UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ മുന്‍ എതിരാളി, ഗുജറാത്ത് കലാപ കാലത്തെ മന്ത്രി ഗോര്‍ധന്‍ സദാഫിയ തിരിച്ചുവരുന്നു; യുപിയുടെ ചുമതല

പട്ടേല്‍ സമുദായത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവ് എന്ന നിലയിലാണ് പ്രധാനമായും സദാഫിയയെ ബിജെപി തിരികെ കൊണ്ടുവരുന്നത്.

2002ലെ ഗുജറാത്ത് കലാപകാലത്തെ ആഭ്യന്തര സഹ മന്ത്രിയും നരേന്ദ്ര മോദിയുടെ ശക്തനായ വിമര്‍ശകനുമായിരുന്ന മുതിര്‍ന്ന നേതാവ് ഗോര്‍ധന്‍ സദാഫിയ ബിജെപി നേതൃത്വത്തില്‍ വീണ്ടും സജീവമാകുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് ഗോര്‍ധന്‍ സദാഫിയയ്ക്ക് നല്‍കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 17 പേരെയാണ് വിവിധ സംസ്ഥാനങ്ങളുടെ ചുമതലക്കാരായി ബിജെപി നിയമിച്ചിരിക്കുന്നത്. ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുള്ള, പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നേടിയ, എന്നാല്‍ എസ് പി – ബി എസ് പി സഖ്യവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലടക്കമുള്ള തുടര്‍ച്ചയായ ഉപതിരഞ്ഞെടുപ്പ് തോല്‍വികളുമടക്കം വലിയ വെല്ലുവിളി നേരിടുന്ന യുപിയുടെ ചുമതല സദാഫിയയുടെ ശക്തമായ തിരിച്ചുവരവാണ്.

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു ഗോര്‍ധന്‍ സദാഫിയ. 2002 ഫെബ്രുവരി 28ന് ഗോധ്ര ട്രെയിനിലെ തീ പിടിത്തത്തിന് പിന്നാലെ ഗുജറാത്തില്‍ മൂന്ന് ദിവസം മുസ്ലീങ്ങളെ ലക്ഷ്യം വച്ച് നടന്ന കൂട്ടക്കൊലകളിലും ആക്രമണങ്ങളിലും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതില്‍ രൂക്ഷവിമര്‍ശനവും ആരോപണങ്ങളുമാണ് ഗോര്‍ധന്‍ സദാഫിയ നേരിട്ടത്. ഗോര്‍ധന്‍ സദാഫിയയെ മോദി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെയാണ് മോദിയുടെ ശക്തനായ വിമര്‍ശകനായി സദാഫിയ മാറിയത്.

2007ല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കെതിരെ മത്സരിച്ചു. മറ്റൊരു മോദി വിമര്‍ശകന്‍ മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുമായി ലയിച്ചു. ‘ശിവലിംഗത്തിലെ തേള്‍’ എന്നാണ് മോദിയെ സദാഫിയ ഒരിക്കല്‍ വിശേഷിപ്പിച്ചത്. വിശ്വ ഹിന്ദു പരിഷത്തില്‍ സജീവമായിരുന്ന സദാഫിയ ഒരുകാലത്ത് പ്രവീണ്‍ തൊഗാഡിയയുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നു. അതേസമയം പ്രവീണ്‍ തൊഗാഡിയ വിഎച്ച്പിയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് സദാഫിയ വീണ്ടും നേതൃത്വത്തിന് അഭിമതനായത്.

പട്ടേല്‍ സമുദായത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവ് എന്ന നിലയിലാണ് പ്രധാനമായും സദാഫിയയെ ബിജെപി തിരികെ കൊണ്ടുവരുന്നത്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സമുദായ (പട്ടീദാര്‍) സംവരണ പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് ബിജെപിക്ക് വലിയ തലവേദനയാവുകയും പട്ടേല്‍, അല്‍പേഷ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ക്ഷത്രിയ (ഒബിസി), ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദലിത് വിഭാഗങ്ങളും ബിജെപിക്കെതിരെ കടന്നാക്രമണം തുടങ്ങുകയും ചെയ്തിരുന്നു. ജാതി സമവാക്യങ്ങളെ ഉപയോഗപ്പെടുത്തിയും ഭരണനിര്‍വഹണത്തിലെ അതൃപ്തിയെ ഉപയോഗിച്ചും നിയമസതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുകയും ബിജെപിക്ക് ക്ഷീണമുണ്ടാവുകയും ചെയ്തിരുന്നു. പരമ്പരാഗതമായി ബിജെപി വോട്ട് ബാങ്ക് ആയി കണ്ടിരുന്ന പട്ടേല്‍ സമുദായത്തിന്റെ പിന്തുണ വലിയ തോതില്‍ ചോര്‍ന്ന് കോണ്‍ഗ്രസ് കാമ്പിലേയ്ക്ക് പോയത് ബിജെപിക്ക് വന്‍ തിരിച്ചടിയായിരുന്നു.

“ഗുജറാത്ത് കലാപകാലത്തെ ആഭ്യന്തര മന്ത്രിയും മോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് വിളിച്ചിരുന്നു”

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇപ്പോഴത്തെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആയിരുന്നു 2013-ല്‍ യുപിയുടെ ചുമതല നല്‍കിയത്. ഇതിനു പിന്നാലെയാണ് യുപിയിലെ മുസഫര്‍നഗറില്‍ കലാപമടക്കം ഉണ്ടാവുകയും 50-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തത്. തുടര്‍ന്ന് 2014-ല്‍ ബിജെപി 80-ല്‍ 71 സീറ്റില്‍ വിജയിക്കുകയും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍