UPDATES

ഈ മാസം വിരമിക്കുന്നത് നാല് വിവരാവകാശ കമ്മീഷണർമാർ; നികത്താൻ കേന്ദ്രത്തിന് പദ്ധതിയില്ല; വിവരാവകാശ സ്ഥാപനത്തെ തകർക്കാൻ നീക്കം?

നിലവിൽ പതിനൊന്നംഗ വിവരാവകാശ കമ്മീഷനിൽ നാല് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. നിലവിലുള്ള ഏഴു പേരിൽ നാലുപേർ ഈ മാസം റിട്ടയർ ചെയ്യും.

കേന്ദ്ര വിവരാവകാശ കമ്മീഷനിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി വാദം കേട്ടു കൊണ്ടിരിക്കുകയാണ്. നിലവിലെ സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം ഏറെക്കാലം ഇൻഫർമേഷൻ കമ്മീഷണറെ നിയമിക്കുകയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയിലാണ് വാദം കേൾക്കുന്നത്. കോടതികൾ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അവഗണിക്കുകയായിരുന്നെന്നും ഹരജി ആരോപിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലം സൂചന നൽകുന്നുണ്ടെന്നാണ് വിവരാവകാശ പ്രവർത്തകർ പറയുന്നത്.

നിലവിൽ പതിനൊന്നംഗ വിവരാവകാശ കമ്മീഷനിൽ നാല് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. നിലവിലുള്ള ഏഴു പേരിൽ നാലുപേർ ഈ മാസം റിട്ടയർ ചെയ്യും. ഇതോടെ അംഗബലം വെറും മൂന്നായി ചുരുങ്ങും. വിവരാകവാശ കമ്മീഷൻ എന്ന സ്ഥാപനത്തെ തകർക്കുന്നതിനാണ് ഈ അവഗണനയെന്ന് ഹരജി പറയുന്നു. വിവരാവകാശ അപ്പീലുകൾ കേൾക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സ്ഥാപനമാണ് വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമം നടപ്പാകണമെങ്കിൽ ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് അത്യന്തം നിർണായകമാണ്.

വിവരാവകാശ കമ്മീഷണറുടെ കസേര വീണ്ടും ഒഴിയാൻ പോകുകയാണ്. 2016ൽ ഏറെ സമ്മർദ്ദങ്ങൾക്കു ശേഷം നിയമിക്കപ്പെട്ട രാധാ കൃഷ്ണ മാത്തൂർ ഈ മാസം റിട്ടയർ ചെയ്യും. ഇതിനു ശേഷം ഇദ്ദേഹത്തിന് പകരമായി ഒരാളെ നിയമിക്കാതിരിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴാണ് ഹരജി പരിഗണിക്കപ്പെടുന്നത്.

2014ൽ നിലവിലെ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ മൂന്ന് ഒഴിവുകള്‍ വിവരാവകാശ കമ്മീഷനിലുണ്ടായിരുന്നു. ഇവ നികത്താൻ സർക്കാർ തയ്യാറായില്ലെന്ന് പൊതുതാൽപര്യഹരജി നൽകിയ അനിൽ ഭരദ്വാജ് പറയുന്നു. നാഷണൽ കാംപൈൻ ഫോർ പീപ്പിൾസ് റൈറ്റ് റ്റു ഇൻഫർമേഷൻ എന്ന സംഘടനയ്ക്കു വേണ്ടിയാണ് ഇദ്ദേഹം ഹരജി നൽകിയിരിക്കുന്നത്.

ചീഫ് ഇൻഫർ‍മേഷൻ കമ്മീഷണറായിരുന്ന രാജീവ് മാത്തൂർ 2014ൽ റിട്ടയർ ചെയ്ത ശേഷം ആ സ്ഥാനത്തേക്കും ആരെയും നിയമിച്ചില്ല. ഒടുവിൽ ഡൽഹി ഹൈക്കോടതിയിൽ ഹരജി പോയപ്പോഴാണ് കേന്ദ്രം ഒന്നനങ്ങിയത്. വിവരാവകാശ നിയമത്തെ നശിപ്പിക്കുന്ന തരത്തിൽ‍ ഒഴിവുകൾ നികത്താതിരിക്കുന്നത് ശരിയല്ലെന്ന് 2015 ഏപ്രിൽ 9ന് കോടതി ഉത്തരവിൽ പറഞ്ഞു. 2015 ജൂൺ മാസത്തിലാണ് പുതിയ കമ്മീഷണർ വന്നത്. വിജയ് ശർമ ആറുമാസത്തിനു ശേഷം, 2015 ഡിസംബറിൽ വിരമിക്കുകയും ചെയ്തു.

2016 ജനുവരിയിൽ പുതിയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നു. അതെവർഷം ഡിസംബർ മാസം വരെ 11 അംഗങ്ങളുമായി കമ്മീഷൻ പ്രവർത്തിച്ചു. പിന്നീട് വന്ന ഒഴിവുകളൊന്നും നികത്താൻ സർക്കാർ കൂട്ടാക്കിയില്ല. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ സന്ദർഭം കൂടിയായിരുന്നു അത്. 2016 സെപ്തംബറിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സർക്കുലർ ഇറങ്ങിയെങ്കിലും അതിൽ തുടർനടപടിയുണ്ടായില്ല. പിന്നീടുണ്ടായ ഒരൊഴിവു പോലും നികത്തപ്പെടുകയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹരജി എത്തിയത്.

സുപ്രീംകോടതിയിൽ വിഷയം എത്തി ആദ്യത്തെ വാദം കേട്ട ജൂലൈ 27ന് കേന്ദ്ര സർക്കാരിന്റെ ഒരു പരസ്യം പത്രങ്ങളിൽ വന്നു. ഇൻഫർമേഷൻ കമ്മീഷണർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായിരുന്നു ഇത്. ഈ പരസ്യത്തിൽ പക്ഷെ എത്ര തസ്തികകളുണ്ടെന്നോ എത്ര ശമ്പളമുണ്ടെന്നോ പറഞ്ഞിരുന്നില്ലെന്ന് അനിൽ ഭരദ്വാജ് പറയുന്നു. എത്ര കാലയളവിലേക്കാണ് നിയമനമെന്നും വ്യക്തമാക്കിയിരുന്നില്ല. ഭരദ്വാജ് പറയുന്നതു പ്രകാരം, കേന്ദ്ര സർക്കാർ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള പദ്ധതിയിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ശക്തി ചോർത്തിക്കളയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍