UPDATES

ടുജി കേസ്: തെളിവുകള്‍ക്ക് വേണ്ടിയുളള തന്റെ ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് വൃഥാവിലായെന്ന് ജഡ്ജി ഒ പി സെയ്‌നി

ഒപ്പിടാത്ത രേഖകള്‍ക്ക് കോടതിയില്‍ എന്ത് സ്ഥാനമാണുള്ളതെന്നും ജസ്റ്റിസ് സെയ്‌നി ചോദിക്കുന്നു. സുപ്രധാന കേസുകള്‍ കോടതികളില്‍ ഉള്‍പ്പെടെ അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം വ്യാപകമാകുന്ന ഇക്കാലത്ത് ജസ്റ്റിസ് സെയ്‌നിയുടെ വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവരികയാണ

തെളിവുകള്‍ക്ക് വേണ്ടിയുള്ള തന്റെ ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് വൃഥാവിലായെന്ന് 2011 മുതല്‍ 2ജി കേസിന്റെ വിചാരണ കേള്‍ക്കുന്ന പ്രത്യേക ജഡ്ജി ഒ പി സെയ്‌നി പറഞ്ഞു. എല്ലാവരും കിംവദന്തികളുടെയും ഊഹാപോഹങ്ങളുടെയും അപവാദങ്ങളുടെയും പിറകെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി വേനല്‍ അവധികാലത്തുള്‍പ്പടെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ച് വരെ താന്‍ കേസിന്റെ വാദം കേള്‍ക്കുകയായിരുന്നുവെന്നും അപ്പോഴൊക്കെ ആരെങ്കിലും നിയമപരമായി നിലനില്‍ക്കുന്ന തെളിവുകളുമായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ജസ്റ്റിസ് സെയ്‌നി പറഞ്ഞു. പക്ഷെ അവയെല്ലാം പാഴായി.

എല്ലാവരും പൊതുബോധത്തിന്റെ പിന്നാലെ പായുകയായിരുന്നു. എന്നാല്‍, പൊതുബോധത്തിന് നിയമനടപടികളില്‍ യാതൊരു സ്ഥാനവുമില്ലെന്നും 1,552 പേജ് വരുന്ന വിധിന്യായത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസ് വലിയ പൊതുജനശ്രദ്ധ നേടിയിരുതിനാല്‍ വാദത്തിന് ധാരാളം ആളുകള്‍ എത്തിയിരുന്നു. കോടതി നടപടിക്രമങ്ങളില്‍ എല്ലാവര്‍ക്കും വലിയ ആകാംഷയും ഉണ്ടായിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുില്ലെന്ന് വിസ്താരത്തിനിടയില്‍ ധാരാളം പേര്‍ പറഞ്ഞു. എന്നാല്‍ അത്തരം ഒരാരോപണം നടത്തുന്നതിന് ഉപോല്‍ബലമായ നിശ്ചിത രേഖകള്‍ ഉണ്ടോ എന്ന ചോദ്യത്തില്‍ നിന്നും അവരൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു. കൂടുതല്‍ അന്വേഷണം ആവശ്യമാണോ അല്ലെങ്കില്‍ സിബിഐ വിട്ടുകളഞ്ഞ കൂടുതല്‍ പ്രതികളെ വിളിച്ചുവരുത്തണമെന്നോ അവരില്‍ ചിലരെങ്കിലും ആവശ്യപ്പെട്ട് അവരില്‍ ചിലരെങ്കിലും അപേക്ഷകള്‍ രേഖാമൂലം സമര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം വിധിന്യായത്തില്‍ പറയുന്നു.

എന്നാല്‍ ഈ അപേക്ഷകളൊന്നും നിയമപരമായി നിലനില്‍ക്കുതായിരുന്നില്ല. നേരത്തെ കോടതിയിലുള്ള രേഖളുടെയോ അല്ലെങ്കില്‍ പ്രസക്തമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലുള്ളതോ ആയിരുന്നു ഇവയെല്ലാം. അതുകൊണ്ട് അതൊക്കെ തള്ളിക്കളയേണ്ടി വന്നു. മാത്രമല്ല ആരും കോടതി സാക്ഷികളാവാനും തയ്യാറായില്ല. തുടക്കത്തില്‍ വാദിഭാഗം വലിയ ആവേശമാണ് കാണിച്ചത്. അവര്‍ തെളിയിക്കേണ്ട വസ്തുതയുടെ കാര്യത്തില്‍ വളരെ കരുതലും സൂക്ഷമതയും കാണിച്ചു. എന്നാല്‍ പിന്നീട് അവരുടെ വാദങ്ങള്‍ പിന്നോക്കം പോവുകയും ദിശബോധം നഷ്ടപ്പെടുകയും ചെയ്തതായും അദ്ദേഹം വിമര്‍ശിക്കുന്നു. സിബിഐയുടെ പില്‍ക്കാല പെരുമാറ്റത്തെ കുറിച്ച് ചില ഉദാഹരണങ്ങളും ജസ്റ്റിസ് സെയ്‌നി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മിക്ക അപേക്ഷകളും മറുപടികളും മുതിര്‍ന്ന ഉദ്യോഗസ്ഥരോ പ്രോസിക്യൂട്ടറോ അല്ല ഒപ്പിട്ട് സമര്‍പ്പിച്ചത്. ഏറ്റവും താഴെയുള്ള ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറാണ് അവയിലെല്ലാം ഒപ്പിട്ടിരുന്നത്. ഇതിനെ കുറിച്ച് സീനിയര്‍ പബളിക്ക് പ്രോസിക്യൂട്ടറോട്് അന്വേഷിച്ചപ്പോള്‍ സ്‌പെഷ്യല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പിടും എന്നാണ് പറഞ്ഞത്. സ്‌പെഷ്യല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടറോട് ആരാഞ്ഞപ്പോള്‍ അവയെല്ലാം സിബിഐ ഉദ്യോഗസ്ഥര്‍ ഒപ്പിടും എന്നായിരുന്നു മറുപടി.

അന്തിമവാദം ആരംഭിച്ചപ്പോള്‍ കുറ്റസമ്മതങ്ങള്‍ എഴുതി സമര്‍പ്പിക്കാമെന്ന് പ്രോസിക്യൂട്ടര്‍ സമ്മതിച്ചിരുന്നു. പക്ഷെ ഇതേ വാദം അദ്ദേഹം ഏഴ് മാസം തുടര്‍ന്നു. ഒടുവില്‍ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അദ്ദേഹം എഴുതി തയ്യാറാക്കിയ കുറ്റസമ്മതങ്ങള്‍ സമര്‍പ്പിച്ചു. പക്ഷെ, അതില്‍ ആരും ഒപ്പിട്ടിട്ടില്ലായിരുന്നു. ഒപ്പിടാത്ത രേഖകള്‍ക്ക് കോടതിയില്‍ എന്ത് സ്ഥാനമാണുള്ളതെന്നും ജസ്റ്റിസ് സെയ്‌നി ചോദിക്കുന്നു. സുപ്രധാന കേസുകള്‍ കോടതികളില്‍ ഉള്‍പ്പെടെ അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം വ്യാപകമാകുന്ന ഇക്കാലത്ത് ജസ്റ്റിസ് സെയ്‌നിയുടെ വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവരുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍