UPDATES

ട്രെന്‍ഡിങ്ങ്

മലയാളിയായ റോണാ വിൽ‌സന്‍ ഇന്ന് പൂനെ ജയിലിലാണ്; തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിശബ്ദ പോരാട്ടങ്ങൾ

നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്)യുടെ പ്രവർത്തകരാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റോണ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെയും യുഎപിഎ ചുമത്തുന്നത്

ദി കാരവന്‍

ദി കാരവന്‍

2018 ജൂണ്‍ മാസം മുതല്‍ റോണാ വില്‍സണ്‍ പൂനെ യെര്‍വാദ ജയിലില്‍ തടവിലാണ്. ഭീമ കോറിഗാവിനോട് അനുബന്ധിച്ച് എല്‍ഗാര്‍ പരിഷദ് നടത്തിയതും തുടര്‍ന്നുണ്ടായ സംഘര്‍ഷവും മുന്‍നിര്‍ത്തി മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് റോണയുള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും അക്കാദമിക്കുകളുമടങ്ങുന്ന അഞ്ചു പേരെ അറസ്റ്റ് ചെയ്യുന്നത്. ഇതിനു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റവും റോണയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കൊല്ലം സ്വദേശിയായ റോണ യഥാര്‍ത്ഥത്തില്‍ ആരാണ്? അരുന്ധതി റോയ് തന്റെ പുതിയ പുസ്തകത്തില്‍ നന്ദി പറഞ്ഞിട്ടുള്ളവരില്‍ ഒരാളാണ് റോണ; രാജ്യത്തെ മികച്ച ഇന്റലക്ച്വലുകളിലൊരാളായി മാറേണ്ട ആള്‍ എന്നാണ് പ്രൊഫ. ഹരഗോപാല്‍ റോണയെ വിശേഷിപ്പിച്ചത്. റോണ വില്‍സന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും രേഖപ്പെടുത്തുന്ന ദി കാരവന്‍ കറസ്പോണ്ടന്റ് ആതിര കോണിക്കരയുടെ ‘From the Other Side of the Bars, Rona Wilson’s quiet commitment to prisoners’ rights’ എന്ന  റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. (പരിഭാഷ പ്രവീണ്‍ രാജേന്ദ്രന്‍)

2012 മാർച്ചിൽ, ‘തീവ്രവാദ വിരുദ്ധ നിയമങ്ങളും അവയുടെ ദുരുപയോഗവും’ എന്ന വിഷയത്തിൽ ഹൈദരാബാദിൽ വച്ച് നടന്ന ഒരു സെമിനാറിനെ അഭിസംബോധന ചെയ്ത്, രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ റോണാ ജേക്കബ് വിൽ‌സൺ സംസാരിച്ചിരുന്നു. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സി.ആർ.പി.പി (കമ്മിറ്റി ഫോർ ദി റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ്) എന്ന സംഘടനയുടെ സ്ഥാപകാംഗവും സംഘടനയുടെ പബ്ലിക് റിലേഷൻസ് സെക്രട്ടറി എന്ന നിലയിലുമാണ് റോണാ വിൽ‌സൺ പ്രസ്തുത സെമിനാറിൽ സംസാരിച്ചത്. 1990-കളുടെ തുടക്കത്തിൽ രൂപംകൊണ്ട തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ ഉത്ഭവത്തെ കുറിച്ചും അവയുടെ സമകാലിക രൂപമായ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) എന്ന നിയമത്തെക്കുറിച്ചും റോണ വിൽ‌സൺ ഇങ്ങനെ വിലയിരുത്തി: “ഇന്ത്യൻ സ്റ്റേറ്റിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വർത്തിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുവാൻ കെല്‍പ്പുള്ളവരാണ് എന്ന് കരുതപ്പെടുന്ന ആരെയും അറസ്റ്റ് ചെയ്യുവാൻ – അന്വേഷണത്തിനു വേണ്ടി മാത്രമല്ല, വേണമെങ്കിൽ കൊന്നുകളയുവാൻ പോലുമുള്ള അധികാരം ഈ നിയമത്തിലൂടെ കേന്ദ്ര തീവ്രവാദ വിരുദ്ധ സെന്ററിനും ഇന്റലിജിൻസ് ബ്യൂറോയ്ക്കും ലഭിക്കുന്നുണ്ട്.

റോണാ വിൽ‌സൺ അന്ന് നടത്തിയ ഈ നിരീക്ഷണം പിന്നീട് അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിൽ സത്യമായിത്തീരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂൺ ആറിന് ദക്ഷിണ ഡൽഹിയിലുള്ള മുനീർക്കയിലെ ഒറ്റമുറി ഫ്ലാറ്റിൽ നിന്നും പൂനെ പോലീസും ഡൽഹി പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഭാഗമായി റോണ വിൽസണെ അറസ്റ്റ് ചെയ്യുകയും പിന്നീട് യു.എ.പി.എ പ്രകാരം തടവിലാക്കുകയും ചെയ്തു. റോണാ വിത്സനോടൊപ്പം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റു നാല് സാമൂഹിക പ്രവർത്തകരെയും പ്രസ്തുത നിയമത്തിന്റെ അടിസ്‌ഥാനത്തിൽ അറസ്റ്റ് ചെയ്യുകയും തടവിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. ദളിത് സാമൂഹിക പ്രവർത്തകനായ സുധീർ ദാവ്‌ലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, കുടിയൊഴിപ്പിക്കലിനെതിരെ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനായ മഹേഷ് റാവുത്, സർവകലാശാല അധ്യാപകനായ ഷോമ സെൻ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റു നാല് പേർ. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്)യുടെ പ്രവർത്തകരാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചു പേർക്കെതിരെയും യുഎപിഎ ചുമത്തുന്നത്.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ നടന്ന സംഘർഷത്തിന് പിറകിൽ മാവോയിസ്റ്റ് പാർട്ടിയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന ഈ അഞ്ചുപേരാണ് ഉണ്ടായിരുന്നത് എന്നതാണ് ‘അർബൻ മാവോയിസ്റ്റു’കളിലെ പ്രധാനികൾ എന്ന് പോലീസ് വിശേഷിപ്പിക്കുന്ന ഇവർക്കെതിരെ പോലീസ് ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒരാരോപണം.
1818-ൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭാഗമായ മഹർ റെജിമെൻറ്, ഉന്നത ജാതിസേനയായ മറാത്ത സൈന്യത്തോട് ഏറ്റുമുട്ടി വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി നടത്തുന്ന എൽഗാർ പരിഷദ് നടത്താൻ കൂട്ടുനിന്നു എന്നതും, എൽഗാർ പരിഷത്തിന്റെ മറപിടിച്ച് പ്രദേശത്തു സംഘര്‍ഷമുണ്ടാക്കി എന്നതുമാണ് പോലീസിന്റെ ആരോപണം. റോണാ വിൽസണെയാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാജീവ് ഗാന്ധി വധത്തിനു സമാനമായ ഓപ്പറേഷനിലൂടെ’ കൊല്ലാൻ പദ്ധതിയിട്ടു എന്ന മറ്റൊരു ആരോപണം കൂടെ എഴുതി ചേർത്താണ് തടവിൽ വച്ചിരിക്കുന്നത്. ഈ ആരോപണത്തിന് തെളിവായി പോലീസ് ഹാജരാകുന്നത് റോണ വിൽ‌സൺ എഴുതി എന്ന് പറയപ്പെടുന്ന ഒരു കത്താണ്. എന്നാൽ റോണയുടെ അറസ്റ്റ് നടക്കുന്നതിനു മാസങ്ങൾക്കു മുൻപ് ഏപ്രിൽ പതിനേഴിന് പോലീസ് നടത്തിയ റെയ്‌ഡിൽ റോണയുടെ കയ്യിൽ നിന്നും ലാപ്ടോപ്പുകളും കൈയെഴുത്തു പ്രതികളും മറ്റു രേഖകളും പിടിച്ചെടുക്കുകയും പാസ്സ്‌വേർഡുകൾ ഉള്‍പ്പെടെയുള്ളവ ശേഖരിക്കുകയും ചെയ്തിരുന്നു. പൂനെയിലെ യെർവാദ  ജയിലിലാണ് റോണയെയും മറ്റു നാലുപേരെയും ജാമ്യം പോലും നിഷേധിച്ചു തടഞ്ഞുവച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിൽ ജനിച്ച 47-കാരനായ റോണാ വിൽ‌സൺ തന്റെ പുതുച്ചേരിയിലേക്ക് പോകുന്നതിനു മുമ്പ് ചെലവിട്ടത് കേരളത്തിലാണ്. തൊണ്ണൂറുകളുടെ ആദ്യത്തോടെ ഡൽഹിയിലേക്ക് പോയ റോണാ പിന്നീട് അവിടെ തന്നെ താമസിച്ചു വരികയായിരുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ കൊല്ലത്തുള്ള റോണാ വിൽസന്റെ വീട്ടിൽ ഞാൻ പോയിരുന്നു. റോണയുടെ ചേട്ടന്റെ മകളുടെ പിറന്നാളിന്റെ ഭാഗമായി വീട് മുഴുവൻ ബലൂണുകളാൽ അലങ്കരിച്ചിരുന്നു. ജയിലിലല്ലായിരുനെങ്കിൽ റോണ തീർച്ചയായും ആ ചടങ്ങിൽ പങ്കെടുക്കുമായിരുന്നു എന്ന് ചേട്ടന്‍ റോയ് പറയുന്നു. “എല്ലാ ക്രിസ്തുമസിനും തറവാട്ടിൽ ഒന്നിച്ചു കൂടുക എന്നത് ഞങ്ങൾ ഏറെ നാളായി തുടർന്നുവരുന്ന പതിവാണ്. റോണയാകട്ടെ നാട്ടിൽ വരുന്നത് ആകെ ക്രിസ്തുമസ്സിനും കുടുംബത്തിലെ മറ്റു ചടങ്ങുകൾക്കുമാണ്. അറസ്റ്റിനു ശേഷം അവന്റെ അഭാവം ഞങ്ങളെ അലട്ടുന്നുണ്ട്. രണ്ടേ രണ്ടു പ്രാവശ്യം മാത്രമാണ് അവനെ ഞങ്ങൾക്ക് പിന്നീട് കാണാൻ സാധിച്ചത്”, റോയ് വിഷമത്തോടെ പറഞ്ഞു.

വിൽ‌സൺ കുടുംബത്തിലെ മൂന്ന് മക്കളും മൂന്ന് വഴികളാണ് ജീവിതത്തിൽ തിരഞ്ഞെടുത്തത്. മൂത്ത ജ്യേഷ്‌ഠൻ റോയ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്, ഇളയ സഹോദരി സോനാ ബാങ്കുദ്യോഗസ്ഥയാണ്. “വിൽ‌സൺ ദമ്പതികൾ മക്കൾക്ക് ആവശ്യം പോലെ സ്വാതന്ത്ര്യം നൽകിയിരുന്നു. അവരുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുന്നതിൽ അവർ യാതൊരു കടുംപിടുത്തവും കാണിച്ചതുമില്ല”, റോണയുടെ കുടുംബ പശ്ചാത്തലത്തെ പറ്റി പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു ബന്ധു അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. “തുറന്നു പറയുകയാണെങ്കിൽ റോണയുടെ ജോലിയെക്കുറിച്ചോ ആക്ടിവിസത്തെ സംബന്ധിച്ചോ ഞങ്ങൾ വീട്ടിൽ ഒരിക്കലും ചർച്ചചെയുക ഉണ്ടായിട്ടില്ല”, ജ്യേഷ്‌ഠൻ റോയി പറഞ്ഞു. അതിനാൽ തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റോണാ ചെയ്തുവരുന്ന ഗവേഷണങ്ങളെ പറ്റിയോ മറ്റുപ്രവർത്തനങ്ങളെ പറ്റിയോ കുടുംബാംഗങ്ങൾക്ക് വ്യക്തമായ ധാരണകളില്ല. “സുവോളജി ബിരുദപഠനത്തിനു ശേഷം റോണാ രണ്ടു വര്‍ഷം മെഡിസിൻ പഠിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അതല്ല തന്റെ മാർഗ്ഗം എന്ന് തിരിച്ചറിഞ്ഞു”. റോണ പിന്നീടു പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിലും ഇന്റർനാഷ്ണൽ റിലേഷൻസിലും ബിരുദാനന്തര ബിരുദം പൂർത്തീകരിക്കുകയും അതിനു ശേഷം ജെഎൻയുവിലെ സെന്റര്‍ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസില്‍ നിന്നും “ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക ഘടനയെ കുറിച്ചുള്ള സംവാദങ്ങൾ: 1970 മുതൽ 1995 വരെ” എന്ന വിഷയത്തിൽ എംഫിലും കരസ്ഥമാക്കി.

തന്റെ ജോലികളെ കുറിച്ചും ഗവേഷണത്തെ കുറിച്ചും ഏറെ മിതത്തോടെയും വിനയത്തോടെയും മാത്രമേ റോണാ സംസാരിച്ചിരുന്നുള്ളു എന്ന് സഹോദരങ്ങൾ പറയുന്നു. “ഈയടുത്ത്  അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിൽ കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നവരുടെ കൂട്ടത്തിൽ റോണയുടെ പേരും ഉണ്ടായിരുന്നു. റോണ അത് വളരെ സ്വാഭാവികമായാണ് കണ്ടത്. എന്നാൽ, ഇടത്തരം കുടുംബത്തിൽ നിന്നും വരുന്ന ഞങ്ങള്‍ക്ക് അത് വലിയ സന്തോഷം തരുന്ന ഒരു സംഭവമായിരുന്നു”, റോണയുടെ സഹോദരി സ്നേഹത്തോടെ ഓർത്തു. “അതിലും രസമുള്ള കാര്യം ഇങ്ങനെ ഒരു സംഭവത്തെ പറ്റി അവൻ ഞങ്ങളോട് പറഞ്ഞതേയില്ല എന്നതാണ്. പുസ്തകം വാങ്ങിയ ഞങ്ങളുടെ ഒരു കസിൻ യാദൃശ്ചികമായി റോണയുടെ പേര് കാണുകയും അത് ഫോട്ടോയെടുത്ത് ഞങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയുകയും ചെയ്തപ്പോളാണ് ഞങ്ങളീ വിഷയം അറിയുന്നത് തന്നെ”, റോയ് കൂട്ടിച്ചേർത്തു.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയും റോണാ വിൽസനെ ഓർക്കുന്നത് വളരെ എളിമയുള്ള വ്യക്തിത്വത്തിനുടമ എന്ന നിലയ്ക്കാണ്. എനിക്കയച്ച ഒരു ഇ മെയിൽ സന്ദേശത്തിൽ അരുന്ധതി റോയ് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്: “റോണയുടെ ഈ എളിമയും മിതത്വവും കാരണം തന്നെ, തടവിലാക്കപ്പെട്ടവരിൽ ഏറ്റവും കുറവ് എഴുതപ്പെട്ടത് റോണയെ കുറിച്ചായിരിക്കും”. 2014-ൽ രൂപീകരിച്ച ‘കമ്മിറ്റി ഫോർ ഡിഫെൻസ് ആൻഡ് റിലീസ് ഓഫ് ജി. എൻ. സായിബാബ’ എന്ന സംഘടനയിൽ അരുന്ധതി റോയിയും റോണയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സർവകലാശാല അധ്യാപകൻ ഡോ. ജി.എൻ സായിബാബയെ രാജ്യസുരക്ഷാ നിയമത്തിന്റെ പേരിൽ തടവിൽ വച്ചിരിക്കുകയാണ്. കടുത്ത ശാരീരിക അവശതകൾ നേരിടുന്ന ഭിന്നശേഷിക്കാരനായ ജി.എൻ സായിബാബയെ 2017-ൽ കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും അദ്ദേഹം ജയിലിൽ തന്നെ തുടരുകയും ചെയുന്നു. സായിബാബയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് കമ്മിറ്റി ഫോർ ഡിഫെൻസ് ആൻഡ് റിലീസ് ഓഫ് ജി.എൻ സായി ബാബ. “റോണയുടെ അറസ്റ്റ് അദ്ദേഹം സഹായിച്ചു കൊണ്ടിരിക്കുന്ന നിരവധി രാഷ്ട്രീയ തടവുകാരുടെ പ്രതീക്ഷകൾക്ക് മേലുള്ള ആഘാതമാണ്. ഒരാളുടെ കോടതി നടപടികൾ പിന്തുടരേണ്ടതും സഹായിക്കുന്നതും തന്നെ വളരെ ശ്രമകരമായ ഒരു ഉത്തരവാദിത്തമാണ്. റോണാ അങ്ങനെ നിരവധി തടവുകാർക്ക് വേണ്ടി സ്ഥിരമായി ജയിലുകൾ സന്ദർശിക്കുകയും, അവരുടെ വ്യാകുലരായ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുകയും, സൗജന്യമായി കേസ് വാദിക്കാനുള്ള അഭിഭാഷകരുമായി ഇടപെടുകയും അങ്ങനെ നിരവധി ജോലികൾ തുടർച്ചയായി, തന്റെ സ്വത്വസിദ്ധമായ ക്ഷമാപണം നിറഞ്ഞ ചിരിയോടെ നിറവേറ്റികൊണ്ടിരുന്നു“, അരുന്ധതി റോയ് കൂട്ടിച്ചേര്‍ക്കുന്നു.

പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമിയും അരുന്ധതി റോയിയുടെ അഭിപ്രായങ്ങളോട് സമാനമായ വിവരങ്ങളാണ് റോണയെ പറ്റി നൽകിയത്. “റോണയെ പോലുള്ളവർ ഈ രാജ്യത്ത് വിമത ശബ്ദമുയർത്തുന്നവരുടെ അവസാനത്തെ ആശ്രയമാണ്. റോണയെ പോലുള്ളവർ തങ്ങളുടെ മോചനത്തിന് വേണ്ടി ശബ്ദമുയർത്തുമെന്നും പ്രചാരണം നടത്തുമെന്നുമുള്ളതാണ് അവരുടെ പ്രതീക്ഷ. അത്തരമൊരാൾ ജയിലിനകത്തു കിടക്കുമ്പോൾ ഇനി ആരാണ് നമുക്ക് വേണ്ടി ശബ്ദമുയർത്തുക, നാമെല്ലാവരും നിശ്ശബ്ദരാക്കപ്പെടുമോ?.”

2000-ന്റെ തുടക്കം മുതൽ തന്നെ റോണാ രാഷ്ട്രീയ തടവുകാരുമായി സഹകരിച്ചു പ്രവർത്തിച്ചു വരുന്നതായി റോണയുടെ ദീർഘകാല സുഹൃത്തും സിനിമ സംവിധായകനുമായ സഞ്ജയ് കാക് ഓർമിക്കുന്നു . “2002-ൽ ജെഎൻയുവിലെ ഒരു യുവ വിദ്യാർത്ഥി ആയിരിക്കെ തന്നെ റോണാ ‘കമ്മിറ്റി ഫോർ റീലീസ് ആൻഡ് ഡിഫെൻസ് ഓഫ് എസ്എആര്‍ ഗിലാനി” എന്ന കാമ്പയിനിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു”. ഡൽഹി സർവകലാശാലയിലെ അറബിക് അധ്യാപകനായ ഗിലാനി പാർലമെന്റ് ആക്രമണക്കേസിലെ മുഖ്യ സൂത്രധാരനായി മുദ്ര കുത്തപ്പെട്ട്  2001-ൽ പ്രത്യേക കോടതിയാൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട്  ജയിലിൽ കിടക്കുകയായിരുന്നു. പിന്നീട് 2003 ഒക്ടോബറില്‍ ഡൽഹി ഹൈക്കോടതി പ്രത്യേക കോടതിയുടെ വിധി തള്ളിക്കളയുകയും ഗിലാനിയെ കുറ്റവിമുക്തനാകുകയും ചെയ്തു.

ഗിലാനിക്ക് റോണയുമായി 90-കളുടെ ആദ്യം മുതൽ, അവരുടെ വിദ്യാർത്ഥി കാലം മുതൽ തന്നെ നീണ്ടു നിൽക്കുന്ന സൗഹൃദമുണ്ട്. ഗിലാനി റോണയെ കുറിച്ച് പറഞ്ഞു: “അന്ന് മുതൽ ഞങ്ങൾ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. 2001-ൽ ഞാൻ അറസ്റ്റിലായതിനു ശേഷം ഓരോ തവണയും കോടതിയിൽ ഹാജരാക്കുമ്പോൾ എന്നെ ഏറെ സമാധാനിപ്പിച്ചിരുന്നത് റോണയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ജയിലിൽ നിന്നുള്ള എന്റെ അനുഭവങ്ങളാണ് 2007-ൽ സിആർപിപി രൂപീകരിക്കുന്നതിനു കാരണമായത്. ജയിലുകൾക്കുള്ളിൽ കിടന്നു നശിച്ചു പോകുന്ന മനുഷ്യരെ ഞാൻ നേരിട്ട് കണ്ടു. അവരെ സഹായിക്കണം എന്ന തോന്നലിൽ നിന്നാണ് സിആർപിപി എന്ന പ്രസ്ഥാനത്തിന്റെ ആരംഭം. ഇത്തരമൊരാശയം ഞാൻ ആദ്യം പങ്കുവയ്ക്കുന്നത് റോണയോടാണ്. പിന്നീടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മനുഷ്യാവകാശപ്രവർത്തകരുമായി ഞങ്ങൾ സഹകരിക്കുവാൻ തുടങ്ങി.” ഗിലാനി തൻറെ പ്രിയ സുഹൃത്തിനെ ഓർക്കുന്നതിങ്ങനെയായാണ്: “റോണാ ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ്.” രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയതാണ് റോണയുടെ നേരെയുള്ള പോലീസ് അതിക്രമത്തിന് കാരണം എന്ന് സഞ്ജയ് കാക് ഉറപ്പിച്ചു പറയുന്നു. “പാർശ്വവത്‌കൃതർക്കു വേണ്ടി സംസാരിക്കുന്നവരെ സ്വാതന്ത്രരാക്കുവാനും അവർക്കു പ്രവർത്തിക്കുവാനുമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാനും റോണാ ശ്രമിച്ചതിന്റെ പേരിലാണ് അവൻ ഇന്ന് ജയിലിൽ കഴിയുന്നത്”.

വൻകിട എൻജിഓകൾ അധികം ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് രാഷ്ട്രീയ തടവുകാരുടെ മോചനം. അതിനാൽ തന്നെ സാമൂഹ്യ പ്രവർത്തനത്തിനാവശ്യമായ പണത്തിന്റെ അഭാവം ഒരു വലിയ പ്രശ്‌നമാണ്. “റോണ വീടുകൾ തോറും പുസ്തകങ്ങൾ കൊണ്ട് നടന്നു വിറ്റിരുന്ന ഒരു കാലം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. വളരെ മികച്ച ഒരു വായനക്കാരനായിരുന്ന റോണയുടെ പുസ്തകങ്ങളുടെ സെലക്ഷൻ മികച്ചതാകയാൽ വളരെ പെട്ടന്നു വിറ്റുപോകുകയും ചെയ്യുമായിരുന്നു“വെന്നും കാക് പറയുന്നു.

റോണയുടെ സാമ്പത്തികാവസ്ഥയെ പറ്റി അദ്ദേഹത്തിന്റെ മറ്റൊരു കസിൻ നടത്തിയ നീരീക്ഷങ്ങൾ സഞ്ജയ് കാകിന്റെ  അഭിപ്രായങ്ങൾ ശരിവയ്ക്കുന്നു ” അവൻ ഞങ്ങളുടെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ട ഒരംഗം ആയിട്ടിരുന്നു. ഞങ്ങൾ എല്ലാവരും അവനു പണം അയച്ചുകൊടുത്തിരുന്നു. അവനതൊരിക്കലും ആവശ്യപ്പെട്ടില്ലെങ്കിലും. ചില എഡിറ്റിംഗ് ജോലികള്‍ ഒക്കെ ചെയ്തും അവന്‍ പൈസ കണ്ടെത്തിയിരുന്നു. എങ്കിലും ഞങ്ങള്‍ അയച്ചു കൊടുക്കുന്ന പണമായിരുന്നു പ്രധാന വരുമാനം”. പിന്നീട് ജ്യേഷ്ഠന്‍ റോയിക്ക് നല്ല ജോലി ആകുന്നത് വരെ ഇത് തുടര്‍ന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

താൻ ചെയ്തു വന്നിരുന്ന ജോലിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ റോണയെ ജയിലിൽ എത്തിച്ചു എന്നത് റോണയുടെ കുടുംബത്തിന് വിശ്വസിക്കുവാൻ സാധിക്കുന്നില്ല. “അവൻ ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല. ഇത്തരം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആളുകൾ ജയിലിൽ അടയ്ക്കപ്പെടുമെന്നു ഞങ്ങള്‍ക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല. അവനു കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടെടുക്കുകയും ചെയ്തിരുന്നു. പക്ഷെ അതൊന്നും ഒരാളെ ജയിലിലടയ്ക്കുന്നതിനു മതിയായ കാരണങ്ങൾ അല്ല”, ഫോൺ സംഭാഷണത്തിനിടയിൽ റോണയുടെ കസിൻ അത്ഭുതത്തോടെ പറഞ്ഞു. കൊല്ലത്തു നിന്നുള്ള എഴുത്തുകാരനും വിൽ‌സണ്‍ കുടുംബത്തിന്റെ സുഹൃത്തുമായ എസ് അജയ് കുമാറും സമാനമായ അഭിപ്രായമാണ് പറഞ്ഞത്. “അവന്റെ മേൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഒന്നുപോലും ചെയ്യാൻ, ഒരു ഉറുമ്പിനെ പോലും നോവിക്കാൻ സാധികാത്ത റോണയ്ക്ക് കഴിയില്ല. അവന്റെ ഒരേ ഒരു തെറ്റ് ഹിന്ദുത്വയ്ക്ക് എതിരെ   സംസാരിച്ചുകൊണ്ടേയിരുന്നു എന്നതാണ്”.

റോണയുടെ അറസ്റ്റും തുടർന്നുണ്ടായ സംഭവവികാസങ്ങളും വിൽ‌സൺ കുടുംബത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. അറസ്റ്റിന്റെ വിവരമറിഞ്ഞതിനു ശേഷം റോണയുടെ അമ്മായിമാരിലൊരാൾ കടുത്ത രക്തസമ്മർദവും മറ്റു മാനസിക പ്രശ്നങ്ങളും അനുഭവിക്കുന്നു. ദേശീയ മാധ്യമങ്ങൾ റോണയെ ചിത്രീകരിച്ച രീതി കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അറസ്റ്റിനു ശേഷം വന്ന മാധ്യമപ്പടയുടെ പെരുമാറ്റം, കുടുംബത്തെ വല്ലാതെ ബാധിച്ചുവെന്ന് സോന പറയുന്നു. “അവർ പെട്ടെന്ന് കൂട്ടത്തോടെ വരികയും വീടിന്റെയും മറ്റും വീഡിയോ ചിത്രീകരിക്കുവാൻ ആരംഭിക്കുകയും ചെയ്തു. വല്ലാതെ ഭയന്ന ഞങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല”. പിന്നീട് നാട്ടുകാരും പോലീസും ബന്ധുക്കളും ചേർന്ന് മാധ്യപ്രവർത്തകരെ നിയന്ത്രിച്ചുവെങ്കിലും മാധ്യമങ്ങള്‍ റോണയുടെ കേസിൽ ഇടപെട്ട രീതി അദ്ദേഹത്തിന്റെ സഹോദാരങ്ങൾക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു. “ഇപ്പോൾ വാർത്തകള്‍ കാണുമ്പോൾ ഞങ്ങൾ അത്ഭുതപ്പെടാറുണ്ട്, ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടാകുമോ എന്ന്“, സോന സംശയത്തോടെ പറയുന്നു.

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും, മാവോയിസ്റ്റുകളും ഭരണകൂടവുമായുള്ള ചർച്ചകളിൽ മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന പ്രൊഫ: ഹരഗോപാലും റോണയുടെ കുടുംബത്തിന്റേതിന് സമാനമായ ആശങ്കകൾ പങ്കുവെച്ചു. സത്യസന്ധനെനും, ഉറച്ച നിലപാടുകൾ ഉള്ള സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും റോണയെ കുറിച്ച് ഓർമ്മിക്കുന്ന ഹരഗോപാൽ പറയുന്നു, “റോണാ ഈ രാജ്യത്തെ ഏറ്റവും മികച്ച ഇന്റലക്ച്വലുകളില്‍ ഒരാളായി മാറും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.” റോണയുടെ അറസ്റ്റിന് രണ്ടു ദിവസത്തിനു ശേഷം- ജൂണ്‍ എട്ടിന് – റിപ്പബ്ലിക്ക് ടിവി സംഘടിപ്പിച്ച ചർച്ചയിൽ ഹരഗോപാൽ സംസാരിച്ചു. “ഞാൻ കരുതിയത് റോണയുടെ വിഷയത്തെ കുറിച്ച് രണ്ടു വാക്ക് പറയുന്നത് പൊതുജനാഭിപ്രായം രൂപപ്പെടുത്തുവാനും അതുവഴി റോണയുടെ മോചനത്തിനും വഴിവെക്കുമെന്നാണ്.” എന്നാൽ റിപ്പബ്ലിക്ക് ടിവിയുടെ അന്നത്തെ അസ്സോസിയേറ്റ് എഡിറ്റര്‍ ആദിത്യ രാജ് കൌളുമായി നടത്തിയ ചർച്ചയിൽ റോണയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ പോലീസിന്റെ കെട്ടുകഥകളാണ് എന്ന് ഹരഗോപാൽ തെളിവുകളോടെ സ്ഥാപിച്ചു. ഹരഗോപാലിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ അവതാരകൻ ആ വാർത്ത “മാവോയിസ്റ് സഹയാത്രികനായ പ്രൊഫ ഹരഗോപാൽ റോണാ വിൽ‌സന്റെ മവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ചു” എന്ന തലക്കെട്ടിലാണ് കൊടുത്തത്.

വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് പ്രൊഫ. ഹരഗോപാൽ റോണയെക്കുറിച്ചു സംസാരിച്ചത്. വലിയ മൂല്യബോധമുള്ള റോണയുടെ ചിന്തകൾ നിറയെ, “പാർശ്വവത്‌കൃതരെ കുറിച്ചും തടവുകാരെക്കുറിച്ചും ആദിവാസികളെക്കുറിച്ചുമുള്ള ആശങ്കകളായിരുന്നു.” താനും റോണയും തമ്മിലുള്ള ചർച്ചകൾ മിക്കവാറും ‘ഭരണകൂടത്തിന്റെ സ്വഭാവം’, ‘രാജ്യത്തിന്റെയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെയും ഭാവി’ എന്നിങ്ങനെയുള്ള വിഷയങ്ങളിലായിരുന്നു എന്നും അദ്ദേഹം ഓർമ്മിക്കുന്നു.

രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിച്ചതാണ് റോണയെ ബിജെപി സർക്കാരിന്റെ റഡാറിനുള്ളിൽ കൊണ്ടെത്തിച്ചത് എന്ന് ഞാൻ സംസാരിച്ച മറ്റെല്ലാവരെയും പോലെ പ്രൊഫ. ഹരഗോപാലും സമ്മതിക്കുന്നു.

‘ബിഹൈൻഡ് ദി ബാർസ്: പ്രിസൺ ടെയ്ൽസ് ഓഫ് ഇന്ത്യാസ് മോസ്റ്റ് ഫേമസ്’ എന്ന പുസ്തകത്തിന്റെ രചയിതാവും പത്രപ്രവർത്തകയുമായ സുനേത്ര ചൗധരി തന്റെ പുസ്തക രചനയുടെ ഭാഗമായി റോണയുടെ കൂടെ സഹകരിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ചു. “ആ സമയത്തും തന്നെ ആളുകൾ പിന്തുടരുന്നുണ്ട് എന്ന് റോണാ പറഞ്ഞുകൊണ്ടേയിരുന്നു. വളരെ സൂക്ഷിച്ചാണ് ഞങ്ങൾ തമ്മിലുള്ള അഭിമുഖത്തിനുള്ള ഇടങ്ങൾ അദ്ദേഹം തിരഞ്ഞെടുക്കാറ്. ഇയാളെന്തിനാണ് ഇത്ര ഭയപ്പെടുന്നത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നാൽ ഗിലാനിയുടെയും മറ്റുള്ളവരുടെയും കൂടെ പ്രവർത്തിക്കുന്നതിനാൽ താന്‍ വളരെ കരുതലോടെ ഇരിക്കേണ്ടതുണ്ട് എന്ന് റോണയ്ക്ക് ഉറപ്പായിരുന്നു. അന്ന് ഞാൻ അത്തരം കാര്യങ്ങൾക്കു വേണ്ടത്ര ഗൗരവം നൽകിയില്ല എന്ന് എനിക്കിപ്പോൾ തോന്നുന്നു”. റോണ ഫോണിലൂടെയും ഇ- മെയിലുകളിലൂടെയുമുള്ള സംഭാഷണങ്ങൾ കഴിവതും ഒഴിവാക്കിയിരുന്നു, അതിനു പകരം ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിട്ട് കാണാന് അദ്ദേഹം ഇഷ്ടപെട്ടിരുന്നതെന്നു ചൗധരി ഓർത്തെടുക്കുന്നു. “താന്‍ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത റോണയുടെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു“, സുനേത്ര ചൗധരി പറയുന്നു.

കന്ദസ്വാമിയും റോണയുടെ ഇത്തരം സൂക്ഷ്മതകളെ കുറിച്ച് കൃത്യമായി ഓര്‍മിക്കുന്നുണ്ട്. “രഹസ്യാന്വേഷണ ഏജൻസികളെ കുറിച്ചോ ഭരണകൂടത്തിന്റെ നിരീക്ഷണങ്ങളെ പറ്റിയോ ഗൗരവപൂർവം ചിന്തിക്കാത്ത ഒരാളാണങ്കിൽ നിങ്ങൾക്ക് പലപ്പോഴും റോണാ പറയുന്നതൊന്നും മനസിലാകില്ല”, അവര്‍ പറഞ്ഞു. “ഒരുദാഹരണം പറഞ്ഞാല്‍, ഒരിക്കല്‍ റോണ പറഞ്ഞത്, ഫോണുകള്‍ നമ്മുടെ സംഭാഷണങ്ങൾ ശ്രവിച്ചുകൊണ്ടിരിക്കാന്‍ കൂടി ഉള്ളതാണ് എന്നാണ്. അത്രയും ശ്രദ്ധാലുവായ ഒരാൾ പലചരക്കു കടയിലെ ലിസ്റ്റ് പോലൊരു ലിസ്റ്റിൽ ആയുധങ്ങൾ ആവശ്യപ്പെട്ടു സന്ദേശങ്ങളയയ്ക്കും എന്ന് വിശ്വസിക്കുവാൻ ഞങ്ങൾക്ക് പ്രയാസമുണ്ട്”. മോദിയെ വധിക്കാൻ റോണാ പദ്ധതിയിട്ടു എന്നതിന് തെളിവായി പോലീസ് ഹാജരാക്കിയ കത്തിനെ കുറിച്ച് കന്ദസ്വാമി പറഞ്ഞു.

പൂനെ പോലീസ് പറയുന്നത് പ്രസ്തുത കത്ത് അവർ റോണയുടെ ലാപ്ടോപ്പിൽ നിന്നും കണ്ടെത്തിയതാണെന്നാണ്. ഒരു സഖാവ് പ്രകാശിന്റെ പേർക്കാണ് ഈ കത്തെഴുതിയിരിക്കുന്നത്. റോണയുടെ പൂനയിലെ അഭിഭാഷകൻ രോഹൻ നഹറിന്റെ അഭിപ്രയത്തിൽ ഈ കത്തിന്റെ ആധികാരികത തെളിയിക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. “അവര്‍ക്ക് ഷോമ സെന്നിനെയും റോണയെയും കുടുക്കണമായിരുന്നു. ഭരണകൂടത്തിന്റെ വാദങ്ങൾ പരസ്പരവിരുദ്ധമാണ്, അവർ പറയും ഈ സംഘം കാര്യങ്ങളൊക്കെ വളരെ ഗൂഢമായി ചെയ്യുകയും രഹസ്യ പേരുകളിൽ പരസ്പരം അഭിസംബോധന ചെയ്യുന്നവരുമാണ് എന്ന്. അതേ സമയം തന്നെ ഇവര്‍ അവതരിപ്പിക്കുന്ന തെളിവുകളിൽ, ആളുകൾ ഇ മെയിലുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് സ്വന്തം പേരിൽ തന്നെയാണ് എന്നാണ്. ഇങ്ങനെ പരസ്പര വിരുദ്ധമായ നിരവധി വാദങ്ങളും തെളിവുകളുമാണ് ഇവർക്കെതിരെ പോലീസിന്റെ കയ്യിലുള്ളത്.

എലഗർ പരിഷദിന്റെ പ്രധാന സംഘാടകനും ബോംബെ ഹൈക്കോടതി മുൻ ജഡ്ജിയുമായ ബി.ജി കോസ്‌ലേ- പാട്ടീൽ റോണയ്ക്ക് പരിഷത്തുമായി ബന്ധമുണ്ട് എന്ന പോലീസ് വാദങ്ങളെ തള്ളിക്കളയുന്നു. കോസ്‌ലെ പാട്ടീലും, മുൻ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൌൺസിൽ ഓഫ് ഇ൯ന്ത്യയുടെ മുൻ പ്രസിഡന്റുമായിരുന്ന പി.ബി സാവന്തുമാണ് പരിഷദിന്റെ മുഖ്യ സംഘടകർ, ഇവർ തന്നെയാണ് ഈ പരിപാടിയുടെ ചിലവുകളും വഹിച്ചത്. അറസ്റ്റു ചെയപെട്ടവരിൽ കബീർ കലാ മഞ്ച് എന്ന ജാതിവിരുദ്ധ സാംസ്കാരിക സംഘടനയുടെ പ്രവർത്തകനായ സുധീർ ദാവ്‌ലെയുമായി മാത്രമാണ് ഇവർക്കു പരിചയം. എന്തിനേറെ, റോണാ വില്‍സണെ ഇവർ നേരിട്ട് കണ്ടിട്ടു പോലുമില്ല എന്നീ രണ്ടു പേരും വ്യക്തമാക്കുന്നു.

ഹരഗോപാലിന്റെ അഭിപ്രയത്തിൽ ഭരണകൂടം തന്നെ നിരീക്ഷിക്കുന്നുണ്ട് എന്നതിനെ പറ്റി റോണയ്ക്ക് അറിയാമായിരുന്നു. “എന്നാൽ റോണാ വളരെ അധികം ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു, കാരണം തന്റെ പഠനത്തിലും ശ്രദ്ധിച്ചിരുന്ന റോണയ്ക്ക് ഉപരിപഠനം നടത്തണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു”. ഹരഗോപാലിനെ പോലെത്തന്നെ മറ്റുള്ളവരും റോണ ഒരു കഠിനാധ്വാനിയായ ഗവേഷകനായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. “വായിക്കാനുള്ള റോണയുടെ കഴിവ് വളരെ ഏറെ മികവുറ്റതായിരുന്നു. “ഒരു കാര്യം അവനോട് ഒരിക്കൽ മാത്രം പറഞ്ഞാൽ മതിയാകും, പിന്നീട്  അവർത്തിക്കേണ്ടതേയില്ല. ആയിരം പേജുള്ള ഒരു പുസ്തകം വായിച്ചാലും പിന്നീടൊരിക്കല്‍ കൂടി അത് മറിച്ചു നോക്കേണ്ടതുണ്ടായിരുന്നില്ല. ഓരോ വരിയും ഉൾക്കൊണ്ട് സ്വന്തം ജ്ഞാനത്തിന്റെ ഭാഗമാക്കി വായിക്കുന്നതായിരുന്നു റോണയുടെ പ്രകൃതം” എന്ന് അജയകുമാർ ഓർമ്മിക്കുന്നു.

അജയകുമാറിനെ പോലെ തന്നെ ഗിലാനിയും റോണയുടെ പാണ്ഡിത്യത്തെപ്പറ്റി ഏറെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. “വളരെ നല്ല വിദ്യാഭ്യാസം ലഭിച്ച മികച്ച ഗവേഷകനായിരുന്നു റോണാ. തന്റെ ഗവേഷണത്തിന്റെ ഭാഗമായി വിദേശത്തേക്കു പോകാനിരിക്കെയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ അറസ്റ്റ് ആ പദ്ധതികളെയെല്ലാം തകിടം മറിച്ചു”. തന്റെ ഗവേഷണം തുടരുന്നതിനായി University of Surrey-ലും University of Leicester ലും റോണാ അപേക്ഷിച്ചിരുന്നു. റോണയുടെ വീട് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ തന്റെ ഫോണിൽ നിന്നും റോണാ 2018 ഡിസംബർ 12-ന് യെര്‍വാദ ജയിലിൽ നിന്നുമയച്ച ഒരു കത്തിന്റെ പകർപ്പ് കാണിച്ചു തന്നു. വീട്ടുകാരുടെയും സഹോദരങ്ങളുടെയും ക്ഷേമം അന്വേഷിക്കുന്നതിനോടൊപ്പം രണ്ടു യൂണിവേഴ്‌സിറ്റികളിലേയും ഫാക്കള്‍ട്ടി ഇന്‍-ചാര്‍ജ് ആയുള്ളവരെ തന്റെ നിലവിലുള്ള അവസ്ഥ അറിയിക്കണമെന്നും അതില്‍ പറഞ്ഞിരിക്കുന്നു. “മുസ്ലിം അപരൻ എന്ന സങ്കൽപം: ഭരണകൂടവും നിയമവും സമകാലീന ഇന്ത്യയിലെ നാമകരണത്തിന്റെ രാഷ്ട്രീയം” (The Fiction of the Muslim Other: State, Law and The Politics of Naming in Contemporary India) എന്നതായിരുന്നു റോണ ഗവേഷണം തുടരാന്‍ ഉദ്ദേശിച്ചിരുന്ന വിഷയം.

തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള തന്റെ ദീർഘകാല പ്രവർത്തങ്ങളുടെ മറ്റൊരു അധ്യായമായാണ് റോണാ തന്റെ ജയിൽ വാസത്തെയും കാണുന്നത്. താൻ അവകാശ സംരക്ഷണത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന തടവുകാർക്കിടയിൽ അവരിലൊരാളായി മാറിയപ്പോൾ റോണാ തന്റെ കുടുംബങ്ങൾക്കയച്ച കത്തിൽ ഇങ്ങനെ എഴുതി. “ജയിലിനുള്ളിലെ തടവ് ജീവിതം കാര്യങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ സഹായിക്കുന്നു. ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി അഴികള്‍ക്ക് പുറത്തു നിന്ന് എഴുതുകയും നിലകൊള്ളുകയും ഒക്കെ ചെയ്ത കാര്യങ്ങള്‍ എന്താണ് എന്ന് അറിയാന്‍ എനിക്കിപ്പോള്‍ സാധിക്കുന്നു”. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍