UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വതന്ത്രമാധ്യമങ്ങള്‍ ഡീമോണറ്റൈസ് ചെയ്യപ്പെടുമ്പോള്‍

ഡോ. അജയ് ബാലചന്ദ്രന്‍

മാധ്യമങ്ങളാണ് ഏകാധിപത്യ ഭരണത്തിന് എപ്പോഴും വെല്ലുവിളി. രാജാവ് നഗ്‌നനും ഭോഷ്‌കനുമാണെന്നൊക്കെ വിളിച്ചുപറയാന്‍ സാധിക്കുന്ന മാധ്യമങ്ങളില്ലെങ്കില്‍ ഭരണാധികാരികളായ ബാഹുബലികള്‍ക്ക് (സ്‌ട്രോങ് മാന്‍ എന്ന് ആംഗലേയം) അത് വലിയൊരു ആശ്വാസമാണ്. ഇതെങ്ങനെ സാധിക്കാം എന്നതാണ് വലിയൊരു ചോദ്യം.

കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ എന്താണ് വാര്‍ത്തയെന്ന് തീരുമാനിക്കുന്നത് ഭരണകൂടങ്ങളാണ്. പഴയ സോവിയറ്റ് യൂണിയന്‍റെ ഉദാഹരണമെടുക്കാം. അവിടെ മാധ്യമങ്ങളുടെ കുത്തക സര്‍ക്കാരിനായിരുന്നു. ഇസ്‌വെസ്തിയ (വാര്‍ത്ത), പ്രവ്ദ (സത്യം) എന്നീ രണ്ട് പത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പത്രങ്ങളെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന നാട്ടുകാരുടെ തമാശ ‘ഇസ്‌വെസ്തിയയില്‍ പ്രവ്ദയില്ല, പ്രവ്ദയില്‍ ഇസ്‌വെസ്തിയയും’ (വാര്‍ത്തയില്‍ സത്യമില്ല, സത്യത്തിലാകട്ടെ വാര്‍ത്തയുമില്ല) എന്നായിരുന്നു. സോവിയറ്റ് യൂണിയനുണ്ടായിരുന്ന കാലത്ത് നവമാധ്യമങ്ങളുണ്ടായിരുന്നില്ല. അവര്‍ക്ക് പത്രങ്ങളും റേഡിയോയും ടെലിവിഷനും മാത്രം നിയന്ത്രിച്ചാല്‍ മതിയായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ലല്ലോ?


ടിയാനന്മെന്‍ സ്‌ക്വയറിലെ വിദ്യാര്‍ത്ഥിപ്രതിഷേധം അമര്‍ച്ച ചെയ്യാന്‍ വന്ന ടാങ്കുകളെ തടയുന്ന അജ്ഞാതന്‍. ടാങ്ക് മാന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ ചൈനയില്‍ നിന്ന് തിരഞ്ഞാല്‍ വിവരങ്ങളൊന്നും ലഭിക്കില്ല.

ഇന്റര്‍നെറ്റും ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സാപ്പും പോലുള്ള സംവിധാനങ്ങളെല്ലാമുള്ള നാട്ടില്‍ ജനങ്ങള്‍ സത്യമറിയുന്നത് തടയാന്‍ ഗവണ്മെന്റിന് സാധിക്കുമോ? (ഇത്തരം മാധ്യമങ്ങളില്‍ സത്യം മാത്രമാണ് വരുന്നതെന്നല്ല പറഞ്ഞുവരുന്നത്) ഇനിയുള്ള ഉദാഹരണം ചൈനയാകട്ടെ. ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ക്കൂടിപ്പോലും ജനം സത്യമറിയാന്‍ പാടില്ല എന്ന ‘ശക്തമായ’ തീരുമാനമാണ് ചൈനയിലെ ഭരണകൂടത്തിന്റേത്. ഗവണ്മെന്റിനിഷ്ടമല്ലാത്ത കാര്യങ്ങള്‍ തിരഞ്ഞാല്‍ ഒന്നും കിട്ടില്ല. ടിയാനന്മെന്‍ ചത്വരത്തില്‍ 1989-ല്‍ നടന്ന പ്രതിഷേധം ചൈനയിലെ ഭരണകൂടം അടിച്ചമര്‍ത്തിയതിനെപ്പറ്റി ജനം അറിയണമെന്ന് ചൈനയിലെ ഭരണകര്‍ത്താക്കള്‍ക്ക് താല്പര്യമില്ല. അന്നാട്ടില്‍ നിന്ന് അതെപ്പറ്റി ബ്രൗസറില്‍ തിരഞ്ഞാല്‍ ഒരു വിവരവും ലഭിക്കില്ല. ചൈനയിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പാലിക്കാത്ത സംവിധാനങ്ങള്‍ക്കൊന്നും (ഫേസ്ബുക്ക് ഉള്‍പ്പെടെ) അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. അപ്പോള്‍ ചൈനയിലെ മറ്റുള്ള മാധ്യമങ്ങളോ? പത്രങ്ങളും ടെലിവിഷനുമെല്ലാം ഒന്നുകില്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലോ അല്ലെങ്കില്‍ കര്‍ശനമായ നിയന്ത്രണത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. 

 

ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. അമേരിക്കന്‍ പ്രസിഡന്റിനെപ്പറ്റി എന്ത് വാര്‍ത്ത വേണമെങ്കിലും പ്രസിദ്ധീകരിക്കാം. വാര്‍ത്ത സത്യമാണെങ്കില്‍ പത്രപ്രവര്‍ത്തകരുടെ നൈതികതയില്‍ ഊന്നി നിന്നുകൊണ്ടുള്ള എന്തും പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളാണ് ആധുനിക ജനാധിപത്യരാജ്യങ്ങള്‍. വാര്‍ത്തകളില്‍ ജുഡീഷ്യറിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളെ നിയന്ത്രിക്കുന്ന കോര്‍ട്ടലക്ഷ്യ നിയമം പോലും പല രാജ്യങ്ങളിലും ദുര്‍ബലമാണ്. സത്യമാണ് എന്ന ബോധ്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതെങ്കില്‍ കോടതിയെപ്പോലും ധൈര്യമായി വിമര്‍ശിക്കാവുന്നവയാണ് ഇന്നത്തെ മിക്ക ആധുനിക ജനാധിപത്യരാജ്യങ്ങളും. ഉദാഹരണത്തിന് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മാത്രമേ അമേരിക്കയില്‍ പത്രങ്ങള്‍ക്കെതിരായി മാനനഷ്ടക്കേസില്‍ വിധിയുണ്ടാവുകയുള്ളൂ.

 

 

പക്ഷേ അവിടങ്ങളിലെ ബാഹുബലികള്‍ക്കും ഇതൊന്നും അത്ര പിടിച്ചിട്ടില്ല. അമേരിക്കയില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന ‘ശക്തനായ’ ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപിത ലക്ഷ്യം മാനനഷ്ടക്കേസുകള്‍ സംബന്ധിച്ച നിയമം ഉദാരമാക്കുന്നതിലൂടെ കേസുകളില്‍ കുടുക്കി മാധ്യമങ്ങളുടെ വായടപ്പിക്കാമെന്നാണ്. അമേരിക്കന്‍ സെനറ്റിലും കോണ്‍ഗ്രസ്സിലും ഭൂരിപക്ഷം നേടിയ ട്രമ്പിന് അവിടത്തെ നിയമത്തില്‍ മാറ്റം വരുത്തുന്നത് അത്ര ബുദ്ധിമുട്ടായിരിക്കില്ല.

മാധ്യമങ്ങളെ പൂട്ടാന്‍ ഇന്ത്യയിലെ നൂതനരീതികള്‍
ഇന്ത്യയിലും നവമാധ്യമങ്ങളുടെയും പരമ്പരാഗത മാധ്യമങ്ങളുടെയും വായടയ്ക്കാന്‍ പലപല നൂതന മാര്‍ഗ്ഗങ്ങളും പയറ്റുന്നുണ്ട്. മറ്റ് രാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇന്ത്യ ഒരു മാതൃകയാകാന്‍ നല്ല സാധ്യതയുണ്ട്.

ഗുജറാത്തിലെ സൂറത്തില്‍ അരവിന്ദ് കെജ്രിവാള്‍ പ്രസംഗിച്ച ഒരു റാലി നടക്കേണ്ട സമയത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ഒരു പരീക്ഷയിലെ തട്ടിപ്പ് തടയാനായിരുന്നു സംസ്ഥാനമാസകലം ഇന്റര്‍നെറ്റ് നിരോധിക്കുന്നതെന്നായിരുന്നു ന്യായീകരണം. ഇതിന് മുന്‍പും ഇതിന് ശേഷവും ഗുജറാത്തില്‍ പരീക്ഷയുടെ ഭാഗമായി എന്തായാലും സംസ്ഥാനവ്യാപകമായി ഇന്റര്‍നെറ്റ് തടഞ്ഞതായി അറിവില്ല. ഇതിനെതിരേ വിമര്‍ശനമുയര്‍ന്നപ്പോള്‍ എന്തായാലും ഗുജറാത്ത് സര്‍ക്കാര്‍ ഈ നടപടി പിന്‍വലിച്ചു.

എന്‍.ഡി.റ്റി.വി. ചാനല്‍ ഒരു ദിവസത്തേയ്ക്ക് തടഞ്ഞ ഉത്തരവാണ് മറ്റൊരുദാഹരണം. ഈ ചാനല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്ന വാര്‍ത്തയിലെ ഉള്ളടക്കത്തിന് സമാനമായ കാര്യങ്ങള്‍ മറ്റു ചാനലുകളില്‍ വന്നിരുന്നു എന്നും പോരാഞ്ഞിട്ട് ഇതേ വിവരങ്ങള്‍ അന്നത്തെ പത്രങ്ങളില്‍പ്പോലും അച്ചടിച്ചുവന്നിരുന്നു എന്നും ചാനല്‍ വാദിച്ചുനോക്കിയെങ്കിലും നിരോധിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനുള്ള തിരഞ്ഞുപിടിച്ചുള്ള ശിക്ഷയാണെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ അതും സര്‍ക്കാര്‍ പിന്‍വലിച്ചു.

ഏറ്റവും പുതിയ സംഭവമാണ് മുന്‍പെങ്ങും കേട്ടിട്ടില്ലാത്തത്. കഴിഞ്ഞ ദിവസം മുതല്‍ മണിപ്പൂരില്‍ പത്രങ്ങളിറങ്ങുന്നില്ല. എന്താണ് കാരണം? കറന്‍സി ക്ഷാമം കാരണം ആരും പത്രം വാങ്ങുന്നില്ല! നിരോധിച്ച കറന്‍സി നല്‍കി പത്രം വാങ്ങാന്‍ മണിപ്പൂരികള്‍ക്ക് അനുവാദം നല്‍കിയിട്ടില്ല. ഇതേ സമയം തന്നെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നല്‍കി സിനിമാ ടിക്കറ്റെടുക്കാന്‍ മഹാരാഷ്ട്രക്കാര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട് താനും.

 


അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ഒഴിച്ചിട്ടിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം

 

സിനിമയല്ലല്ലോ പത്രം. സിനിമയ്ക്ക് പണ്ടേ സെന്‍സര്‍ഷിപ്പുണ്ട്. സെന്‍സര്‍ഷിപ്പില്ലാത്തത് പത്രമാധ്യമങ്ങള്‍ക്കാണ്. അപ്പോള്‍ ജനം സിനിമ കണ്ടാലും പത്രം വായിക്കരുത് എന്ന തീരുമാനം തന്നെയാണ് ‘ശക്തരായ’ ഭരണാധികാരികള്‍ എടുക്കേണ്ടത്! ശരിയല്ലേ?

ഇന്ത്യയില്‍ ഇന്ന് അടിയന്തരാവസ്ഥയൊന്നും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അടിയന്തരാവസ്ഥ കൊണ്ടുവരുകയും പത്രമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും ചെയ്ത ഇന്ദിരാഗാന്ധിയെ ഈയവസരത്തില്‍ ഒന്ന് സ്മരിക്കാവുന്നതാണ്! പാകിസ്ഥാനെതിരേ ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ യുദ്ധവിജയം നേടിയ ഭരണകൂടത്തിന്റെ സാരഥിയായിരുന്ന ‘ശക്തയായ’ ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥയ്ക്ക് ശേഷം എന്ത് സംഭവിച്ചു എന്നും!

ചരിത്രത്തില്‍ നിന്ന്‍ തെറ്റുകള്‍ പഠിക്കാത്തവര്‍ അതാവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്.

 

(ലേഖകന്‍ ഫോറന്‍സിക് വിദഗ്ദ്ധനും രാഷ്ട്രീയനിരീക്ഷകനുമാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍