UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂഷൺ സ്റ്റീൽ എംഡി നീരജ് സിംഗാൾ അറസ്റ്റിൽ: 2000 കോടിയുടെ തട്ടിപ്പ് കേസ്

ഭൂഷൻ സ്റ്റീലിന്റെ അസോസിയേറ്റ് കമ്പനികളെ ഉപയോഗിച്ച് വ്യാജ ലോണുകൾ വഴിയും വ്യാജ നിക്ഷേപങ്ങൾ വഴിയുമാണ് പണം വകമാറ്റിയത്.

ഭൂഷൺ സ്റ്റീൽ ലിമിറ്റഡിന്റെ മുൻ മാനേജിങ് ഡയറക്ടർ നീരജ് സിംഗാൾ അറസ്റ്റിൽ. ഗൗരവമേറിയ വഞ്ചനാക്കേസുകൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ആണ് സിംഗാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എൺപതോളം ഉപ കമ്പനികളുടെ പേരിൽ രണ്ടായിരം കോടി ലോണെടുത്ത് തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.

ഓഗസ്റ്റ് 14 വരെ സിംഗാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കടക്കെണിയിൽ പെട്ട് പാപ്പരായ ഭൂഷൺ സ്റ്റീൽ ലിമിറ്റഡിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

കമ്പനിനിയമത്തിന്റെ വകുപ്പ് 447 അനുസരിച്ചാണ് സിംഗാളിന്റെ അറസ്റ്റ് നടന്നത്. ഈ വകുപ്പനുസരിച്ച് വഞ്ചനയോ തട്ടിപ്പോ കാണിക്കുന്നവർക്ക് ആറ് മാസം മുതൽ പത്തു വർഷം വരെ തടവ് ലഭിക്കാനിടയുണ്ട്. ഇതുകൂടാതെ പിഴയും വരും. തട്ടിപ്പ് എത്ര സംഖ്യയുടേതാണോ അത്രയും പിഴ വരാം. ചില സന്ദർഭങ്ങളിൽ അത് പ്രസ്തുത തുകയുടെ മുന്നിരട്ടിയാക്കാനും കോടതിക്ക് സാധിക്കും.

കോർപറേറ്റ് കാര്യമന്ത്രാലയമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിന് വിട്ടത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കമ്പനിയുടെ മുൻ മാനേജ്മെന്റുകൾ വിവിധ ബാങ്കുകളിൽ നിന്നും സ്വരൂപിച്ച ആയിരക്കണക്കിന് കോടി രൂപ വകമാറ്റുകയോ വഴിതിരിച്ചുവിടുകയോ തെയ്ത് വൻ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തി. ഇതിനെല്ലാം നേതത്വം നൽകിയത് സിംഗാൾ ആയിരുന്നു. കമ്പനിയുടെ നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടാക്കാൻ ഈ നടപടികൾക്കായെന്നും അന്വേഷകർ കണ്ടെത്തി.

ഭൂഷൻ സ്റ്റീലിന്റെ അസോസിയേറ്റ് കമ്പനികളെ ഉപയോഗിച്ച് വ്യാജ ലോണുകൾ വഴിയും വ്യാജ നിക്ഷേപങ്ങൾ വഴിയുമാണ് പണം വകമാറ്റിയത്. ഇതോടെ കമ്പനി കടക്കെണിയിലായി.

കമ്പനിയുടെ സിംഗാളിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മാനേജ്മെന്റ് അന്വേഷകരോട് സഹകരിക്കുകയുണ്ടായില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. തെളിവുകൾ അന്വേഷകരിലെത്താതിരിക്കാൻ ഒളിപ്പിച്ചു വെച്ചുവെന്നും സർക്കാർ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍