UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരക്ഷാ സേന ഒരാളെ തല്ലിക്കൊന്നു

അഞ്ചംഗ സംഘത്തെയാണ് ആക്രമിച്ചത്

രാജസ്ഥാനില്‍ ഗോരക്ഷാ സേന ആക്രമിച്ച അഞ്ചു പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ ഫേലു ഖാനാണ് ആല്‍വാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി മരിച്ചത്. ഗോരക്ഷാ സേനയുടെ ആക്രമണത്തിന് ഇരയായ മറ്റു നാലു പേരും ഹരിയാനയില്‍ തിരിച്ചെത്തിയെങ്കിലും ഗോസംരക്ഷണ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമം നടത്തിയ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.

ശനിയാഴ്ചയാണ് ജയ്പൂരില്‍ നിന്ന് 75,000 രൂപാ നല്‍കി കറവയുള്ള രണ്ട് പശുക്കളെ വാങ്ങി അഞ്ചംഗ സംഘം ഹരിയാനയിലേക്ക് തിരിച്ചത്. എന്നാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വൈകിട്ട് ആറു മണിയോടെ ഇവരുടെ വാഹനം തടയുകയായിരുന്നു. ഓരോരുത്തരുടേയും പേരു ചോദിച്ചതിനു ശേഷം അര്‍ജുന്‍ എന്നു പേരുള്ള ഒരു ഡ്രൈവറെ വിട്ടയയ്ക്കുകയും ചെയ്തു.

പശുക്കളെ കൊണ്ടു പോകാനുള്ള നിയമപരമായ എല്ലാ രേഖകളും ഉണ്ടായിട്ടും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഫേലു ഖാനൊപ്പം വാഹനത്തിലുണ്ടായിരുന്ന 22-കാരന്‍ അസ്മത് പറഞ്ഞു. “പശുക്കളെ കടത്തുകയായിരുന്നില്ല ഞങ്ങള്‍. എല്ലാ രേഖകളും കൈവശമുണ്ടായിരുന്നു. അവയെ ഒളിച്ചു പോലുമല്ല വാഹനത്തില്‍ നിര്‍ത്തിയിരുന്നത്. ചെറിയ മിനി ട്രക്കില്‍ എല്ലാവര്‍ക്കും കാണാവുന്ന വിധത്തിലായിരുന്നു. എന്നാല്‍ ഞങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്റെ കൈയിലുണ്ടായിരുന്ന 35,000 രൂപയും പിടിച്ചു വാങ്ങി”- അസ്മത് പറയുന്നു.

ഫേലു ഖാനെ വൃദ്ധനായതു കൊണ്ട് ഓടി രക്ഷപെടാന്‍ പറഞ്ഞതിനു ശേഷം ഓടാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ടത്ര ചികിത്സ ലഭ്യമാക്കിയില്ലെന്നും ഫേലു ഖാന്‍ മരിക്കാന്‍ കാരണമതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഗോ രക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ മര്‍ദ്ദിക്കുന്ന രംഗം സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍