UPDATES

ട്രെന്‍ഡിങ്ങ്

വിരമിച്ച സൈനികരെ മാധ്യമപ്രവർത്തകരാക്കി പുതിയ വാർത്താ ചാനൽ; ‘രാജ്യത്തിനകത്തെ ശത്രുക്ക’ളെ നേരിടുമെന്ന് മുൻ പട്ടാളക്കാർ

വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചാനലിലെത്തിക്കുകയും വൈവിധ്യം ഉറപ്പിക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് വിരമിച്ച പട്ടാളക്കാരെ മാധ്യമപ്രവർത്തകരായി എടുത്തതിന് ചാനൽ നൽകുന്ന ന്യായീകരണം.

മാർച്ച് 30നാണ് അസോസിയേറ്റഡ് ബ്രോഡ്കാസ്റ്റിങ് കമ്പനി തങ്ങളുടെ ഹിന്ദി വാർത്താ ചാനൽ ‘ടിവി9 ഭാരത്‌വർഷ്’ ലോഞ്ച് ചെയ്തത്. “ജനങ്ങളുടെ അവകാശങ്ങളെ അടിസ്ഥാനമാക്കി അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുകയും അവയെ അഗ്രസീവായി അവതരിപ്പിക്കുകയും ദേശീയ ടെലിവിഷൻ സംസ്കാരം തങ്ങളുടെ മൗലികമായ ശൈലിയാൽ മാറ്റിത്തീർക്കുകയു”മാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് ഈ ചാനൽ പ്രവർത്തനം തുടങ്ങിയത്. പുതിയ റിപ്പോർട്ടുകൾ പറയുന്നത്, ടിവി9 ഹിന്ദി ചാനലിന്റെ മാധ്യമപ്രവർത്തകരായി ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച ആറ് സൈനിക ഉദ്യോഗസ്ഥർ ചുമതലയേറ്റിട്ടുണ്ടെന്നാണ്.

മുൻ ആർമി സ്റ്റാഫ് ഡെപ്യൂട്ടി ചീഫായ ലെഫ്റ്റനന്റ് ജനറൽ ഗുർമീത് സിങ്, മുൻ വ്യോമസേനാ വിങ് കമാൻഡർ അനുമ ആചാര്യ, സ്ക്വാഡ്രൺ ലീഡർ സോണിയ അജയ്, ക്യാപ്റ്റൻ അമൃത് കൗർ, കേണൽ ദൻവീർ സിങ് ചൗഹാൻ, കേണൽ ശൈലേന്ദ്ര എന്നിവരാണ് ടിവി9 ചാനലിൽ മാധ്യമപ്രവർത്തകരായി ചേര്‍ന്നിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെ ചാനലിലെത്തിക്കുകയും വൈവിധ്യം ഉറപ്പിക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് വിരമിച്ച പട്ടാളക്കാരെ മാധ്യമപ്രവർത്തകരായി എടുത്തതിന് ചാനൽ നൽകുന്ന ന്യായീകരണം.

ഏതാണ്ട് 30 അവതാരകരാണ് ചാനലിനുള്ളത്. സാമൂഹ്യപ്രവർത്തകയായ കമല ഭാസിൻ, പ്രിയ മാലിക്, ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും അവതാരകരുണ്ട്. ഒരു ഭിന്നലിംഗക്കാരിയെയും അവതാരകയാക്കാൻ ചാനൽ ഉദ്ദേശിക്കുന്നുണ്ട്.

ചാനൽ അവരുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തിറക്കിയ ഒരു ട്രെയിലർ ഇതെക്കുറിച്ച് കുറെക്കൂടി വ്യക്തത നൽകുന്നുണ്ട്. ‘രാജ്യത്തിനകത്തെ ശത്രുക്കളെ’ നേരിടുകയാണ് മാധ്യമപ്രവർത്തനത്തിലൂടെ താൻ ഉദ്ദേശിക്കുന്നതെന്നാണ് ഈ ട്രെയിലറിൽ ലഫ്റ്റനന്റ് ജനറൽ സിങ് പറയുന്നത്. ഇന്ത്യൻ ആർമിയിൽ 40 വർഷത്തോളം പരിചയസമ്പത്തുണ്ടെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം ജമ്മു കശ്മീരിൽ പത്തുവർഷം പ്രവർത്തിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. രാജ്യത്തിനെതിരെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് താൻ പറയുന്നതെന്നാണ് സിങ്ങിന്റെ വിശദീകരണമെന്ന് ദി പ്രിന്റെ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പട്ടാളത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവരുണ്ടെന്ന് ബാലാകോട്ട് ആക്രമണത്തിനു ശേഷം വസ്തുതകളന്വേഷിച്ചവരെ ലാക്കാക്കി അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍