UPDATES

പുൽവാമ അന്വേഷണം: ചാവേർ ബോംബർ ആദിൽ അഹ്മദ് ദാറിന്റെ കുടുംബാംഗങ്ങളുടെ ഡിഎൻഎ ശേഖരിക്കും

കശ്മീരിൽ നടന്ന കാർമോഷണങ്ങള്‍ എൻഎൈഎ വിശദമായി പരിശോധിച്ചിരുന്നു. ഇതുവഴി പ്രത്യേകിച്ചൊരു അനുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

പുൽവാമ ഭീകരാക്രമണക്കേസില്‍ ദേശീയാന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായി ശേഖരിച്ച ആദ്യ വിവരങ്ങൾ പുറത്തുവന്നു. ആക്രമണത്തിനുപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു മാരുതി ഈക്കോ കാറാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2010-11 മോഡലാണിതെന്ന് അന്വേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാരുതി സുസൂക്കിയുടെ സാങ്കേതിക വിദഗ്ധരാണ് അന്വേഷകരെ വാഹനത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങളിൽ സഹായിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്തു നിന്നും വാഹനത്തിന്റെ അവശിഷ്ടങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. ഈ കാർ റീപെയിന്റ് ചെയ്തിട്ടുള്ളതായും വിദഗ്ധസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

ചില സൂചനകൾ മാത്രമാണ് ഇപ്പോൾ തങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. കൃത്യമായ ഒരു അനുമാനത്തിൽ ഇനിയും എത്തിയിട്ടില്ല. വാഹനത്തിന്റെ ഭാഗങ്ങൾ 150-200 മീറ്റർ അകലേക്ക് തെറിച്ചുപോയിരുന്നു സ്ഫോടനത്തിൽ. തെരച്ചിലുകളിൽ പുതിയ ചില ഘടകഭാഗങ്ങളും കിട്ടിയിട്ടുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.

സംഭവസ്ഥലത്തു നിന്ന് ഒരു വലിയ കാനിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 20-25 ലിറ്റർ ശേഷിയുള്ളതാണ് ഈ കാൻ. ഇതിലായിരിക്കാം ആർഡിഎക്സ് പായ്ക്ക് ചെയ്തിരിക്കുക എന്ന് അന്വേഷകർ സംശയിക്കുന്നുണ്ട്. ഒരു ചുവന്ന കാറായിരുന്നു പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. ആക്രമണത്തിനുപയോഗിച്ച കാറിന്റേതെന്ന് കരുതുന്ന ഒരു ഷോക്ക് അബ്സോർബർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഘടകഭാഗങ്ങൾ കാറിന്റെ യഥാർത്ഥ നിർമാണ സമയവും മറ്റും കണ്ടെത്താൻ സഹായകമായേക്കുമെന്നാണ് കരുതുന്നത്.

കശ്മീരിൽ നടന്ന കാർമോഷണങ്ങള്‍ എൻഎൈഎ വിശദമായി പരിശോധിച്ചിരുന്നു. ഇതുവഴി പ്രത്യേകിച്ചൊരു അനുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ സംസ്ഥാനത്തിനു പുറത്തു നിന്നായിരിക്കാം ഈ കാർ സ്ഥലത്തെത്തിച്ചിരിക്കുക. ഒരുപക്ഷെ ഇത് മോഷ്ടിച്ച കാറാകണമെന്നും ഇല്ല. മോഷ്ടിച്ച കാറല്ലെങ്കിൽ ഉടമയെ താരതമ്യേന എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞേക്കും.

സംസ്ഥാനത്ത് ജയ്ഷെ മൊഹമ്മദുമായി ബന്ധമുള്ള എല്ലാവരെയും എൻഐഎ നിരീക്ഷിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് പുറത്തു നിന്ന് പിന്തുണ നൽകിയവരെയും ചോദ്യം ചെയ്യുന്നു. ജെയ്ഷെ മൊഹമ്മദ് പറയുന്നതു പ്രകാരം ആദിൽ അഹ്മദ് ദാർ എന്നയാളാണ് ആക്രമണത്തിൽ ചാവേറായത്. ദാറിന്റെ കുടുംബത്തിന്റെ ഡിഎൻഎ സാമ്പിളുകൾ എൻഐഎ എടുക്കും. കാകപോറയിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. ആക്രമണസ്ഥലത്തു നിന്നും ലഭിച്ച മാംസ-രക്ത ഭാഗങ്ങളുമായി ഈ ഡിഎൻഎ താരതമ്യപ്പെടുത്തി അനുമാനത്തിലെത്തും. തിങ്കളാഴ്ച നടന്ന ഒരു ഏറ്റുമുട്ടലിൽ പാകിസ്താൻ സ്വദേശിയായ കമ്രാൻ എന്നൊരു ജയ്ഷെ മൊഹമ്മദ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇയാളാണ് ദാറിന് പരിശീലനം നൽകിയതെന്ന് അന്വേഷകർ കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍