UPDATES

മനോഹർ പരീക്കറുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മുമ്പോട്ടുള്ള വഴി തേടി ബിജെപി; സർക്കാരിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്സ്

ബിജെപി ക്യാമ്പ് പുതിയ മുഖ്യമന്ത്രിയെ തേടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യനില ഏറെ വഷളാകുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി മുമ്പോട്ടുള്ള വഴികൾ തേടുന്നുവെന്ന് വിവരം. പരീക്കറുടെ ആരോഗ്യനില വഷളായതിന്റെയും ഒരു എംഎൽഎ മരണപ്പെട്ടതിന്റെയും സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സ് നിലവിലെ സർക്കാരിനെ പിരിച്ചുവിടണമെന്നും പുതിയ സർക്കാർ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയിട്ടുണ്ട്.

ബിജെപി ക്യാമ്പ് പുതിയ മുഖ്യമന്ത്രിയെ തേടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇക്കഴിഞ്ഞദിവസം നടന്ന നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം തങ്ങളുടെ ദൂതരെ സംസ്ഥാനത്തേക്ക് ഇന്ന് അയച്ചേക്കും. സംസ്ഥാനത്തെ തങ്ങളുടെ സഖ്യകക്ഷികളുമായും ബിജെപി നേതൃത്വം ചർച്ച നടത്തുന്നുണ്ട്. മൂന്ന് സ്വതന്ത്രരുമായും പാർട്ടി ചർച്ച നടത്തി വരികയാണ്. ഇവരെല്ലാം പരീക്കർ സർക്കാരിൽ പൂർണ വിശ്വാസമർപ്പിച്ച് നിലകൊള്ളുന്നതായി ബിജെപി വൃത്തങ്ങൾ അവകാശപ്പെട്ടു. പുതിയൊരു സംവിധാനമുണ്ടാക്കുന്ന പ്രശ്നമേയില്ലെന്ന് നഗര-ഗ്രാമ വികസനമന്ത്രി വിജയ് സർദേശായി പറഞ്ഞു.

ആകെ 40 അംഗങ്ങളുള്ള നിയമസഭയിൽ 17 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സാണ്. എന്നാൽ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. 13 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

പരീക്കറുടെ ആരോഗ്യനിലയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു അടിയന്തിര യോഗം വിളിച്ചിരുന്നതായി സ്പീക്കർ മൈക്കേൽ ലോബോ പറഞ്ഞിരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയൊന്നുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ‌

സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഇമെയിലായും ഫാക്സായും നേരിട്ടും പ്രതിപക്ഷം കൈമാറിയിട്ടുണ്ട്. ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി അയച്ച ഫാക്സ് തനിക്ക് കിട്ടിയില്ലെന്ന് ഗവർണർ സത്യപാൽ മാലിക് നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലമുള്ളതാണ് മൂന്ന് മാർഗങ്ങളിലൂടെ കത്ത് കൈമാറുന്നതിന് ഗോവയിലെ കോൺഗ്രസ്സ് പാർട്ടിയെ പ്രേരിപ്പിച്ചതെന്നറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍