UPDATES

ട്രെന്‍ഡിങ്ങ്

റാഫേല്‍ കരാറില്‍ അനില്‍ അംബാനിയെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്

ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യം തങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ഒളാന്ദ് പറഞ്ഞു.

റാഫോല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയിരിക്കെ സര്‍ക്കാരിന് തലവേദനയായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിനിന്റെ വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി നോമിനേറ്റ് ചെയ്യാന്‍ ഇന്ത്യ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഒളാന്ദ് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയ പാര്‍ട്ടിനോട് പറഞ്ഞിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) കരാര്‍ പങ്കാളിയാക്കിയായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാര്‍. കൂടിയ വിലയ്ക്ക് കുറച്ച് വിമാനങ്ങള്‍ വാങ്ങിയതിലും എച്ച്എഎല്ലിന് പകരം റിലൈന്‍സിനെ കൊണ്ടുവന്നതിലും അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പ്രതിരോധ രംഗത്ത് യാതൊരു പരിചയവുമില്ലാത്തെ റിലൈന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷനാണ് റിലൈന്‍സിനെ തിരഞ്ഞെടുത്തത് എന്നും കേന്ദ്ര സര്‍ക്കാരിന് ഈ തീരുമാനത്തില്‍ യാതൊരു പങ്കുമില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. അതേസമയം ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യം തങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ഒളാന്ദ് പറഞ്ഞു.

ഒളാന്ദിന്റെ പങ്കാളിയായ നടി ജൂലി ഗയറ്റിന്റെ സിനിമ നിര്‍മ്മിക്കാന്‍ അനില്‍ അംബാനിയുടെ തന്നെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ ഒപ്പിട്ടതും മോദിയും ഒളാന്ദും ധാരണാപത്രത്തില്‍ ഒപ്പിട്ടതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. എന്നാല്‍ ജൂലി ഗയറ്റിന്റെ സിനിമയും റാഫേല്‍ കരാറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഒളാന്ദ് പറഞ്ഞു. അതേസമയം അനില്‍ അംബാനിയുടെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഗവണ്‍മെന്റിനോ ഫ്രഞ്ച് ഗവണ്‍മെന്റിനോ യാതൊരു പങ്കുമില്ലെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്‌ പരിശോധിച്ച് ആധികാരികത വരുത്തേണ്ടതുണ്ടെന്നും പ്രതിരോധ വക്താവ് അഭിപ്രായപ്പെട്ടു.

READ ALSO: റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

2016 സെപ്റ്റംബര്‍ 23നാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള 59,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിട്ടത്. ഒക്ടോബറില്‍ റിലൈന്‌സ് ഓഫ്‌സെറ്റ് കരാറില്‍ ജോയിന്റ് പാര്‍ട്‌നറായി. ദസോള്‍ട്ട് റിലൈന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് രൂപീകരിച്ചു. റിലൈന്‍സിന് 51 ശതമാനം ഓഹരിയും ദസോള്‍ട്ടിന് 49 ശതമാനം ഓഹരിയും. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ ദസോള്‍ട്ട് തങ്ങളുമായി ഒപ്പുവച്ചെന്നത് റിലൈന്‍സ് നിഷേധിച്ചിരുന്നു.

126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ കാലത്തെ കരാര്‍. മോദി സര്‍ക്കാര്‍ ഇരട്ടി വിലക്ക് വിമാനം വാങ്ങാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. യുപിഎയുടെ പഴയ കരാറിന് പകരമുള്ള പുതിയ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രഖ്യാപനം നടത്തിയത് 2015 ഏപ്രില്‍ 10ന് ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോളാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷവും നഷ്ടത്തിലാണ് റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ്. 2014ല്‍ 1,75,501 രൂപയുടെ നഷ്ടം. 2015ല്‍ 22,694 രൂപ, 2016ല്‍ 5,75,439 രൂപ, 2017ല്‍ 24,795 രൂപ എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍