UPDATES

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ അഞ്ചു കുറ്റങ്ങള്‍

നമ്മുടെ നീതിപീഠം ദൃഢവും എക്സിക്യൂട്ടീവില്‍ നിന്നും സ്വതന്ത്രവും, അതിന്റെ ഭണഘടന ചുമതലകള്‍ സത്യസന്ധവും ഭയരഹിതവും തുല്യവുമായി നിര്‍വഹിക്കുമ്പോള്‍ മാത്രവുമാണ് ജനാധിപത്യത്തിന് വളരാന്‍ കഴിയുക

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിക്കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം. ഇന്നലെ രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതിക്കാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.

ഈ ദിവസം ഒരിയ്ക്കലും വരാതിരുന്നെങ്കില്‍ എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. നമ്മുടെ ഭരണഘടന ചട്ടക്കൂടില്‍ കോടതിക്ക് സവിശേഷമായ സ്ഥാനമുണ്ട്. അതിന്റെ സ്വാതന്ത്ര്യം എന്നത് ഭരണഘടനാപരമായ ഒരു അനിവാര്യതയാണ്, അതില്ലെങ്കില്‍ ജനാധിപത്യം മുടന്തിപ്പോകും. ബാഹ്യ ഇടപെടലുകളില്‍ നിന്നും സ്വയം സംരക്ഷിക്കുകയും കാക്കുകയും ചെയ്യേണ്ട അത് സംശയത്തിന് അതീതമായിരിക്കുകയും വേണം. ഇതുകൊണ്ടാണ് ന്യായാധിപന്‍മാര്‍ സ്വഭാവദാര്‍ഢ്യത്തിന്റെ ഉയര്‍ന്ന മാനദണ്ഡം കാത്തുസൂക്ഷിക്കേണ്ടത്. അവര്‍ അതേ മാനദണ്ഡങ്ങളുടെ പരിശോധനകള്‍ക്കും വിധേയരാകണം. നീതിന്യായ സംവിധാനത്തിനുള്ളില്‍ ചീഫ് ജസ്റ്റിസിന്റേത് ഒരു ഉന്നത പദവിയാണ്. നീതി നിര്‍വ്വഹണത്തില്‍ അദ്ദേഹത്തിന്റേത് തുല്യരില്‍ ഒരാള്‍ എന്നാണെങ്കില്‍ ഭരണനിര്‍വ്വഹണത്തില്‍ വിപുലമായ അധികാരങ്ങളുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഈ ഉയര്‍ന്ന പദവിയില്‍ എത്തിയതു മുതല്‍ അദ്ദേഹം ചില വ്യവഹാരങ്ങളോട് കൈക്കൊണ്ട സമീപനവും എടുത്ത ചില ഭരണപരമായ തീരുമാനങ്ങളും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. സുപ്രീം കോടതിയിലെ ആഭ്യന്തര മുറുമുറുപ്പുകള്‍ ന്യായാധിപന്മാര്‍ തമ്മിലുള്ള പരസ്യമായ തര്‍ക്കങ്ങള്‍ വരെയെത്തി. ജനുവരി, 12, 2018-നു സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ന്യായാധിപന്മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ചീഫ് ജസ്റ്റിസിന്റെ അധികാരവിനിയോഗരീതിയില്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയതില്‍ ഇത് പ്രതിഫലിച്ചു. ഈ പശ്ചാത്തലത്തില്‍ അവര്‍ ചീഫ് ജസ്റ്റിസിനെഴുതിയ ഒരു കത്ത് അവര്‍ മാധ്യമങ്ങള്‍ക്കും നല്കി. കത്തില്‍, മുമ്പ് തീര്‍പ്പാക്കിയ Memorandum of Procedure-നേ ഒരു കോടതി ഉത്തരവിലൂടെ അസ്ഥിരമാക്കാനുള്ള നീക്കത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. കുറച്ചു കാലമായി സുപ്രീം കോടതിയിലെ ഭരണ നിര്‍വഹണം ശരിയായ രീതിയില്‍ അല്ലെന്നും അനഭിലഷണീയമായ പലതും സംഭവിക്കുന്നു എന്നും ന്യായാധിപന്മാര്‍ പറഞ്ഞു. ഈ രാജ്യത്തോട് ബാധ്യതയുള്ള കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാര്‍ എന്ന നിലയില്‍, ചില കാര്യങ്ങള്‍ ശരിയല്ലെന്നും നടപടിയെടുക്കണമെന്നും തങ്ങള്‍ കൂട്ടായി പലതവണ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതായി അവര്‍ പറയുന്നു. തങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വിലപിച്ച അവര്‍, ഈ സ്ഥാപനത്തെ സംരക്ഷിച്ചില്ലെങ്കില്‍ രാജ്യത്തു ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ബോധ്യമായതായും പറയുന്നു. ചോദിച്ചപ്പോള്‍, അന്ന് ജഡ്ജ് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജികള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ അവര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്ന പ്രസ്താവനകളിലൂടെ ന്യായാധിപന്മാര്‍ പുറപ്പെടുവിച്ച ആശങ്കകളെ ചീഫ് ജസ്റ്റിസ് പരിഗണിക്കുമെന്നും, കുഴപ്പങ്ങള്‍ പരിഹരിക്കുമെന്നും ഞങ്ങള്‍ കരുതി. മൂന്നു മാസത്തിലേറെ കഴിഞ്ഞിരിക്കുന്നു. ഒരു മാറ്റവും ഉണ്ടായിട്ടില്ല.

എക്സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ക്ക് മുന്നില്‍ നീതിപീഠത്തിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഒന്നും ചെയ്യുന്നില്ലെന്ന് രണ്ടു മുതിര്‍ന്ന ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനയച്ച കത്തുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തെതന്നെ സൂചിപ്പിച്ചുകൊണ്ട്, നീതിന്യായസംവിധാനത്തിന്റെ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീം കോടതിയിലെ ന്യായാധിപന്മാര്‍ത്തന്നെ പറയുമ്പോള്‍, രാജ്യത്തിന് കയ്യും കെട്ടി ഒന്നും ചെയ്യാതിരിക്കാനാവുമോ? പൌരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും നാം കാത്തുസൂക്ഷിക്കുന്ന ജനാധിപത്യത്തിന്റെ വിധിതീര്‍പ്പുകാരനാവുകയും ചെയ്യേണ്ട ഒരു സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ നേരിട്ടത് ഈ ചോദ്യമാണ്. തെരഞ്ഞെടുപ്പ് എളുപ്പമായിരുന്നില്ല, കാരണം ഇരുവശത്തായാലും പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്.
ഈ സാഹചര്യത്തില്‍ ഒരു പരിഹാരം മാത്രമാണ് ഭരണഘടന അനുവദിക്കുന്നത്. ഒരു കുറ്റവിചാരണ പ്രമേയം –impeachment motion- നല്‍കുകയല്ലാതെ, സ്ഥാപനത്തെ സംരക്ഷിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാത്തതിനാല്‍, ഞങ്ങള്‍, രാജ്യസഭ അംഗങ്ങള്‍, ഹൃദയ ഭാരത്തോടെ അത് ചെയ്യുന്നു.

മുകളില്‍ സൂചിപ്പിച്ച പശ്ചാത്തലത്തിലും കുറ്റവിചാരണ പ്രമേയത്തില്‍ പറയുന്ന സ്വഭാവമര്യാദലംഘന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും ഞങ്ങള്‍ കുറ്റവിചാരണ പ്രമേയം നല്കുന്നു. ആ കുറ്റാരോപണങ്ങള്‍ ഇവിടെ വീണ്ടും വിശദമായി ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചീഫ് ജസ്റ്റിസിന്റെ പദവി കയ്യാളുന്ന ഒരാള്‍ സ്വഭാവദാര്‍ഢ്യത്തിന്‍റെ ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങളാല്‍ അളക്കപ്പെടണം എന്നു മാത്രമാണു ഞങ്ങള്‍ പറയാനാഗ്രഹിക്കുന്നത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയ ഒരാള്‍ക്ക് ചേരാത്തതാണ് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍.

ഇനി പ്രതീക്ഷയില്ല; എല്ലാം ആസൂത്രിത നാടകം, ചെറിയവരായ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? ജസ്റ്റിസ് ലോയയുടെ കുടുംബം

ആദ്യത്തെ ആരോപണം Prasad Education Trust വിഷയത്തില്‍ അതുമായി ബന്ധപ്പെട്ടവര്‍ കോഴ നല്‍കാന്‍ ശ്രമിച്ചതിനുള്ള ഗൂഢാലോചനയും ആ തര്‍ക്കം ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്ത രീതിയുമായും ബന്ധപ്പെട്ടതാണ്. സി ബി ഐ ഒരു FIR രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡിഷ ഹൈക്കോടതിയിലെ ഒരു മുന്‍ ന്യായാധിപനടക്കമുള്ള ഇടനിലക്കാരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖയും മറ്റ് രേഖകളുമുണ്ട്. ഇതില്‍ ചീഫ് ജസ്റ്റിസിനെ പരോക്ഷമായി പരാമര്‍ശിക്കുന്നുമുണ്ട്. സി ബി ഐ തെളിവുകള്‍ കൈമാറിയിട്ടും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ FIR രേഖപ്പെടുത്താനുള്ള അനുമതി നിഷേധിച്ചത് തെറ്റായ പെരുമാറ്റമാണ്. ഇതെല്ലാം സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

താന്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന Prasad Education Trust വിഷയത്തിലെ ഒരു റിട്ട് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എടുത്ത ഭരണപരവും, വിധിതീര്‍പ്പ് സംബന്ധവുമായ വിഷയത്തിലാണ് രണ്ടാമത്തെ ആരോപണം. ചീഫ് ജസ്റ്റിസ് ഒരു ഭരണഘടന ബഞ്ചില്‍ ഉള്ളപ്പോള്‍, വ്യവഹാരങ്ങള്‍ പട്ടികയില്‍ കേള്‍ക്കാനുള്ള പട്ടിക തയ്യാറാക്കാനുള്ളപ്പോള്‍ അതിനുള്ള അപേക്ഷ ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെയുള്ള ന്യായാധിപന്‍ കേള്‍ക്കലാണ് സുപ്രീം കോടതിയില്‍ ഉള്ള കീഴ്വഴക്കം. ഇത് കാലങ്ങളായുള്ള പതിവാണ്. നവംബര്‍ 9, 2017-നു ചീഫ് ജസ്റ്റിസ് ഭരണഘടന ബഞ്ചില്‍ ഇരിക്കുന്നതിനാല്‍ രാവിലെ 10:30നു ജസ്റ്റിസ് ചെലമേശ്വരിന്റെ മുന്നില്‍ ഒരു റിട്ട് ഹര്‍ജി എത്തി. അത് അന്നേ ദിവസം പട്ടികയില്‍ പെടുത്താനുള്ളതായിരുന്നു. ആ ഹര്‍ജി എടുത്തപ്പോള്‍ നവംബര്‍ 6, 2017 എന്നു തീയതി കുറിച്ച ഒരു കുറിപ്പ് ഹര്‍ജി കേള്‍ക്കുന്ന ന്യായാധിപന്‍മാരുടെ മുന്നില്‍ രജിസ്ട്രിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ നല്കി. ഇതാണ് മൂന്നാമത്തെ ആരോപണത്തിന്റെ അടിസ്ഥാനം. നവംബര്‍ 9-നു ജസ്റ്റിസ് ചലമേശ്വര്‍ കേള്‍ക്കുന്ന വിഷയത്തിലാണ് മുന്‍ തീയതിയിലുള്ള ഒരു കുറിപ്പു നല്കിയത്. ഇങ്ങനെ മുന്‍ തീയതി ഇടുന്നത് എന്തുകൊണ്ടും ഗൌരവമായ ഒരു ആരോപണമാണ്.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ ഞങ്ങള്‍ ഉന്നയിച്ച ആരോപണം ശരിയാണെന്നുവരും-ജസ്റ്റിസ് ചെലമേശ്വര്‍

നാലാമത്തെ ആരോപണം അഭിഭാഷകനായിരിക്കെ വ്യാജ സത്യവാങ്മൂലം നല്കി ചീഫ് ജസ്റ്റിസ് ഭൂമി ഏറ്റെടുത്തു എന്നതാണ്. കൂടാതെ, 1985-ല്‍ ADM ഈ അനുമതി റദ്ദാക്കിയിട്ടും സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ഭൂമി 2012-ല്‍ വിട്ടുകൊടുത്തത്.

വിധികളെ സ്വാധീനിക്കുന്നതിനെന്ന് കരുതാവുന്ന തരത്തില്‍, Master of Roaster എന്ന തന്റെ അധികാരം ദുരുപയോഗിച്ചുകൊണ്ട്, നിര്‍ണ്ണായകമായ വിഷയങ്ങള്‍ ചില പ്രത്യേക ബഞ്ചുകളിലേക്ക് അയച്ച് ചീഫ് ജസ്റ്റിസ് അധികാര ദുര്‍വിനിയോഗം നടത്തി എന്നതാണ് അഞ്ചാമത്തെ ആരോപണം.

ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളോട് ഉത്തരവാദികളാണ് എന്ന പോലെ ഞങ്ങള്‍ക്ക് ചീഫ് ജസ്റ്റിസിനെ ഉത്തരവാദിത്തത്തില്‍ നിര്‍ത്താന്‍ അവകാശമുണ്ട്. നിയമത്തിന്റെ ഔന്നത്യമാണ് ഏത് പദവിയുടെ ഔന്നത്യത്തെക്കാളും വലുത്.

സത്യം മാത്രം വിജയിക്കും എന്നുറപ്പാക്കാന്‍ ഒരു സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഞങ്ങള്‍ കരുതുന്നു. നമ്മുടെ നീതിപീഠം ദൃഢവും എക്സിക്യൂട്ടീവില്‍ നിന്നും സ്വതന്ത്രവും, അതിന്റെ ഭണഘടന ചുമതലകള്‍ സത്യസന്ധവും ഭയരഹിതവും തുല്യവുമായി നിര്‍വഹിക്കുമ്പോള്‍ മാത്രവുമാണ് ജനാധിപത്യത്തിന് വളരാന്‍ കഴിയുക.

സുപ്രീംകോടതിയുടെ നിലനിൽപ്പും ജീവനും അപകടത്തിൽ; ചരിത്രം നമ്മളോട് പൊറുക്കില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍