UPDATES

വിദേശം

ഇറ്റലിയിൽ പേമാരി: പാലം തകർന്ന് 37 മരണം; സർക്കാരിനെതിരെ പ്രതിഷേധം

പാലത്തിലുണ്ടായിരുന്ന കാറുകളും ട്രക്കുകളും 45 മീറ്റർ താഴെയുള്ള കെട്ടിടങ്ങളിലേക്കും റെയിൽപ്പാതയിലേക്കും പുഴയിലേക്കും പതിച്ചു.

ഇറ്റലിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ജെനോവയിൽ പാലം തകർന്നുവീണ് 37 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഴയിലാണ് പാലം തകർന്നു വീണത്.

പാലത്തിലുണ്ടായിരുന്ന കാറുകളും ട്രക്കുകളും 45 മീറ്റർ താഴെയുള്ള കെട്ടിടങ്ങളിലേക്കും റെയിൽപ്പാതയിലേക്കും പുഴയിലേക്കും പതിച്ചു. ഇക്കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങൾ രാത്രിയിൽ സംഘടിപ്പിക്കേണ്ടി വന്നു.

പാലത്തിന്റെ സ്ഥിതി അതീവദുർബലമാണെന്ന് വ്യക്തമായതോടെ പാലത്തിന്റെ ബാക്കി ഭാഗങ്ങൾക്കു താഴെയുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പാലം തകർന്നതിന് ഉത്തരവാദികളായത് ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി മാറ്റീ സൽവാനി ഉറപ്പു നൽകി. താൻ തന്നെയും തകർന്ന പാലത്തിലൂടെ പലതവണ യാത്ര ചെയ്തിട്ടുണ്ടെന്നും ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി വിശദീകരിച്ചു.

ഒരു വൻ മേഘസ്ഫോടനത്തിനു പിന്നാലെയാണ് പാലം തകർന്നു വീണതെന്ന് പൊലീസ് പറയുന്നു. ഒരു മിന്നൽ പാലത്തിൽ കൊള്ളുന്നത് കണ്ടുവെന്നും ചില ദൃക്സാക്ഷികൾ പറയുന്നുണ്ട്. അതെസമയം മിന്നല്‍ മൂലം പാലം വീണുവെന്നത് എൻ‍ജിനീയറിങ് വിദഗ്ധർ തള്ളിക്കളയുന്നു. കാരണം കണ്ടെത്താൻ സമയമെടുക്കുമെന്നാണ് അറിയുന്നത്.

സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണ് തകർന്നു വീണിരിക്കുന്നത്. നിർമാണത്തിലെ പാകപ്പിഴകളാണ് കാരണമെന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍