UPDATES

കര്‍ഷക മാര്‍ച്ച് Live: അവര്‍ യാചകരല്ല; കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയത് അവകാശത്തിനായി: കെജ്രിവാള്‍

പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും കര്‍ഷകരെ പൊലീസ് തടഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകരെ പിന്നിൽ നിന്ന് കുത്തിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാർലമെന്റ് സ്ട്രീറ്റിൽ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച മാർച്ച് എത്തിച്ചേർന്നപ്പോൾ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “വലിയ വേദനകളുമായാണ് നിങ്ങൾ ഡൽഹിയിലെത്തിയിരിക്കുന്നത്. കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്തിന് പുരോഗതിയിലേക്ക് പോകാനാകില്ല” -കെജ്രിവാൾ പറഞ്ഞു. മോദി ഇനി അഞ്ച് മാസം കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടാകുമെന്നും അതിനുള്ളിൽ കർഷകർക്കെതിരെ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.


കര്‍ഷകരെയും യുവാക്കളെയും അപമാനിക്കുന്ന ഗവണ്‍മെന്‍റ് വലിച്ചു താഴെ ഇറക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ചോദിക്കുന്നത് സമ്മാനങ്ങളല്ല, മറിച്ച് അവരുടെ അവകാശങ്ങളാണ്. ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ നിഷ്‌ക്രിയ ആസ്തിയുണ്ടാക്കി വിദേശത്തേയ്ക്ക് മുങ്ങുന്നവരുടെ കടങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും എഴുതിത്തള്ളുന്നത്.


ബിജെപിയെ താഴെയിറക്കുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ബദല്‍ പാര്‍ലമെന്റില്‍ എത്തുമെന്നും സീതാറാം യെച്ചൂരി. പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ എത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി അണിചേര്‍ന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉടനെ എത്തും. ബിജെപിയുടെ ബ്രഹ്മാസ്ത്രം രാം മന്ദിര്‍ ആണ്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അവര്‍ അത് പുറത്തെടുക്കും. എന്നാല്‍ നമ്മള്‍ കാണിച്ചുകൊടുക്കുന്നത് കര്‍ഷകരും, തൊഴിലാളികളും അരികുവത്ക്കരിക്കപ്പെട്ടവരും എല്ലാം ഒന്നാണ് എന്നാണ്.


കര്‍ഷക പ്രതിഷേധത്തില്‍ ചുവന്ന് ഇന്ത്യയുടെ തലസ്ഥാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിര കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ മോദി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ എല്ലാവരും ഒത്തുചേര്‍ന്നിരിക്കുകയാണ്. 24 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 35,000 കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടെന്നാണ് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ സെക്രട്ടറി ആശിഷ് മിത്തല്‍ പറയുന്നത്. രാം ലീല മൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന്റെ പ്രധാന ആവശ്യം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ലോകസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണം എന്നതാണ്. കടങ്ങള്‍ എഴുതി തള്ളുക, വിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കുക എന്നിവയാണ് കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

രാം ലീല മൈതാനത്ത് നിന്നും രാവിലെ പത്തരയോടെ ആണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. ഏകദേശ് 3,500 പൊലീസുകാരെ കര്‍ഷകര്‍ കടന്നുപോകുന്ന വഴികളില്‍ നിയോഗിച്ചിരുന്നു. കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മാര്‍ച്ച് വലിയ ഗതാഗതക്കുരുക്കിനും ഇടയൊരുക്കിയിരുന്നു. മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രവേശിച്ചയുടനെ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കര്‍ഷകര്‍ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളും എല്ലിന്‍ കഷ്ണങ്ങളും കൊണ്ട് സ്വകാര്യഭാഗങ്ങള്‍ മറച്ച് മാര്‍ച്ചില്‍ പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ചില കര്‍ഷകര്‍ പാല്‍ ഉത്പനങ്ങള്‍ കോര്‍ത്ത് ശരീരത്തില്‍ ചാര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഭാര്യമാരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചിത്രങ്ങളുമേന്തിയാണ് അവര്‍ മാര്‍ച്ചിനൊപ്പം നടന്നത്. മോദി സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ത്തിയിരുന്നു. അയോധ്യയല്ല, തങ്ങള്‍ക്ക് വേണ്ടത് കടങ്ങള്‍ എഴുതി തള്ളുകയാണെന്നാണ് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യമുയര്‍ത്തിയത്. റാഫേല്‍ കള്ളന്മാര്‍ ഡല്‍ഹിയിലെ അധികാരക്കസേര ഒഴിഞ്ഞുപോകാനും കര്‍ഷകര്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ എത്രത്തോളം ഭയാനകമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വ്യാഴ്ച്ച മുതല്‍ ഡല്‍ഹിയില്‍ എത്തിയ ഓരോ കര്‍ഷകരും പങ്കുവച്ച കാര്യങ്ങള്‍.

“കൃഷി മാത്രമല്ല, കുടുംബവും മുന്നോട്ടുകൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. വിളകളെല്ലാം വളരെ കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടി വരികയാണ്. കിലോയ്ക്ക് ഒന്നും രണ്ടും രൂപയ്ക്കു വരെ. കൂടുതല്‍ കൃഷി ചെയ്യാന്‍ വളം വാങ്ങി ഉപയോഗിക്കാന്‍പോലും കഴിവില്ല, അതിനുള്ള പണം ഞങ്ങളുടെ കൈയിലില്ല”, 65 കാരിയായ ഊര്‍മില നയ്യയുടെ വാക്കുകള്‍ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന കര്‍ഷകരില്‍ ഒരാള്‍. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സില്‍ നിന്നാണ് ഊര്‍മിള എത്തിയത്. മുപ്പത് മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്രയ്ക്ക് ശേഷം കാല്‍ നടയായി പിന്നിയെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ വൃദ്ധ രാം ലീല മൈതാനിയില്‍ വന്നത്. ഊര്‍മിളയ്‌ക്കൊപ്പം 78 ഓളം കര്‍ഷകര്‍ സുന്ദര്‍ബന്‍സില്‍ നിന്നുണ്ടായിരുന്നു. ഊര്‍മിളയേയും ഒപ്പമുള്ളവരെയും പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് കര്‍ഷകരാണ് തലസ്ഥാന നഗരത്തില്‍ എത്തിയത്. വന്നിരിക്കുന്നവരില്‍ ഏറെപ്പേരും കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളുടെ കുടുംബത്തില്‍ ജീവനൊടുക്കിയവരുടെ ചിത്രങ്ങള്‍. കര്‍ഷകനായിപ്പോയി എന്ന ഒറ്റകാരണം കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരാണ് അവരെന്നും തങ്ങളുടെ ഗതിയും ഇങ്ങനെ തന്നെയായകുമെന്നും എങ്കിലും അവസാന പ്രതിരോധമെന്ന നിലയില്‍ നടത്തുന്ന പോരാട്ടമാണ് ഈ കര്‍ഷ മാര്‍ച്ച് എന്നും പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ കര്‍ഷകര്‍ ഒരിക്കല്‍ കൂടി ഡല്‍ഹിയില്‍ എത്തിയത്.

ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാല്‍, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരിക്കുന്ന കര്‍ഷകരാണ് ഇന്ന് പാര്‍ലമെന്റിലേക്കിലേക്ക് മാര്‍ച്ച് നടത്തുന്നത്. കര്‍ഷക മാര്‍ച്ചിന് കിസാന്‍ സഭ ഉള്‍പ്പടെ 208 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ഡല്‍ഹിയില്‍ വന്നശേഷം വിവിധ ഭാഗങ്ങളില്‍ നിന്നായി 25 കിലോമീറ്റര്‍ കാല്‍നടയായാണ് രാംലീല മൈതാനിയില്‍ എത്തിയത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ രാംലീല മൈതാനിയില്‍ സംഘടിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് മുദ്രാവാക്യങ്ങള്‍ മുഴക്കി കര്‍ഷകര്‍ പ്രകടിപ്പിച്ചത്. അയോധ്യയല്ല ഞങ്ങള്‍ക്ക് വേണ്ടത്, കടങ്ങള്‍ എഴുതി തള്ളുകയാണ് ; എന്നായിരുന്നു കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്.

ഇവരെ കണ്ട മാധ്യമങ്ങളോട്  ജീവിതത്തിന്റെ ദുരിതങ്ങള്‍ മാത്രമായിരുന്നു ഓരോ കര്‍ഷകനും പറയാനുണ്ടായിരുന്നത്. മൂന്നുലക്ഷം രൂപ വായ്പ്പയെടുത്തിട്ടും തിരിച്ചടയ്ക്കാനാകാതെ കുഴങ്ങുന്ന, അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയമായ ഒഡീഷ സ്വദേശി 60 കാരനായ ബര്‍മര്‍ വാഷിയെപോലെ നിരവധി പേര്‍ ദേശീയ മാധ്യമങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ ദുരിതം വിവരിച്ചു. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 1,200 അംഗ കര്‍ഷകരുടെ പക്കല്‍ രണ്ടു മനുഷ്യ തലയോട്ടികള്‍ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്ത രണ്ട് കര്‍ഷകരുടെ. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍ നഗ്നരായി തങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും തമിഴ് കര്‍ഷക സംഘത്തിന്റെ ഭീഷണിയുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 2 നും ഡല്‍ഹിയില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ബാരിക്കേഡുകള്‍ ഉപയോഗിച്ചും കണ്ണീര്‍വാതകം പ്രയോഗിച്ചും തടയാന്‍ പൊലീസ് ശ്രമിച്ചിരുന്നു.

അതേസമയം ഡല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ക്ക് സഹായവും പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളും ആം ആദ്മി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് എത്തിയിരുന്നു. കര്‍ഷകര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കാനും പലരും സന്നദ്ധരായി. ചില നേതാക്കള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം തന്നെ രാംലീല മൈതാനിയിലാണ് വ്യാഴാഴ്ച രാത്രി തങ്ങിയത്. കര്‍ഷകര്‍ക്ക് ഉപയോഗിക്കാനായി വെള്ളം ഡല്‍ഹി ജല വകുപ്പ് ഏര്‍പ്പാടാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കര്‍ഷകര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍,കലാകാരന്മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കര്‍ഷകര്‍ക്ക് സഹായവും പിന്തുണയുമായി എത്തിയിരുന്നു.

ഒരു ലക്ഷം കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച്/ ചിത്രങ്ങളിലൂടെ

രാജ്യം കര്‍ഷക രോഷത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നു

കടം ജീവനെടുത്തവരുടെ തലയോട്ടികളുമായി തമിഴ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയില്‍; തടഞ്ഞാല്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്ന് വെല്ലുവിളി

ഒരു ലക്ഷം കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച്/ ചിത്രങ്ങളിലൂടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍