UPDATES

എജെ ഫിലിപ്പ്

കാഴ്ചപ്പാട്

എജെ ഫിലിപ്പ്

ട്രെന്‍ഡിങ്ങ്

ജോർജ് ഫെർണാണ്ടസ്: കുമ്പളംപൊയ്കയിലെ കുഞ്ഞമ്മ ടീച്ചറുടെ ‘മകൻ’

ഒതുക്കിവെക്കാത്ത മുടിയുള്ള, മലയാളി മട്ടിൽ മുണ്ടും കുർത്തയും ധരിച്ച ഒരു പുതിയ ചെറുപ്പക്കാരൻ അവരുടെ വീട്ടിൽ താമസിക്കുന്നത് അയൽക്കാർ ശ്രദ്ധിച്ചു. കണ്ടുപരിചയമില്ലാത്തതിനാൽ, ടീച്ചറുടെ മകൻ അവധിക്കു വന്നതാണെന്ന് അവർ തെറ്റിദ്ധരിക്കുകയും ചെയ്തു.

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കുമ്പളംപൊയ്ക എന്നൊരു സ്ഥലമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിക്ക് (ഐബി) ഒരു ധാരണയുമുണ്ടായിരുന്നില്ല. പത്തനംതിട്ട-വടശ്ശേരിക്കര വഴിയിൽ ഒരു നല്ല വിദ്യാലയമുള്ള ചെറിയ ഗ്രാമമാണത്. കിഴക്കേതിൽ വീട്ടിലെ കുഞ്ഞമ്മ ജോൺ ടീച്ചറെ തലമുറകളായുള്ള വിദ്യാർത്ഥികൾക്കറിയാം. അവർക്ക് ഏഴു മകളുണ്ട്-എല്ലാവരും നല്ല ഉയരക്കാരും വിദ്യാഭ്യാസമുള്ളവരും. ചിലർ അങ്ങകലെ ന്യൂ ഡൽഹിയിലൊക്കെയാണ്. ഒതുക്കിവെക്കാത്ത മുടിയുള്ള, മലയാളി മട്ടിൽ മുണ്ടും കുർത്തയും ധരിച്ച ഒരു പുതിയ ചെറുപ്പക്കാരൻ അവരുടെ വീട്ടിൽ താമസിക്കുന്നത് അയൽക്കാർ ശ്രദ്ധിച്ചു. അധികം കണ്ടുപരിചയമില്ലാത്തതിനാൽ, ടീച്ചറുടെ മകൻ അവധിക്കു വന്നതാണെന്ന് അവർ തെറ്റിദ്ധരിക്കുകയും ചെയ്തു. അയാൾ വിരളമായേ പുറത്തിങ്ങുള്ളൂ എന്നതിനാൽ അധികമാരും അയാളെ ശ്രദ്ധിക്കുകയോ അയാളെക്കുറിച്ചു സംസാരിക്കുകയോ ചെയ്തില്ല. സന്ദർശകനെക്കുറിച്ചു ടീച്ചറും മക്കളും ഒന്നും മിണ്ടിയുമില്ല.

എന്തായാലും അയാൾ ഒളിവിലാണെന്നും ഇന്ദിര ഗാന്ധിയുടെ പോലീസ് അയാളെ അന്വേഷിക്കുകയാണെന്നും ആരും അറിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം ആ മനുഷ്യൻ കുമ്പളംപൊയ്കയിൽ വീണ്ടുമെത്തി. പക്ഷെ ഇത്തവണ വന്നത് ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററിലായിരുന്നു. അയാളായിരുന്നു ജോർജ് ഫെർണാണ്ടസ്, അന്നത്തെ പ്രതിരോധ മന്ത്രി. അയാൾ ഒളിവിൽ താമസിച്ച വീട് എന്റെ സുഹൃത്തായ ഡോ. ജോർജ് മാത്യുവിന്റെ അമ്മമ്മയുടേതായിരുന്നു. ന്യൂഡൽഹിയിൽ Institute of Social Sciences ചെയർമാനാണ് ജോർജ് മാത്യു. പഞ്ചായത്തി രാജിനെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങൾ നടത്തുന്ന, ഒരു കേന്ദ്രം സ്ഥാപിക്കണമെന്ന്, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിൻനമ് ഡോ. ടി കെ ഉമ്മാന്റെ കീഴിൽ ഡോക്ടറേറ്റ് എടുത്ത ഡോ. മാത്യവിന്റെ ആഗ്രഹം സഫലമാക്കാൻ ഫെർണാണ്ടസ് സഹായിച്ചു.

മംഗലാപുരത്തെ ഒരു കത്തോലിക്കാ കുടുംബത്തിൽ നിന്നുമുള്ള ഫെർണാണ്ടസ് സെമിനാരി പഠനം ഇടയ്ക്കു വെച്ച് നിർത്തിയപ്പോഴേ വീട്ടുകാരുടെ ഇഷ്ടക്കേടിനു പാത്രമായി. അയാൾ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായെങ്കിലും അതൊന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള അയാളുടെ തീരുമാനത്തെ ഇല്ലാതാക്കിയില്ല. അയാൾ ജന്മനാ ഒരു വിമതനായിരുന്നു.

പിന്നീട് വലിയൊരു തൊഴിലാളി സംഘടനാ നേതാവായതും 1967-ലെ തെരഞ്ഞെടുപ്പിൽ ബോംബെയിൽ എസ് കെ പാട്ടീലിനെ തോൽപ്പിച്ചതും ശേഷം ചരിത്രമാണ്.
1973-ൽ ഞാൻ ഡൽഹിയിലെത്തുമ്പോൾ കുറച്ചാഴ്ച്ചകൾക്കുള്ളിൽ ഇവിടെ ഒരു വലിയ പ്രകടനവും ബന്ദും നടത്താനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ഒരു കാര്യം നടത്തുന്നതിനായി അപ്പോൾ കോയമ്പത്തൂരിൽ നിന്നും ജയിച്ചുവന്ന സിപിഐ നേതാവ് പാർവതി കൃഷ്ണനെ എനിക്ക് കാണേണ്ടതുണ്ടായിരുന്നു. ഒരു റയിൽവേ പണിമുടക്കിനെക്കുറിച്ചു അവരും മറ്റു ചിലരും കൂടിയാലോചന നടത്തുന്ന റെയിൽവേ യൂണിയൻ കാര്യാലയത്തിൽ വന്നുകാണാൻ അവരെന്നോട് ആവശ്യപ്പെട്ടു. അതാദ്യമായിട്ടായിരുന്നു രാജ്യത്ത് തീവണ്ടികൾ നിശ്ചലമായത്. മറ്റു സമരങ്ങളിൽ നിന്നും വ്യത്യസ്തമായി സർക്കാരിനെ അസ്ഥിരപ്പെടുത്തലായിരുന്നു ഈ ക്രമം തകർക്കുക എന്നതാണ് സമ്പൂർണ വിപ്ലവം എന്ന് കരുതിയവർക്ക് ജോർജ് ഫെർണാണ്ടസ് ഒരു ദേശീയ ക്രമഭഞ്ജകനായി.

ഫെര്ണാണ്ടസിന് കുമ്പളംപൊയ്കയിൽ അധികകാലം നിൽക്കാനായില്ല. ഏറെ വൈകാതെ ബറോഡ ഡൈനാമിറ്റ് കേസിൽ അദ്ദേഹത്തെ കൊൽക്കത്തയിൽ നിന്നും പിടികൂടി. 1977ലെ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം തിഹാർ ജയിലിലായിരുന്നു. തടവറയിൽ കിടന്നുകൊണ്ട് മത്സരിച്ച അദ്ദേഹം ബിഹാറിലെ മുസഫർപൂരിൽ നിന്ന് വമ്പൻ വിജയം നേടി. മണ്ഡലം കണ്ടിട്ടുപോലുമില്ലായിരുന്നു അദ്ദേഹം. തടവറക്കുള്ളിലെ ഫെർണാണ്ടസിന്റെ ചിത്രം രാജ്യത്തെ സമ്മതിദായകരെ ഉണർത്താൻ പ്രാപ്തമായിരുന്നു. 1978-ൽ അദ്ദേഹം ഒരു വിദേശ രാജ്യം സന്ദര്ശിച്ചപ്പോൾ ഹോട്ടലിൽ വിവരങ്ങൾ എഴുതിനൽകാനാകാതെപ്പോയി കുറച്ചുനേരം. കാരണം കുറച്ചുനിമിഷങ്ങൾ അയാൾ സ്വന്തം പേര് മറന്നുപോയിരുന്നു.

അയാളെ ആവേശിക്കാൻ തുടങ്ങിയ മറവിരോകത്തിന്റെ വരവായി ആരും അതിനെ കണ്ടില്ല. ബിഹാറിൽ നിന്നും വീണ്ടും പലതവണ അയാൾ തെരഞ്ഞെടുപ്പുകൾ വിജയിച്ചു. ബിഹാറിലെ ബങ്കയിൽ രണ്ടു തവണയും മുസഫർപൂറിൽ ഒരു തവണയും, ബംഗളൂരുവിൽ ഒരു തവണയും അയാൾ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.

ആദ്യമായും അവസാനമായും ഞാനദ്ദേഹത്തെ കാണുന്നത് മുസഫർപൂരിലാണ്. അദ്ദേഹം വരുമെന്നറിയുമ്പോൾ ഞാൻ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. ഞാൻ കാത്തുനിന്നു, വന്നപ്പോൾ അദ്ദേഹവുമായി അല്പനേരം സംസാരിച്ചു. അവിടെകൂടിയ കുറച്ചുപേരോടായി അദ്ദേഹം സംസാരിച്ചു. ഒന്നും ഒട്ടും ശരിയല്ല എന്നും വിജയിക്കാൻ സാധ്യത ഒട്ടുമില്ല എന്നും പ്രകടമായിരുന്നു. വലിയ വ്യത്യാസത്തിൽ അദ്ദേഹം തോറ്റു.

ദൈവശാസ്ത്രം ഉപേക്ഷിച്ചെങ്കിലും World Council of Churches അധ്യക്ഷനായിരുന്ന ഡോ. എം എം തോമസിനോട് അദ്ദേഹത്തിന് വലിയ ബഹുമാനമായിരുന്നു എന്ന് അധികമാർക്കും അറിയില്ല. നാഗാലാണ്ട് ഗവർണറാകാൻ അദ്ദേഹമാണ് ഡോ. തോമസിനെ പ്രേരിപ്പിച്ചത്. ആ പരീക്ഷണം വലിയ വിജയമായിരുന്നു എന്ന് പറയാനാകില്ലെങ്കിലും. അദ്ദേഹം തീരുമാനങ്ങളെടുക്കുന്നത് വളരെ പെട്ടന്നായിരുന്നു. ഒരു ആഭ്യന്തര വിമാനയാത്രയിൽ കണ്ടുമുട്ടിയ മുൻ മന്ത്രി ഹുമയൂൺ കബീറിന്റെ മകൾ ലൈല കബീറിനെ വിവാഹം കഴിക്കാനെടുത്തതുൾപ്പെടെ. യുഎസിൽ നിക്ഷേപ ബാങ്കറായ ഒരു മകനുണ്ട് ആ വിവാഹത്തിൽ.

ഒന്നിച്ച വേഗത്തിൽത്തന്നെ അവരിരുവരും വേർപിരിയുകയും ചെയ്തു. ജനത പാർട്ടി സർക്കാരിൽ വ്യവസായ മന്ത്രിയായിരിക്കെ കാശ്മീർ കേഡറിൽ നിന്നുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നത്. കാശ്മീർ ഗവർണറായിരുന്നു അയാളുടെ പേര് ഫെർണാണ്ടസിനോട് നിർദ്ദേശിച്ചത്. ഒരു ദിവസം ഐഎഎസ് ഉദ്യോഗസ്ഥന്റെ അതിസുന്ദരിയായ ഭാര്യയെ ഫെർണാണ്ടസ് പരിചയപ്പെട്ടു, ജയ ജെയ്റ്റ്ലി. ഏതാണ്ട് 30 കൊല്ലത്തോളം നീണ്ട പരസ്യവും സ്വകാര്യവുമായ നിരവധി കഥകൾക്കും അധിക്ഷേപങ്ങൾക്കും ഇടയായ ഒരു ബന്ധം അന്ന് തുടങ്ങി. കഴിഞ്ഞ വര്ഷം പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിൽ- “Life Among the Scorpions ”-, ഒരു ഗുരുവും ശിഷ്യയും തമ്മിലുള്ള ബന്ധം എന്നാണ് ജയ ജെയ്റ്റ്ലി ആ ബന്ധത്തെ വിശേഷിപ്പിക്കുന്നത്.

എന്തായാലും ജയാ ജെയ്റ്റ്ലിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ഫെർണാണ്ടസ് പതിവില്ലാത്തവിധത്തിൽ അഭ്യർത്ഥന നടത്തിയത് അവർ തുറന്നുപറയുന്നുണ്ട്. അവർക്ക് പകരം ചന്ദൻ മിത്രയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. അപ്പോൾ അവരെ ബിഹാറിൽ നിന്നും ലോക്സഭയിലേക്ക് ജയിപ്പിച്ചെടുക്കാനായി അദ്ദേഹത്തിന്റെ ശ്രമം. മുഖ്യമന്ത്രി നിതീഷ് കുമാർ ഇരുവരെയും തീരുമാനത്തിനായി കാത്തുനിർത്തിച്ചു. ഒടുവിൽ ഒട്ടും മെച്ചമല്ലാത്ത ചരിത്രമുള്ള മഹേന്ദ്രക്കാണ് നറുക്ക് വീണത്. നിതീഷ് കുമാർ എന്തായാലും അദ്ദേഹത്തിന് ഒരു ആശ്വാസം നൽകി. സഭയിൽ ശരദ് യാദവിന്റെ ബാക്കിയുള്ള കാലാവധിയിലേക്ക്-ഒരു വർഷത്തിൽ താഴെ- ഫെര്ണാണ്ടസിനെ നാമനിർദ്ദേശം ചെയ്തു. അനാരോഗ്യം ചൂണ്ടിക്കാണിച്ച് കുറച്ചു മാസങ്ങൾക്കു മുമ്പേ നിതീഷ് കുമാർ തന്നെ ഫെർണാണ്ടസിന് ലോക്സഭാ സീറ്റ് നിഷേധിച്ചിരുന്നു എന്നതാണ് മറ്റൊരു വസ്തുത. രാജ്യസഭയിലേക്ക് അനാരോഗ്യം തടസമായില്ല. അപ്പോഴേക്കും മനസ് നഷ്ടപ്പെടാൻ തുടങ്ങിയ ഫെർണാണ്ടസിനെ തുറന്നുകാട്ടാനായിരുന്നു നിതീഷ് ആഗ്രഹിച്ചത് എന്ന് പറയുന്നു. ഫെർണാണ്ടസിന്റെ ജീവിതത്തിൽ നിരവധി വഴിത്തിരിവുകളുമുണ്ട്. ലൈല ഫെർണാണ്ടസ് അയാളുടെ ജീവിതത്തിൽ തിരിച്ചെത്തിയത് അത്തരത്തിലൊന്നാണ്.

ജയാ ജയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പടിയടച്ചു പുറത്താക്കി. ജയ ജയ്‌റ്റ്ലി കോടതിയിൽ പോയി. പതിനഞ്ചു ദിവസത്തിലൊരിക്കൽ 15 മിനിറ്റ് നേരം അദ്ദേഹത്തെ സന്ദർശിക്കാൻ കോടതി അവരെ അനുവദിച്ചു. ഫെർണാണ്ടസിന്റെ ജീവിതത്തിൽ നിന്നും ജയാ ജെയ്റ്റ്ലി നിഷ്കാസിതയായി എന്നായിരുന്നു വാസ്തവം. ഒരു രാത്രി വീട്ടിൽ തിരിച്ചെത്തിയ ഫെർണാണ്ടസ് അക്കങ്ങളിട്ട് പൂട്ടുന്ന താഴ് തുറക്കാനുള്ള അക്കങ്ങൾ ഓർമ്മയില്ലാതെ മുറിക്കു പുറത്ത് സോഫയിൽ കിടന്നുറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെടുന്നു എന്ന് ജയാ ജയ്റ്റ്‌ലി മനസിലാക്കിയത്.

നിഘണ്ടുവിലെ ഏറ്റവും വൃത്തികെട്ട വാക്കുകൾ, ഫെർണാണ്ടസിന്റെ തലച്ചോറിലെ വിനിമയ വഴികളെ അടച്ചിട്ട “amyloid beta protein plaque deposits”, “neurofibrillary tangle”, “presenilin mutations” എന്നിവയാണെന്ന് അവർക്ക് തോന്നി. അഥവാ, “ഒരു വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ ഒന്നൊന്നായി പോവുകയും സാവധാനം ആ വീട് മുഴുവൻ ഇരുട്ട് പരക്കുകയും ചെയ്യുന്നതുപോലെയായിരുന്നു.” തുറന്നുപറയാമല്ലോ, ഞാനൊരുകാലത്തും ഫെർണാണ്ടസിന്റെ ആരാധകനായിരുന്നില്ല. 1977-ൽ ഐബിഎം, കൊക്ക കോള എന്നീ കമ്പനികളെ രാജ്യത്തുനിന്നും പുറത്താക്കിയതിനെ തികഞ്ഞ അബദ്ധമായേ ഞാൻ കണ്ടിട്ടുള്ളു. കാർഗിൽ മേഖലയിൽ ഡല്ഹിയെക്കാൾ വലിയൊരു ഭൂപ്രദേശം പാകിസ്ഥാൻ കയ്യേറി എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് സമ്മതിക്കാഞ്ഞത് സത്യസന്ധതയില്ലായ്മയായിട്ടേ എനിക്ക് കാണാനാവുന്നുള്ളു.

അദ്ദേഹം വലിയ പ്രസംഗകനായിരുന്നു. എന്നാൽ ഒരു ദിവസം സർക്കാരിനനുകൂലമായും തൊട്ടടുത്ത ദിവസം അതിനെതിരായും സംസാരിച്ച ഫെർണാണ്ടസ് തന്റെ ഭൂതകാലത്തിന്റെ വിളർച്ച ബാധിച്ച നിഴൽ മാത്രമാണ്. ഓസ്‌ട്രേലിയക്കാരനായ മതപ്രചാരകൻ ഗ്രഹാം സ്റ്റെയിൻസിനെയും അയാളുടെ രണ്ടു കുട്ടികളെയും ചുട്ടുകൊന്നതിനെ വെള്ളപൂശാൻ വരെ അദ്ദേഹം ശ്രമിച്ചത് വളരെ വിചിത്രമായാണ് എനിക്ക് തോന്നിയത്. വാജ്പേയീ സർക്കാരിൽ മറ്റാരേക്കാളും ആർ എസ് എസിനു വിശ്വാസം ഫെര്ണാണ്ടസിനെയാണ് എന്ന് ഇന്ത്യൻ സ്പ്രസ്സിലെ ഒരു എഡിറ്റോറിയൽ യോഗത്തിൽ സ്വപ്‍ന ദാസ് ഗുപ്ത ഞങ്ങളോട് പറഞ്ഞത് ഞാനോർക്കുന്നു. വാജ്‌പേയി പോലും മോദിയെ രാജധർമ്മത്തെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോഴും ഗുജറാത്ത് കൂട്ടക്കൊലകളെക്കുറിച്ച് അസ്വസ്ഥ തോന്നാതിരിക്കാൻ മാത്രം അദ്ദേഹം തന്നെ സംഘ പരിവാറിന് വിറ്റിരുന്നു. അദ്ദേഹത്തിന്റെ പിഴവുകളേയും വിചിത്രമായ പെരുമാറ്റങ്ങളെയും കുറിച്ച് എത്ര വേണമെങ്കില് പറയാം. പക്ഷെ അതൊന്നും കൊങ്കൺ റെയിൽവേ നിർമ്മിക്കാനുള്ള തീരുമാനം പോലെ അദ്ദേഹത്തിന്റെ സംഭാവനകളെ വിസമരിച്ചുകൊണ്ടാകരുത്.

തലമുടി ചീകാനുള്ള ഒരു ചീർപ്പ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമേ ആയിരുന്നില്ല. ഏതാണ്ട് 70 വയസ് കഴിയുന്ന വരേയ്ക്കും തന്റെ വസ്ത്രങ്ങൾ അദ്ദേഹം സ്വയം കഴുകിയിരുന്നു. അവയാകട്ടെ അദ്ദേഹം ഒരിക്കലും ഇസ്തിരിയിട്ടിരുന്നുമില്ല. അവസാന നാളുകളിൽ ആദത്തിന്റെ സമ്പാദ്യത്തിൽ കണ്ണുവെച്ചവരല്ലാതെ ആരും അദ്ദേഹത്തിനെ നോക്കാനുണ്ടായിരുന്നില്ല. ഫെർണാണ്ടസിന്റെ ആരോഗ്യത്തെക്കുറിച്ചു ആര് സൂചിപ്പിച്ചയാളും കണ്ണ് നിറഞ്ഞിരുന്ന ഡോ. ജോർജ് മാത്യുവിനെപ്പോലെ ചിലരുണ്ടായിരുന്നു എന്നത് ശരിയാണ്. താൻ മകനെപ്പോലെ സ്നേഹിച്ച ഫെർണാണ്ടസിന്റെ മരണവർത്തയറിയുമ്പോൾ കുമ്പളപൊയ്കയിൽ കുഞ്ഞമ്മ ജോർജ് ടീച്ചറുടെ കുഴിമാടത്തിലും അവർ വിങ്ങുന്നുണ്ടാകും.

എജെ ഫിലിപ്പ്

എജെ ഫിലിപ്പ്

ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ദ ട്രിബ്യൂണ്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ദീപാലയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍. കായംകുളം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍