UPDATES

ട്രെന്‍ഡിങ്ങ്

26/11: മുംബൈയില്‍ ഭീകരര്‍ വന്ന ബോട്ടിന്റെ പാക് ഉറവിടം ഇന്ത്യ കണ്ടെത്തിയതെങ്ങനെ?

ബോട്ടിലെ എഞ്ചിന്റെ നമ്പര്‍ ഭീകര സ്‌ക്വാഡ് മായ്ച്ചുകളഞ്ഞിരുന്നു.

ഇന്ന് മുംബൈ ഭീകരാക്രമണം നടന്നിട്ട് 10 വര്‍ഷം തികയുന്നു. പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്ത്‌ വന്നിറങ്ങിയ ഒരു കൂട്ടം ലഷ്കര്‍- ഇ- തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 174 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈ ആന്റി-ടെററിസം സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തുകയും അജ്മല്‍ കസബിനെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൌരനാണെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചു. കസബിനെ പിന്നീട് തൂക്കിലേറ്റി. എന്നാല്‍ നിരവധി തെളിവുകള്‍ കൈമാറിയിട്ടും ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരെ ഇപ്പോഴും കാര്യമായ നടപടികളിലേക്ക് പാക്കിസ്ഥാന്‍ കടന്നിട്ടില്ല. ഇതില്‍ ഇന്ത്യ തെളിയിച്ച ഒന്നായിരുന്നു ഭീകര്‍ എത്തിയ ബോട്ട് സംബന്ധിച്ച വിവരങ്ങള്‍.

മുംബൈ ഭീകരാക്രമണത്തിനായി പാകിസ്താനില്‍ നിന്ന് ഭീകര സംഘം എത്തിയ ബോട്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാക്കിയത് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി എഫ്ബിഐ ആണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ബോട്ടിന്റെ യമഹ എഞ്ചിന്‍ വാങ്ങിയ ആളെ അറിയാന്‍ കമ്പനിയുടെ ജപ്പാന്‍ ആസ്ഥാനത്തേയ്ക്ക് എഫ്ബിഐ ഏജന്റിനെ അയച്ചിരുന്നു. മുംബയ് തീരത്ത് ബധ്വാര്‍ പാര്‍ക്കിലാണ് ഭീകരര്‍ ബോട്ട് നിര്‍ത്തിയത്. ഗ്രനേഡുകള്‍, ആര്‍ഡിഎക്‌സുകള്‍, കലാഷ്‌നിക്കോവുകള്‍, പിസ്റ്റളുകള്‍, ജിപിഎസ് സെറ്റ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയുമായി 10 അംഗ സംഘം എത്തിയത്.

എംവി കൂബര്‍ എന്ന ഇന്ത്യന്‍ ഫിഷിംഗ് ട്രോളര്‍ 2008 നവംബര്‍ 23ന് ഉള്‍ക്കടലില്‍ വച്ച് ലഷ്‌കര്‍-ഇ തയിബ ഭീകര സംഘം പിടിച്ചെടുത്തു. കറാച്ചിയിലെ അല്‍ ഹുസൈനി തുറമുഖത്ത് നിന്ന് മറ്റൊരു ബോട്ടിലാണ് ഭീകര സംഘം ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഫിഷിംഗ് ബോട്ട് അടുത്തെത്തിയപ്പോള്‍ ഗതിയറിയാതെ കുടുങ്ങിയെന്ന വ്യാജേന നില്‍ക്കുകയായിരുന്നു സംഘം. അടുത്തെത്തിയ ഉടന്‍ ഭീകരര്‍ മത്സ്യബന്ധന സംഘത്തെ ബലം പ്രയോഗിച്ച് ഇവര്‍ വന്ന പാക് ബോട്ടിലേയ്ക്ക് മാറ്റി. ക്യാപ്റ്റന്‍ അമര്‍ചന്ദ് സോളങ്കിയെ ബന്ദിയാക്കി. ഭീഷണിപ്പെടുത്തി, മുംബൈയിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. 30 മണിക്കൂറിനുള്ളില്‍ അവര്‍ മുംബയ് തീരം ദൂരെ നിന്ന് കണ്ടു. സോളങ്കിയെ ഭീകരര്‍ വധിച്ചു. തങ്ങള്‍ വന്ന ചെറു ബോട്ടിനെ കൂബറിന്റെ ഡെക്കിലെത്തിച്ചിരുന്നു. പിന്നീട് കൂബര്‍ ഉപേക്ഷിച്ച് തങ്ങള്‍ ആദ്യം വന്ന ബോട്ട് ഉപയോഗിച്ച്, ജിപിഎസിന്റെ സഹായത്തോടെ അവര്‍ മുംബൈ തീരം ലക്ഷ്യമാക്കി പോയി. നവംബര്‍ 26ന് രാത്രി 8.15ന് അവര്‍ മുംബൈയിലിറങ്ങി.

എഞ്ചിനിലെ നമ്പര്‍ ഭീകര സ്‌ക്വാഡ് മായ്ച്ചുകളഞ്ഞിരുന്നു. എഫ്ബിഐ, യമഹയുടെ സഹായം തേടി. മായ്ച്ച് കളഞ്ഞാലും നമ്പര്‍ കണ്ടെത്താനാകുമെന്ന് ജപ്പാനിലെ യമഹ ഉദ്യോഗസ്ഥന്‍ എഫ്ബിഐയെ അറിയിച്ചു. സിലിണ്ടറുകള്‍ ഉള്ള ഭാഗത്ത് അടിയിലായി ഈ നമ്പറുകള്‍ ഉണ്ടാകുമെന്ന് യമഹ അറിയിച്ചു. ഈ വിവരം ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എഫ്ബിഐ കൈമാറി. ഈ നമ്പര്‍ കറാച്ചിയിലെ ഒരു ഷോപ്പുമായി ബന്ധപ്പെട്ടതാണ് എന്ന് ബോധ്യപ്പെട്ടു. ലഷ്‌കറിന്റെ ഫിനാന്‍ഷ്യറായ അംജദ് ഖാന്‍ എന്നയാള്‍ക്ക് ഇത്തരത്തില്‍ എട്ട് എഞ്ചിനുകള്‍ കറാച്ചി ഷോപ്പ് ഉടമ നല്‍കിയിരുന്നു. യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് എജന്‍സികള്‍ അന്വേഷണവും റെയ്ഡും നടത്തി. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരരില്‍ ഒരാളും ലഷ്‌കര്‍ ഓപ്പറേഷണല്‍ കമാന്‍ഡറുമായ സാകി ഉര്‍ റഹ്മാന്‍ ലഖ്വി അടക്കമുള്ളവര്‍ അറസ്റ്റിലായി.

പാകിസ്താന്‍ അന്വേഷണ ഏജന്‍സിയായ എഫ്‌ഐഎ (ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ബോട്ട് വിറ്റയാളെ അറസ്റ്റ് ചെയ്തു. പണം നല്‍കിയയാളെയും അറസ്റ്റ് ചെയ്തു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഐബി സംഘത്തെ അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം ആവശ്യപ്പെട്ടെങ്കിലും യുഎസ് വഴങ്ങിയില്ല. ഐബി ഉദ്യോഗസ്ഥര്‍ക്ക് എഫ്ബിഐ ആസ്ഥാനത്തെത്തി, ഹെഡ്‌ലിയുടെ ഫോട്ടോയുമായി മടങ്ങാനേ കഴിഞ്ഞുള്ളൂ.

ചാരന്‍മാരുടെ ലോകത്ത് ഹെഡ്ലിയുടെ വില വലുതാണ്; അയാള്‍ സംരക്ഷിക്കപ്പെടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍