UPDATES

ട്രെന്‍ഡിങ്ങ്

അന്ന് കോണ്‍ഗ്രസ് എംഎല്‍എയെ ബലാത്സംഗിയെന്ന് വിമര്‍ശിച്ചു, ഇന്ന് പൂമാലയിട്ട് സ്വീകരിച്ചു; ഗോവ ബിജെപിയിലെത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും

ഗോവ ബിജെപിയിലെ നിരവധി നേതാക്കള്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്ത്

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തെയും അടര്‍ത്തി മാറ്റിയതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത. നിരവധി നേതാക്കള്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചത്.

അതിനിടെ കഴിഞ്ഞ ദിവസം ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ മാലയിട്ട് സ്വീകരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ അറ്റാന്‍സിയോ മോന്‍സെര്‍റ്റെയും ഉള്‍പ്പെടുന്നു. സ്ത്രീപീഡകന്‍ എന്ന് ആക്ഷേപിച്ച ആളെ തന്നെയാണ് ബിജെപി ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് മാലയിട്ട് ആനയിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ചില നേതാക്കളുടെ ആക്ഷേപം.

പനാജിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച അറ്റാന്‍സിയോ മോന്‍സെര്‍റ്റെയെ പാര്‍ട്ടിയില്‍ എടുത്തതിനെതിരെയാണ് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തനിക്കെതിരായ ലൈംഗീക പീഡനാരോപണം അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ  ബിജെപി സർക്കാർ  കേസെടുത്തതെന്നാണ് അദ്ദേഹം അന്ന്  പറഞ്ഞത്. എന്നാല്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കാണാതായ സംഭവം ഗോവയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിജെപിയാണ് കുട്ടിയെ കാണാതായത് വലിയ വിഷയമാക്കി അവതരിപ്പിച്ചത്. ഇതൊക്കെ സംഭവിച്ചിട്ട് രണ്ട് മാസം മാത്രമെ ആയുളളൂ. അതിനിടയിലാണ് മുന്‍ കോണ്‍ഗ്രസ് മന്ത്രി കൂടിയായ മൊന്‍സെര്‍റ്റെയെ ബിജെപി സ്വീകരിച്ചത്. ഇതാണ് ചില നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്.

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപിക്കാരാക്കിയ നടപടിക്കെതിരെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും ഗോവയിലെ പ്രമുഖനുമായിരുന്ന മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ രംഗത്തെത്തി. “അച്ഛന്റെ മരണ ശേഷം പാര്‍ട്ടി മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്”, അദ്ദേഹം പറഞ്ഞു. “മാര്‍ച്ച് 17 ന് അച്ഛന്‍ മരിച്ചതോടെ ബിജെപി മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആ മാറ്റം എന്താണെന്ന് കഴിഞ്ഞ ദിവസം ജനങ്ങള്‍ മനസ്സിലാക്കി, വിശ്വാസ്യതയും സമര്‍പ്പണവുമെന്നുള്ളതൊക്കെ ബിജെപിയില്‍ അവസാനിച്ചു”, ഉത്പല്‍ പറഞ്ഞു.

15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. മനോഹര്‍ പരിക്കര്‍ സഖ്യകക്ഷികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ബിജെപി തയ്യാറാകണമെന്നും ഉത്പല്‍ പരീക്കര്‍ പറഞ്ഞു. ബിജെപിയുടെ മുന്‍ സംസ്ഥാന തലവന്‍ രാജേന്ദ്ര ആലേക്കറും ബിജെപി നേതൃത്വത്തിന്റെ നീക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. “സംസ്ഥാനത്തുനിന്ന് നുറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എന്നെ വിളിക്കുന്നത്. അവര്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയില്‍ ചേര്‍ത്തതിന്റെ യുക്തി മനസ്സിലാകുന്നില്ല”, അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ പാര്‍ട്ടി വളര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മനോഹര്‍ പരിക്കറിന്റെ അനുയായിയും ബിജെപി നേതാവുമായ ഗിരിരാജ് പൈ വെര്‍നേക്കറും പാര്‍ട്ടി നിലപാടിനെതിരെ രംഗത്തുവന്നു. ബിജെപിക്ക് പുതിയ നേതൃത്വം വേണമെന്ന് താന്‍ നേരത്തെതന്നെ ആവശ്യപ്പെടുന്നതാണെന്നും ഇപ്പോള്‍ ആ ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ട്ടിയിലെ ശത്രുക്കളെ തിരിച്ചറിഞ്ഞ് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു

2017 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ സ്വതന്ത്രരെയും ചെറു പാര്‍ട്ടികളെയും ഒപ്പം ചേര്‍ത്ത് ബിജെപി പരീക്കറിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി വന്നതോടെ ഈ സഖ്യകക്ഷികളെ പൂര്‍ണമായി ഒഴിവാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ത്തുന്നവരില്‍ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രതിനിധിയായ ഉപമുഖ്യമന്ത്രി വിജയ്‌ സര്‍ദേശായി ഉള്‍പ്പെടെ ഉള്ളവരാണ്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരും മൂന്നു  സ്വതന്ത്രരും ഉള്‍പ്പെടെ 23 അംഗങ്ങളുടെ പിന്തുണയാണ് ബിജെപി സര്‍ക്കാരിന് ഉള്ളത്. എന്നാല്‍ 10 കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി വന്നതോടെ ഇത് 27 ആയി.  കോണ്‍ഗ്രസിന്റെ അംഗസംഖ്യ ആകട്ടെ അഞ്ച് അംഗങ്ങള്‍ മാത്രമായി ചുരുങ്ങി.

ബിജെപിയുടെ ക്രിസ്ത്യന്‍ മുഖമായ മൈക്കല്‍ ലോബോയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വിജയ്‌ സര്‍ദേശായിയോട് സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് 10 എംഎല്‍എമാരെ എത്തിച്ചതിനു പിന്നിലും സര്‍ദേശായിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിനൊപ്പം ഗോവയിലെ ശക്തരായ ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നതും ബിജെപി ലക്ഷ്യമിടുന്നു. ബിജെപിയില്‍ ചേര്‍ന്ന 10 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ അഞ്ചു പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. മൈക്കല്‍ ലോബോ ആണ് ഇവരെ ബിജെപിയില്‍ എത്തിക്കാന്‍ചരട് വലിച്ചത് എന്നാണ് സൂചനകള്‍. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉടന്‍ തന്നെ മന്ത്രിസഭാ അഴിച്ചു പണിയുമെന്നും കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കും എന്നുമാണ് സൂചനകള്‍. ഇങ്ങനെ സംഭവിക്കുമ്പോള്‍ പുറത്തു പോകേണ്ടി വരുന്നത് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സ്വതന്ത്രരുമായിരിക്കും. മൈക്കല്‍ ലോബോയ്ക്ക് ഒപ്പം പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ചന്ദ്രകാന്ത് ബാബു കവലേക്കറും മന്ത്രിയായേക്കും.

Azhimukham Read: പാക് ബാലന്റെ മൃതദേഹം അതിര്‍ത്തി നദിയിലൂടെ ഒഴുകിയെത്തി, മൈന്‍ നിറഞ്ഞ വഴികള്‍ കടന്ന് ഇന്ത്യന്‍ സേന ശവശരീരം പാകിസ്ഥാന് കൈമാറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍