UPDATES

ട്രെന്‍ഡിങ്ങ്

കാട്ടുതീ: കൂരിരുട്ടില്‍ ജീവൻ പണയംവച്ച് നാട്ടുകാരുടെ സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനം

കാട്ടുതീ കലിതുള്ളി എരിഞ്ഞടങ്ങിയത് പതിനൊന്ന് ജീവനുകൾ; ഇരുപത്തിയേഴുപേരെ രക്ഷപ്പെടുത്തി മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു

പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായ കൊരങ്ങണി മലമുകൾ അഗ്നി വിഴുങ്ങിയപ്പോൾ അകപ്പെട്ടുപോയ ജീവനുകളെ രക്ഷപ്പെടുത്തുന്നതിനായി കൂരിരുട്ടിലും ജീവൻപണയം വച്ചുള്ള രക്ഷാ പ്രവർത്തനമാണ് നാട്ടുകാര്‍ നടത്തിയത്. മലമുകളിൽ കാട്ടുതീ പടർന്നിട്ടുണ്ടെന്നും വിനോദ സഞ്ചാര സംഘം മലമുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും അറിഞ്ഞതോടെ അധികൃതർ എത്തും മുന്‍പേ നാട്ടുകാർ മലമുകളിലേയ്ക്ക് കുതിക്കുകയായിരുന്നു. ഇവർക്ക് നേതൃത്വം നല്‍കിയത് അവധിക്ക് വീട്ടിലെത്തിയ പട്ടാളക്കാരനായ കൊരങ്ങണി സ്വദേശി ഭാഗ്യരാജ്. പ്രദേശത്തുണ്ടായിരുന്ന യുവാക്കളെയും കൂട്ടി മലമുകളിലേക്ക് കുതിച്ച ആ പട്ടാളക്കാരന്‍റെ അനുഭവപരിചയവും കയ്യും മെയ്യും മറന്നുള്ള പ്രവർത്തനവും നിർദ്ദേശവും ഒപ്പമെത്തിയവർക്കും മുമ്പിൽ കത്തുന്ന തീയെ മറികടന്ന് നിലവിളിക്കുന്നവരുടെ അരികിലേക്ക് എത്തിച്ചേരാൻ പ്രചോദനമായി.

മലമുകളിൽ എത്തിയപ്പോൾ വസ്ത്രങ്ങളടക്കം പൂർണ്ണമായി കത്തിനശിച്ച് സാരമായി പൊള്ളലേറ്റ് കിടക്കുന്ന സ്ത്രീകളടക്കമുള്ളവരെയാണ് കാണുവാൻ കഴിഞ്ഞതെന്ന് ഭാഗ്യരാജ് പറയുന്നു. “ഉടുത്തിരുന്ന മുണ്ടും, ഷർട്ടുമൂരി അപകടത്തിൽപെട്ടവർക്ക് നൽകി. തുടർന്ന് അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുവാനും പരിക്കേറ്റവരെ താഴെയെത്തിക്കുന്നതിന് ചാക്കും ബഡ്ഷീറ്റുകളും എത്തിക്കുവാൻ കുറച്ചാളുകളെ പറഞ്ഞയച്ചു. ഇവർക്കൊപ്പം വനപാലക സംഘവും പൊലീസും ബഡ്ഷീറ്റുകളുമായി മലകയറി എത്തി. കൂറ്റാകൂറ്റിരുട്ടിൽ മലകയറി എത്തിയവരുടെ കയ്യിലുണ്ടായിരുന്ന ചെറിയ ടോർച്ചിന്റെ വെട്ടത്തിൽ പരിക്കേറ്റവരെ വലിയകമ്പുകൾ വെട്ടിയെടുത്ത് ഇതിൽ ബെഡ്ഷീറ്റ് കെട്ടി ഇതിൽകിടത്തി പാറക്കെട്ടുകൾക്കിടയിലൂടെ താഴോട്ടുള്ള യാത്ര. ഓരോ ചുവടുവയ്പ്പിലും തോളിൽ തൂങ്ങിയിരിക്കുന്ന ജീവന് വേണ്ടിയുള്ള പ്രാർത്ഥന മാത്രമായിരുന്നു. അതുകൊണ്ട് തന്നെ തളർച്ചയും ഇരുട്ടും ഒന്നും പ്രതിസന്ധിയായി തോന്നിയില്ല. ആദ്യത്തെ ആളെയുംകൊണ്ട് കൊരങ്ങണി ജനറൽ ആസുപത്രിയുടെ അടുത്തെത്തിയപ്പോഴേക്കും ആംബുലൻസുകളും മറ്റും സജ്ജീകരിച്ചിരുന്നു. തുടർന്ന് വീണ്ടും മലമുകളിലേയ്ക്ക് ഓടി. കണ്ടെത്തിയവരെ കണ്ടെത്തിയവരെ മലമുകളിൽ നിന്നും താഴോട്ടിറക്കി. വിശപ്പും ദാഹവുമില്ലാതെ കയ്യും മെയ്യും മറന്ന് ജീവന് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം.” ഭാഗ്യരാജ് പറഞ്ഞു.

കൊരങ്ങണിയിൽ നിന്നും ഉദ്യോഗസ്ഥരും ആളുകളും മലകയറി എത്തിയപ്പോൾ കാട്ടുതീയുടെ ദുരന്തവാർത്ത അറിഞ്ഞ് ചിന്നക്കനാൽ, സൂര്യനെല്ലി, മൂന്നാർ എന്നിവടങ്ങളിൽ നിന്നും യുവാക്കളും ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാരും രക്ഷാ പ്രവർത്തനത്തിനായി മലമുകളിലേക്ക് എത്തി. ഇതിനൊപ്പം തന്നെ തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഒ.പന്നീർസെൽവം അടക്കമുള്ള മന്ത്രിമാരും സ്ഥലത്തെത്തി. ഹെലികോപ്ടർ അടക്കമുള്ള സജീകരണങ്ങൾ എത്തിച്ച് രക്ഷാ പ്രവർത്തനത്തിന് വേഗത കൂട്ടി എങ്കിലും, ശക്തമായ ഇരുട്ടും വഴിയില്ലാത്തതും രക്ഷാപ്രവർത്തനത്തിന് വേഗം കുറച്ചു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈ, ഈറോഡ് സ്വദേശികളായ മുപ്പത്തിയൊമ്പത്‌ പേരടങ്ങുന്ന സംഘം കേരളാ തമിഴ്‌നാട് അതിർത്തി മലയോര മേഖലയായ കൊളുക്കുമലയിലേയ്ക്ക് ട്രക്കിംഗിനായി എത്തിയത്. ഞായറാഴ്ച്ച ഉച്ചയോടെ ഇവർ മലയിറങ്ങുന്ന സമയത്താണ് ദുരന്തം വിതച്ച് കാട്ടുതീ പടർന്ന് കയറിയത്. മലയുടെ നടുഭാഗത്തുനിന്നും തീ പടർന്നതിനാൽ സഞ്ചാരികൾക്ക് കൊരങ്ങണിയിലേക്ക് ഇറങ്ങുവാൻ കഴിയാത്ത അവസ്ഥയായി. ഉയർന്നു നില്‍ക്കുന്ന ചെങ്കുത്തായ വനമേഖലയിൽ കാറ്റ് വീശിയതോടെ കാട്ടുതീ ശക്തിയായി കത്തിപ്പടരുകയും തുടർന്ന് ഇവർ ചിതറി ഓടുകയുമായിരുന്നു. വഴിയറിയാത്തതിനാൽ പലരും പാറക്കെട്ടുകളിലും മറ്റും വീണ് ഗുരുതരമായി പരുക്കേൽക്കുകയും കാട്ടുതീയ്ക്കുള്ളിൽ അകപ്പെട്ട് വെന്തുമരിക്കുകയുമായിരുന്നു.

ദുരന്തത്തിൽ പതിനൊന്നു പേർ മരിച്ചു. ഇരുപത്തിയേഴ്‌ പേരെ രക്ഷപ്പെടുത്തി. പതിനഞ്ച് പേർ മധുര മെഡിക്കൽകോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റാൽ ജീവന് ഭീഷണിയാകുമെന്നുള്ളതിനാൽ ഇനിയും മരണ സംഖ്യ ഉയരുവാനും സാധ്യതയുണ്ട്.

ചെന്നൈ സ്വദേശികളായ അരുൺ, വിപിൻ, അഖില, ശുഭ, വിജയ, ഹേമലത, സുനിത എന്നിവരും, ഈറോഡ് സ്വദേശികളായ വിവേക്, തമിഴ്‌ശെൽവം എന്നിവരുമാണ് മരിച്ചത്. മുപ്പത്തിയൊമ്പത് പേരിൽ മരിച്ചവരടക്കം മുപ്പത്തിയാറ് പേരെയാണ് കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള മൂന്ന് പേർക്കായി തിരച്ചിൽ തടരുകയാണ്. ഇവർ മൂന്ന് പേർ മലകറുന്നതിൽ നിന്ന് പകുതിയിൽ വച്ച് തിരിച്ച് പോയിരിക്കാമെന്നും, അല്ലാത്ത പക്ഷം കൊളുക്കുമല കയറി മൂന്നാറിലേക്ക് എത്തിച്ചേർന്നിരിക്കാമെന്നും തമിഴ്‌നാട് പൊലീസ് കരുതുന്നുണ്ട്. എന്നാൽ വലിയരീതിയിൽ മാധ്യമ വാർത്തയായിട്ടും ഇവർ സുഹൃത്തുക്കളുമായോ മറ്റോ ബന്ധപ്പെടാത്തതും മലയിൽ തന്നെ ഒറ്റപ്പെട്ടുപോയി അകപ്പെട്ടിരിക്കുമോയെന്ന ആശങ്കയുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍