UPDATES

കൊലയാളികൾ തയ്യാറാക്കിയ പട്ടികയിൽ ഗൗരി ലങ്കേഷ് രണ്ടാമത്; ഒന്നാമത്തെയാൾ ഗിരീഷ് കർണാട്

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന കർണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.

സംഘപരിവാർ സംഘടനകളിൽ നിന്നും രൂപപ്പെട്ട അറുപതു പേരടങ്ങുന്ന കൊലയാളി സംഘം കർണാടകത്തിൽ കൊല ചെയ്യപ്പെടേണ്ട സാസ്കാരിക-സാമൂഹിക നായകന്മാരുടെ പട്ടിക തയ്യാറാക്കിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പട്ടികയിൽ രണ്ടാമത്തെയാളായിരുന്നു ഗൗരി ലങ്കേഷ്. ഒന്നാമത്തെയാൾ ജ്ഞാനപീഠജേതാവ് ഗിരീഷ് കർണാട് ആയിരുന്നു.

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന കർണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്. ഇവർ‌ കണ്ടെടുത്ത ഡയറിയിലാണ് ഈ വിവരങ്ങളുണ്ടായിരുന്നത്. രണ്ട് ലിസ്റ്റുകൾ പൊലീസിന് കിട്ടി. ഇവയിൽ ഉൾപ്പെട്ട പേരുകൾ അധികവും കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുടേതാണ്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായ ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതാവും പൂനെക്കാരനുമായ അമോൽ കാലെയുടെ (37) ഡയറിയിൽ നിന്നാണ് ഈ വിവരങ്ങൾ കണ്ടെടുത്തത്. വിവിധ സംഘപരിവാർ സംഘടനകളിൽ നിന്നുമുള്ള തീവ്രവാദികൾ ഒരുമിച്ചു ചേർ‌ന്നാണ് ഈ കൊലയാളി സംഘം രൂപീകരിച്ചത്.

ഹിന്ദുത്വ സംഘടനകൾക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച, പത്രപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ ആദ്യം വകവരുത്താനാണ് ഇവർ പിന്നീട് തീരുമാനിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന നിദുമാമിദി സ്വാമിജിയുടെ പേരും ഈ പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. ഇദ്ദേഹം എട്ടാം നമ്പറുകാരനാണ്. കന്നഡ എഴുത്തുകാരൻ പ്രൊഫ. കെഎസ് ഭഗവാനെ കൊല്ലാൻ ഇവർ പദ്ധതിയിട്ടു വരികയായിരുന്നു പിടിയിലാകുമ്പോൾ.

യോഗേഷ് മാസ്റ്റർ, ചന്ദ്രശേഖർ പാട്ടീൽ, ബാനർജി ജയപ്രകാശ്, ബരഗൂർ രാമചന്ദ്രപ്പ, പാട്ടീൽ പുട്ടപ്പ, ചന്നവീര കനവി, നടരാജ് ഹൂളിയാർ, നരേന്ദ്ര നായക്, എസ്എം ജംദാർ, സിഎസ് ദ്വാരകനാഥ് തുടങ്ങിയവരും കൊലയാളികൾ തയ്യാറാക്കിയ പട്ടികയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍