UPDATES

ട്രെന്‍ഡിങ്ങ്

എൻഡി തിവാരി അന്തരിച്ചു; സോഷ്യലിസ്റ്റായി തുടങ്ങി, കോൺഗ്രസ്സിൽ ജീവിച്ച്, ബിജെപിയോട് മൃദുസമീപനത്തിലെത്തിയ ജീവിതം

രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയനേതാവാണ് എൻഡി തിവാരി.

മുൻ ഇത്തർപ്രദേശ് മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ എൻഡി തിവാരി അന്തരിച്ചു. ന്യൂ ഡൽഹിയിലെ സാകേതിൽ മാക്സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. സെപ്തംബർ 20ന് ബ്രെയിൻ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു.

രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയനേതാവാണ് എൻഡി തിവാരി. ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

1942ലാണ് എൻഡി തിവാരി രാഷ്ട്രീയത്തിലിറങ്ങുന്നത്. വനംവകുപ്പിലെ ജോലിയുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനിറങ്ങിയ പിതാവ് പൂർണാനന്ദ് തിവാരിയുടെ പാത പിന്തുടര്‍ന്നായിരുന്നു ഇത്. 1942 ഡിസംബർ 14ന് ബ്രിട്ടീഷ് വിരുദ്ധ ലഘുലേഖകൾ പ്രചരിപ്പിച്ചതിന് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.

1963ലാണ് കുമൗനി ബ്രാഹ്മണനായ എൻഡി തിവാരി കോൺഗ്രസ്സിൽ ചേരുന്നത്. ഇതിനു മുൻപ് ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് കക്ഷിയിലായിരുന്നു. 1976ൽ ഇദ്ദേഹം യുപിയുടെ മുഖ്യമന്ത്രിയായി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തിന് രാഷ്ട്രീയ നീക്കങ്ങൾക്ക് അത് ഏറെ സഹായകമായിത്തീർന്നു. എങ്കിലും ഒരുവട്ടം പോലും ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ കാവാവധി പൂർത്തിയാക്കാൻ തിവാരിക്ക് സാധിച്ചില്ല.

2002ൽ ഇദ്ദേഹം ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി. ഇത്തവണ അഞ്ച് വർഷം തികച്ച് ഭരിച്ചു. 1988ൽ ഉത്തർപ്രദേശിലെ അവസാനത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നതും തിവാരിയാണ്. 1989ൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതിൽപ്പിന്നെ കോൺഗ്രസ്സ് സംസ്ഥാനത്ത് പൊങ്ങുകയുണ്ടായില്ല. മൂന്നു പതിറ്റാണ്ടോളമായി യുപിയിൽ കോൺഗ്രസ്സിന് മുന്നേറ്റങ്ങളൊന്നും നടത്താനായിട്ടില്ല.

1986-87 കാലത്തെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട് തിവാരി. 2007 മുതൽ 2009 വരെയുള്ള കാലയളവിൽ ആന്ധ്ര ഗവർണറായിരുന്നു.

ഏറ്റവുമൊടുവിൽ എൻഡി തിവാരി വാർത്തകളിൽ നിറഞ്ഞത് ഒരു വിവാദത്തിലൂടെയാണ്. തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖർ എന്ന വക്കീൽ ഹരജി സമർപ്പിച്ചു. ഇത് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നായിരുന്നു ആവശ്യം. തന്റെ മാതാവും കോൺഗ്രസ്സ് നേതാവുമായ ഉജ്ജ്വലയുമായി തിവാരി പുലർത്തിയ ബന്ധത്തിലൂടെയാണ് ഇത് സംഭവിച്ചതെന്നും രോഹിത് ഹരജിയിൽ പറഞ്ഞിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്താൻ തിവാരി ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ഉത്തരവ് വന്നതോടെ സമ്മതിക്കേണ്ടി വന്നു. ഇതിൽ എൻഡി തിവാരിയുടെ മകനാണ് രോഹിത് എന്ന് തെളിയിക്കപ്പെട്ടു.

ഈ വർഷം ജനുവരിയിൽ രോഹിത്ത് ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ ആശിർവ്വാദവുമായി തിവാരി വന്നിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഇത്. തിവാരി അമിത് ഷായുമൊത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തത് പുത്രവാത്സല്യം കൊണ്ടാണെന്ന് പിന്നീട് കോൺഗ്രസ്സിന്റെ വിശദീകരണം വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍