UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ നിങ്ങളേയും തേടി വരും, അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാവില്ല: എഫ്എസ് നരിമാന്‍

യുക്തിസഹമായൊരു കാരണം ഈ നടപടിയില്‍ ചൂണ്ടിക്കാട്ടാനില്ല. ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

എന്‍ഡിടിവിയെ ലക്ഷ്യം വച്ചുള്ള സിബിഐ റെയ്ഡ് എങ്ങനെ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാവുന്നു എന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ പറയുന്നത്. എന്‍ഡിടിവിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കാനും എന്‍ഡിടിവിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ന്യൂഡല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിബിഐയുടെ ഇത്തരമൊരു നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. യുക്തിസഹമായൊരു കാരണം ഈ നടപടിയില്‍ ചൂണ്ടിക്കാട്ടാനില്ല. ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഏഷ്യയില്‍ മറ്റ് പല രാജ്യങ്ങളിലും ഇല്ലാത്ത മാദ്ധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍ നമുക്കുണ്ട്. മാദ്ധ്യമങ്ങള്‍ ഇനിയും തരം താഴ്ത്ത പെടുന്ന നിലയുണ്ടാവരുത്.

ഇന്ദിര ഗാന്ധിയുടെ കാലത്തടക്കം സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മുമ്പും ഇന്ത്യയില്‍ മാദ്ധ്യമങ്ങളെ ആക്രമിച്ചിരുന്നു. ആരും നിയമ നടപടികള്‍ക്ക് അതീതരല്ല. അതേസമയം സിബിഐ നടപടിയുടെ രീതികളും സമയവും ദുരൂഹമാണ്. ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് വിചിത്രമാണ്, അതും എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍. ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബിജെപി വക്താവ് സംബിത് പത്രയെ അവതാരക പുറത്താക്കിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് എന്‍ഡിടിവിക്കെതിരായ റെയ്‌ഡെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി. എന്‍ഡിവിയ്ക്ക് അജണ്ടകളുണ്ടെന്നായിരുന്നു സംബിത പത്രയുടെ ആരോപണം. യാതൊരു വിശദീകരണവുമില്ലാതെ ഈ ആരോപണം സംബിത് പത്ര ആവര്‍ത്തിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് അവതാരക നിധി റസ്ദാന്‍ സംബിത് പത്രയെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

നാസികളുടെ സ്വേച്ഛാധിപത്യ ശ്രമങ്ങളോടുള്ള പ്രതികരണമില്ലായ്മയെയും ഭീരുത്വത്തേയും കുറിച്ച് ജര്‍മ്മന്‍ പുരോഹിതന്‍ മാര്‍ട്ടിന്‍ നിമോളര്‍ പറഞ്ഞ പ്രശസ്തമായ വാക്യം നരിമാന്‍ ഉദ്ധരിച്ചു:

അവര്‍ ആദ്യം കമ്മ്യൂണിസ്റ്റ്കാരെ തേടി വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല.

പിന്നെ അവര്‍ ട്രേഡ് യൂണിയന്‍കാരെ തേടി വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല, കാരണം ഞാന്‍ ട്രേഡ് യൂണിയന്‍കാരനായിരുന്നില്ല

പിന്നെ അവര്‍ ജൂതരെ തേടി വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല, കാരണം ഞാന്‍ ജൂതനായിരുന്നില്ല

പിന്നെ അവര്‍ എന്നെ തേടി വന്നു, എനിക്ക് വേണ്ടി സംസാരിക്കാന്‍ അപ്പോള്‍ ആരും ബാക്കിയുണ്ടായിരുന്നില്ല

ഫാലി എസ് നരിമാന്റെ പ്രസംഗം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍