UPDATES

ഫൈനാൻസ്

തിരുവനന്തപുരമടക്കമുള്ള വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയത് ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശിപാര്‍ശകള്‍ തള്ളി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിയെ ഏല്‍പ്പിച്ചതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട്  ധനമന്ത്രാലയവും നീതി ആയോഗും നല്‍കിയ ശുപാര്‍ശകള്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ സമിതി തള്ളി. ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അനുവദിക്കരുതെന്ന ഈ വകുപ്പുകളുടെ ശിപാര്‍ശയാണ് പബ്ലിക്ക് – പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പ് തീരുമാനിക്കുന്ന PPP Appraisal Committee (PPPAC) തള്ളിയത്. ഇതോടെയാണ് തിരുവനന്തപുരം അടക്കം എല്ലാ വിമാനത്താവളങ്ങളുടെയും നടത്തിപ്പിനുള്ള ലേലത്തില്‍ പങ്കുകൊള്ളാന്‍ അദാനി ഗ്രൂപ്പിന് അവസരം ലഭിച്ചത്.

കഴിഞ്ഞ നവംബര്‍ 28-നാണ് ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 11-ന് ചേര്‍ന്ന പാനലാണ് ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാര്‍ശകള്‍ തള്ളിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഒരു കമ്പനിക്ക് നല്‍കരുതെന്നതിന് പുറമെ നടത്തിപ്പ് കമ്പനിക്ക് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട മുന്‍കൂര്‍ പ്രവര്‍ത്തി പരിചയം വേണമെന്നും ശിപാര്‍ശ  ചെയ്തിരുന്നു.

ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂര്‍, തിരുവനന്തപുരം, മംഗലുരു, ഗുഹാവത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് അദാനിക്ക് ലഭിച്ചത്. അദാനി എൻറർപ്രൈസസ് ലിമിറ്റഡിനാണ് നടത്തിപ്പ ് ചുമതല നൽകിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കേരള സര്‍ക്കാര്‍ പങ്കാളിയായിട്ടുള്ള കമ്പനിക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കരുതെന്നും, ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതുപോലെ തന്നെ നടക്കണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ഈ ആവശ്യം ഉന്നയിച്ച് സുരേഷ്‌ഗോപി എംപിയും ബിജെപി നേതാക്കളും വ്യോമയാന മന്ത്രിയെ കണ്ടിരുന്നു.

ധനമന്ത്രാലയത്തിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇക്കോണമിക്ക് അഫേയേഴ്സാണ് സ്വകാര്യവത്ക്കണത്തിനായുള്ള മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചത്. വിവിധ കമ്പനികള്‍ക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം നല്‍കുന്നത് മല്‍സര ക്ഷമത വര്‍ധിപ്പിക്കുമെന്നും ഒരേ കമ്പനിക്ക് താനെ നല്‍കുന്നത് നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിസ്ക്‌ എടുക്കലാകുമെന്നും ധനമന്ത്രാലയത്തിന്റെ ഇക്കോണമിക്ക് ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദ്ദേശം ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പാനല്‍ തള്ളി കളയുകയായിരുന്നു. എംപവേഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസിന്റെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാനല്‍ നിര്‍ദ്ദേശം തള്ളിയതെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നീതി ആയോഗ് സി.ഇ.ഓ അമിതാഭ് കാന്താണ് ഈ എംപവേര്‍ഡ് ഗ്രൂപ്പിന്റെ തലവന്‍. എത്ര വിമാനത്താവളങ്ങള്‍ ഒരു കമ്പനിക്ക് നല്‍കാമെന്ന കാര്യത്തില്‍ നിബന്ധനകള്‍ വേണ്ടെന്നാണ് എംപവേഡ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയത്.

മുന്‍കാല പരിചയമുള്ളവരെ പരിഗണിക്കണമെന്നതായിരുന്നു നീതി ആയോഗിന്റെ നിര്‍ദ്ദേശം. മുന്‍ പരിചയമില്ലാത്ത കമ്പനികള്‍ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ശീലമുള്ള കമ്പനികളുമായി കൂട്ടുചേര്‍ന്നുകൊണ്ടുള്ള സംവിധാനം വേണമെന്നും നീതി ആയോഗിന്റെ ശുപാര്‍ശയിലുണ്ടായിരുന്നു. ഈ നിര്‍ദ്ദേശവും എംപവേഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് പാനല്‍ തള്ളിയത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുമ്പോള്‍ ഈ മാനദണ്ഡം വ്യവസ്ഥ ചെയ്തിരുന്നു. ഇതും മറികടന്നാണ് അദാനിക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല നല്‍കിയത്.

2018 നവംബര്‍ എട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തത്വത്തില്‍ തീരുമാനിക്കുന്നു.

ഡിസംബര്‍ 10-ന് നീതി ആയോഗും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇക്കോണമിക്ക് അഫേയേഴ്സും (DEA) ഇതിനുള്ള ചട്ടങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു.

ഡിസംബര്‍ 11-ന് PPPAC യോഗം ചേര്‍ന്ന് സ്വകാര്യവത്ക്കരണ ശിപാര്‍ശകള്‍ അംഗീകരിക്കുന്നു. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരു കമ്പനിക്ക് നല്‍കരുത് എന്നതടക്കം നീതി ആയോഗിന്റെയും DEA-യുടേയും ശിപാര്‍ശകള്‍ തള്ളിക്കളയുന്നു.

ഡിസംബര്‍ 14-ന് ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ ലേലത്തില്‍ പങ്കു കൊള്ളുന്നതിനുള്ള അറിയിപ്പ് എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കുന്നു.

ഫെബ്രുവരി 25, 26- ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അവകാശം ലേലത്തില്‍ അദാനി ഗ്രൂപ്പിന് ലഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിക്കുന്നു.

മേയ്-ജൂണ്‍: ലോക്സഭാ തെരഞ്ഞെടുപ്പ്.

ജൂലൈ 3-അഹമ്മദാബാദ്, ലക്‌നൗ, മംഗലുരു വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിച്ചതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുന്നു. ബാക്കി ഉള്ളവയുടെ തീരുമാനവും ഉടന്‍ എന്ന് പ്രഖ്യാപനം.

Read Azhimukham: ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം സജീവമാക്കി ഡെമോക്രാറ്റുകള്‍; മുള്ളറുടെ കയ്യില്‍ ഒരു തെളിവുമില്ലെന്ന് ട്രംപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍