കര്‍ഷകരെ ഉദ്ദേശിച്ചുള്ള ബാങ്ക് ധനസഹായങ്ങള്‍ വന്‍കിട വ്യാപാരികളും കോര്‍പ്പറേഷനുകളും അടിച്ചുമാറ്റുകയും ചെയ്യുന്നു.

കമ്പോളാധിഷ്ടിത വിലയിടല്‍ പ്രക്രിയയുടെ പേരില്‍ ഉല്‍പാദനച്ചിലവ് അനിയന്ത്രിതമായി വര്‍ദ്ധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റുകളെ കയറൂരി വിടുകയും കാര്‍ഷിക മേഖലയെ അവഗണിക്കുകയും ചെയ്യുന്നു. വിത്ത്, വളങ്ങള്‍, കീടനാശിനി ഉള്‍പ്പെടെയുള്ളവയുടെ വില 700 ശതമാനം കണ്ട് വര്‍ദ്ധിച്ചിരിക്കുന്നു. ഉദാരവല്‍കരണത്തിന്റെ മുഴുവന്‍ ഭാരവും താങ്ങുന്നത് കാര്‍ഷിക മേഖലയാണ്. യഥാര്‍ത്ഥത്തില്‍ കര്‍ഷകരുടെ വരുമാനമല്ല മറിച്ച് കാര്‍ഷിക ഉല്‍പാദന ഉപാധികളുടെ ചിലവ് വര്‍ദ്ധിച്ചതിലൂടെ അവരുടെ ബാധ്യതകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

പരിഷ്‌കാരങ്ങളെല്ലാം കോര്‍പ്പറേറ്റുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ചെറുകിട കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ഇതിനായി മോഷ്ടിക്കപ്പെട്ടു. യന്ത്രവല്‍കൃത കാര്‍ഷികരീതി പിന്തുടരുന്ന കാര്‍ഷിക മേഖലയിലെ വന്‍കിടക്കാര്‍ക്ക് അനുകൂലമായി എപ്പോഴും പ്രവര്‍ത്തിക്കുന്ന ‘കമ്പോള ശക്തി’കളുടെ ഔദാര്യത്തിനായി ചെറുകിട, നാമമാത്ര കര്‍ഷകരെ വിട്ടുകൊടുത്തു. വിത്തുമുളയ്ക്കല്‍ ശരാശരി 1991-ന് മുമ്പുള്ള 85 ശതമാനത്തില്‍ നിന്നും 60 ശതമാനമായി കുത്തനെ ഇടിഞ്ഞു. വന്‍കിട കര്‍ഷകര്‍ക്ക് മാത്രം താങ്ങാന്‍ സാധിക്കുന്ന ഒരു നിരക്കാണിത്.

വിലകള്‍ കുത്തനെ ഉയരാന്‍ തുടങ്ങിയതോടെ അഗ്രോ കോര്‍പ്പറേഷനുകളും ബഹുരാഷ്ട്ര കുത്തകകളും ‘തട്ടിപ്പറിച്ചുകൊണ്ട് ഓടുക’ എന്ന പരിപാടി ആരംഭിച്ചെന്നും പാവപ്പെട്ട കര്‍ഷകന്‍ സ്തംഭിച്ചു നില്‍ക്കുകയും ചെയ്തു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എത്രയാണ് ഉത്പാദനച്ചിലവ്, അതില്‍ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഗൗരവതരമായ വിലയിരുത്തലുകള്‍ ആവശ്യമാണ്. ചിലവിനേക്കാള്‍ വളരെ കുറവാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയെന്ന് വിവിധ പഠനങ്ങളും സര്‍ക്കാരിന്റെ കണക്കുകളും വ്യക്തമാക്കുന്നു. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്കായി എല്ലാ വാതിലുകളും തുറന്നിടാനാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചത്. ബിടി വഴുതന, ജിഎം കടുക് തുടങ്ങിയ വിളകളെ കുറിച്ച് വലിയ തെറ്റിദ്ധാരണകളാണ് പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഇതിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കനത്ത മുന്നറിയിപ്പ് നല്‍കിയ സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി, ദശാബ്ദങ്ങളോളം ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജനിതക മാറ്റം വരുത്തിയ വിത്തകളെ കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സംഘനടകള്‍ നടത്തിയ വ്യാപക പഠനത്തില്‍ തെളിഞ്ഞിരുന്നു. എന്ന് മാത്രമല്ല ലോക ഭക്ഷ്യസമ്പത്തിന്റെ എഴുപത് ശതമാനവും പ്രദാനം ചെയ്യുന്നത് ചെറുകിട കര്‍ഷകരാണ്. വലിയ സബ്‌സിഡികള്‍ നല്‍കിയിട്ടും വന്‍കിട കാര്‍ഷികമേഖലയ്ക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവനകളൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

ചെറുകിട, നാമമാത്ര കര്‍ഷകരെ രംഗത്ത് നിന്നും ഒഴിവാക്കി ഇന്ത്യന്‍ കാര്‍ഷികരംഗത്ത് വന്‍കിടക്കാരെ പ്രതിഷ്ഠിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ 1.5 കോടി പേര്‍ കാര്‍ഷിക മേഖലയെ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറിയെന്നാണ് സര്‍ക്കാര്‍ കണക്ക്. പ്രതിദിനം തൊഴിലില്ലായ്മ മൂലം 2000 പേര്‍ കാര്‍ഷിക മേഖലയെ ഉപേക്ഷിക്കുന്നുണ്ടെങ്കിലും ഇവരെ പുനഃരധിവസിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമങ്ങളും നടന്നിട്ടില്ല.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതില്‍ യുപിഎ, എന്‍ഡിഎ സര്‍ക്കാര്‍ എന്ന വ്യത്യാസമില്ലെന്ന് സായിനാഥ് ചൂണ്ടിക്കാട്ടുന്നു. ഇരുസര്‍ക്കാരുകളുടെയും നയങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും ഇവയുടെ അന്തര പ്രത്യഘാതങ്ങള്‍ തുല്യമാണെന്നും അദ്ദേഹം പറയുന്നു. വ്യക്തികളെ ആക്രമിക്കുന്നതിന് പകരം മാധ്യമങ്ങള്‍ നയങ്ങളെയാണ് ലക്ഷ്യം വെക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു ഭരണകൂടം പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങളില്‍ ഒരു പക്ഷാപാതിത്വവും പാടില്ല.

ടിവി വാര്‍ത്തകള്‍, ചടങ്ങുകള്‍, സര്‍ക്കാര്‍ പരസ്യങ്ങളിലെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍, കലാപ സംഭവങ്ങള്‍ എന്നിവയിലൂടെ കാര്‍ഷിക പ്രശ്‌നങ്ങളെ വിലയിരുത്താന്‍ നാം ശ്രമിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കര്‍ഷകരുടെ ജീവിത്തിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്ന, കുഴിച്ചുമൂടപ്പെട്ടതും ഒരിക്കലും വെളിച്ചത്തുവരാത്തതുമായ, ടിവി സ്റ്റുഡിയോകളിലെ ശബ്ദഘേഷങ്ങളില്‍ മുങ്ങിപ്പോകാത്ത ആഖ്യാനങ്ങളാണ് പിന്തുടരേണ്ടതെന്ന് അദ്ദേഹം പറയുന്നു. ടിവിയ്ക്ക് മുന്നില്‍ വരുന്ന കര്‍ഷകരില്‍ പലരും തങ്ങളുടെ ദുരവസ്ഥ അഭിനയിച്ച് കാട്ടാന്‍ നിയോഗിക്കപ്പെടുന്ന നടന്മാരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍, അവരെ ചൂഴ്ന്ന് നില്‍ക്കുന്ന ആഴത്തിലുള്ള ദുരന്തങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാണിത്.

കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കാര്‍ഷികവൃത്തിയെ ഉപജീവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുവെന്ന് സായിനാഥ് പറയുന്നു. സര്‍ക്കാരുകള്‍ നിരത്തുന്ന ശൂന്യമായ കണക്കുകളും കൂറ്റന്‍ പരസ്യങ്ങളും ഈ മേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഒരിക്കലും വെളിച്ചത്ത് കൊണ്ടുവരില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍