UPDATES

ട്രെന്‍ഡിങ്ങ്

മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ ‘എലി’കളെ പറ്റി അന്വേഷണം വേണം: മുഖ്യമന്ത്രി ഫഡ്‌നാവിസിനെതിരെ മുന്‍ മന്ത്രി ഏക്‌നാഥ് ഖഡ്‌സെ

എന്തുകൊണ്ട് 10 പൂച്ചകളെ, എലികളെ പിടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ചില്ല എന്ന് ഏക്‌നാഥ് ഖഡ്‌സെ ചോദിച്ചു. ഒരു പൈസയും ചിലവാക്കാതെ കാര്യം സാധിക്കാമായിരുന്നു.

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ എലികളെ കൊല്ലാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെ. ഏഴ് ദിവസത്തിനുള്ളില്‍ 3,19,400 എലികളെ കൊന്നതായാണ് കമ്പനിയുടെ അവകാശവാദമെന്ന് പറഞ്ഞ ഖഡ്സെ, എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് നിയമസഭയില്‍ ഖഡ്‌സെ ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ നല്‍കിയത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴിലുള്ള പൊതുഭരണ വകുപ്പാണ്. മന്ത്രാലയയില്‍ (സെക്രട്ടറിയേറ്റ്) ഒളിച്ചുകളിക്കുന്ന എലികളെക്കുറിച്ച് വിശദമായ അന്വേഷണം വേണം – ഖഡ്‌സെ ആവശ്യപ്പെട്ടു. മന്ത്രാലയയില്‍ ഇത്രയും എലികളുണ്ടോ എന്നും ഇത്രയും എലികളെ ഏഴ് ദിവസത്തിനകം കൊല്ലാന്‍ കഴിയുമോ എന്നും ഏക്‌നാഥ് ഖഡ്‌സെ ചോദിച്ചു.

ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രണ്ട് വര്‍ഷം കൊണ്ടാണ് നഗരത്തിലെ ആറ് ലക്ഷം എലികളെ കൊന്നത്. സെക്രട്ടറിയേറ്റില്‍ ഇത്രയധികം എലികളെ എവിടെ നിന്നാണ് കണ്ടെത്തിയത്. സര്‍വേയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് കമ്പനിക്ക് കരാര്‍ നല്‍കിയത് എന്ന് പറയുന്നു. ആറ് മാസത്തെ സമയമാണ് 3,19,400 എലികളെ കൊല്ലാന്‍ കമ്പനിക്ക് നല്‍കിയിരുന്നത്. ഈ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു ദിവസം 45,628.57 എലികളെ കമ്പനി കൊല്ലേണ്ടി വരും. ഇതില്‍ 0.57 ശതമാനം നവജാത എലികളായിരിക്കണം. ഓരോ 30 സെക്കന്റിലും 31.68 എലികളെ കൊല്ലാന്‍ ശേഷിയുള്ള കമ്പനി ഒരു സൂപ്പര്‍ കമ്പനി തന്നെയാണ് എന്ന് ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞപ്പോള്‍ നിയമസഭയില്‍ കൂട്ടച്ചിരി മുഴങ്ങി. ഇത്രയധികം എലികളെ കൊന്നാല്‍ അവയുടെ ശവശരീരങ്ങള്‍ 9,125 കിലോ ഭാരം വരും. അത് കൊണ്ടുപോകാന്‍ ഒരു ട്രക്ക് തന്നെ വേണ്ടി വരും. എന്നാല്‍ ഇത്തരമൊരു പരിപാടി ഇന്നുവരെ സെക്രട്ടറിയേറ്റില്‍ ആരും കണ്ടിട്ടില്ല – ഖഡ്‌സെ പറഞ്ഞു.

എന്തുകൊണ്ട് 10 പൂച്ചകളെ, എലികളെ പിടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ചില്ല എന്ന് ഏക്‌നാഥ് ഖഡ്‌സെ ചോദിച്ചു. ഒരു പൈസയും ചിലവാക്കാതെ കാര്യം സാധിക്കാമായിരുന്നു. കമ്പനിയെക്കുറിച്ചും കരാറിനെക്കുറിച്ചും സര്‍ക്കാര്‍ പരിശോധനയും അന്വേഷണവും നടത്തുമെന്നാണ് പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി മദന്‍ യെരാവര്‍, ഖഡ്‌സെയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. ഏക്‌നാഥ് ഖഡ്‌സെയ്ക്ക് പിന്തുണയുമായി ബിജെപി എംഎല്‍എ ചരണ്‍സിംഗ് വാഗ്മരെയും രംഗത്തെത്തി. നേരത്തെ ക്രമക്കേടുമായി ബന്ധപ്പെട്ട് വാഗ്മരെ ആര്‍ടിഐ ഫയല്‍ ചെയ്തിരുന്നു. കരാര്‍ കൊടുത്തിരിക്കുന്നത് ലേബര്‍ സൊസൈറ്റിക്കാണ്. ആറ് മാസത്തേയ്ക്കായിരുന്നു. പിന്നീട് ഇത് രണ്ട് മാസത്തേയ്ക്കായി ചുരുക്കി. എന്നാല്‍ കമ്പനി പറയുന്നത്യ ഏഴ് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കിയെന്നാണ്. 2016 മേയ് മൂന്നിനും 10നും ഇടയ്ക്ക് ജോലി നടന്നതായാണ് ബില്‍ബുക്ക് പറയുന്നതെന്നും ചരണ്‍സിംഗ് വാഗ്മരെ ചൂണ്ടിക്കാട്ടി. ഒരു ടെണ്ടര്‍ നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് – വാഗ്മരെ അറിയിച്ചു. ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രി ആയിരുന്ന ഖഡ്സെ, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2016 ജൂണ്‍ മൂന്നിന് രാജി വയ്ക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍