UPDATES

ട്രെന്‍ഡിങ്ങ്

അഞ്ച് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനം 200 കോടി: ബിജെപിയും കോണ്‍ഗ്രസും വെളിപ്പെടുത്തിയില്ല, സിപിഎം മുന്നില്‍

വിവരം പുറത്ത് വിട്ടത് സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ എന്നീ പാര്‍ട്ടികളാണ്. ഈ പാര്‍ട്ടികളുടെയെല്ലാം കൂടി വരുമാനം വാര്‍ഷിക വരുമാനം 200.76 കോടി രൂപയാണ്.

രാജ്യത്തെ അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്ക് കൂടിയുള്ള വരുമാനം 200 കോടി രൂപയ്ക്ക് മുകളില്‍. 2015-16ലെ കണക്ക് പ്രകാരമാണിത്. ഇന്ത്യയില്‍ ആകെ ഏഴ് ദേശീയ പാര്‍ട്ടികളാണുള്ളത്. ഇതില്‍ ഏറ്റവും വലിയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരം പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. വിവരം പുറത്ത് വിട്ടത് സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ എന്നീ പാര്‍ട്ടികളാണ്. ഈ പാര്‍ട്ടികളുടെയെല്ലാം കൂടി വരുമാനം വാര്‍ഷിക വരുമാനം 200.76 കോടി രൂപയാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു) എന്നിവ ചേര്‍ന്ന തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഞ്ച് പാര്‍ട്ടികള്‍ക്ക് കൂടി കിട്ടിയിരിക്കുന്ന വരുമാനത്തില്‍ 4.75 കോടി രൂപ മാത്രമാണ് അറിയപ്പെടുന്ന സംഭാവനാ സ്രോതസുകളില്‍ നിന്നുള്ളത്. വരുമാനത്തിന്റെ 66.92 ശതമാനം (134.35 കോടി രൂപ) വരുമാനവും വന്നിരിക്കുന്നത് വസ്തു വില്‍പ്പന, അംഗത്വ ഫീസ്, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന, പാര്‍ട്ടി ലെവി എന്നിവയിലൂടെ വന്നിരിക്കുന്നതാണ്. ബാക്കിയുള്ള 30.71 ശതമാനമാണ് (61.66 കോടി രൂപ) സ്രോതസ് വെളിപ്പെടുത്താത്ത വരുമാനം. സിപിഎമ്മിനാണ് ഇക്കൂട്ടത്തില്‍ വരുമാനവും സ്വത്തും കൂടുതല്‍. 2015-16 വര്‍ഷം 107.48 കോടി രൂപ വരുമാനം സിപിഎമ്മിനുണ്ടായിട്ടുണ്ടെന്നാണ് എഡിആര്‍ റിപ്പോര്‍ട്ടിലെ കണക്ക്. ഇതില്‍ 45.14 കോടി രൂപയുടെ സ്രോതസ് വ്യക്തമല്ലെന്നും പറയുന്നു. രണ്ടാം സ്ഥാനത്ത് ബിഎസ്്പിയാണ് (47.38 കോടി രൂപ). സിപിഐയുടേതാണ് ഏറ്റവും കുറവ് – 2.17 കോടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 9.7 കോടി രൂപ സ്രോതസ് വെളിപ്പെടുത്താത്തതാണ്.

ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ വരുമാനം സംബന്ധിച്ചും സ്വത്ത് വിവരം സംബന്ധിച്ചും ഇതുവരെ ഓഡിറ്റ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ല. സമര്‍പ്പിക്കേണ്ട സമയപരിധി കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിരിക്കുന്നു. 2016 ഒക്ടോബര്‍ 31 ആയിരുന്നു അവസാന തീയതി. സിപിഎമ്മും ബിഎസ്പിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് അനുവദിച്ച സമയത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറിയത്. സിപിഐ നവംബര്‍ 17നും എന്‍സിപി മാര്‍ച്ച് ഒന്നിനും റിപ്പോര്‍ട്ട് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍