UPDATES

ട്രെന്‍ഡിങ്ങ്

‘സര്‍ക്കാര്‍ ഞങ്ങളെ പരാജയപ്പെടുത്തി’; അനിതയുടെ ആത്മഹത്യയില്‍ പ്രതിഷേധം വ്യാപിക്കുന്നു

നീറ്റ് പരീക്ഷയ്ക്കും വിദ്യാഭ്യാസത്തിന്റെ വാണീജ്യവല്‍ക്കരണത്തിനും എതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് അനിത എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തില്‍ നിന്നുള്ള എസ് അനിത എന്ന പതിനേഴുകാരിയുടെ ആത്മഹത്യ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ കൂലിത്തൊഴിലാളിയായ ടി ഷണ്മുഖന്‍ എന്ന ദളിതന്റെ പുത്രിയായ അനിത പ്ലസ് ടൂവിന് ഉന്നത വിജയം നേടിയിട്ടും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.

വെള്ളിയാഴ്ച അനിതയുടെ ആത്മഹത്യ വാര്‍ത്ത പരന്നതോടെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, അരിയല്ലൂര്‍ തുടങ്ങിയ പ്രധാന പട്ടണങ്ങളിലെല്ലാം വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, റെവലൂഷണറി സ്റ്റൂഡന്‍സ്, യുത്ത് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ചെന്നൈയില്‍ പ്രകടനം നടത്തി. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാലുമാസമായി തങ്ങള്‍ അനിതയോടൊപ്പം ചേര്‍ന്ന് പ്രതിഷേധം നടത്തുകയായിരുന്നുവെന്ന് തമിഴ്‌നാട് സ്റ്റുഡന്റ്സ് ഫ്രണ്ട് നേതാവ് ഇളയരാജ മാധ്യമങ്ങളോട് പറഞ്ഞു. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, വന്‍ തയ്യാറെടുപ്പുകളുമായി നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന സിബിഎസ്ഇ വിദ്യാര്‍ത്ഥികളോട് മത്സരിക്കാന്‍ ആവില്ലെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.


തനിക്ക് മെഡിസിന് പഠിക്കണമെന്ന് പറയുന്ന അനിതയുടെ വീഡിയോ

രാജ്യത്തെമ്പാടും നീറ്റ് പരീക്ഷ നിര്‍ബന്ധിതമാക്കിക്കൊണ്ട് 2017-ലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം നടത്തിയിരുന്നത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് സിബിഎസ്ഇയാണ്. തങ്ങളുടെ പാഠ്യപദ്ധതിക്ക് അനുസരിച്ചാണ് സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്. തമിഴ്‌നാട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠ്യപദ്ധതിയില്‍ നിന്നും തുലോം വ്യത്യസ്തമാണ് സിബിഎസ്ഇ പാഠ്യപദ്ധതി. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠ്യപദ്ധതിയില്‍ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ നീറ്റ് പരീക്ഷ സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളില്‍ 85 ശതമാനം സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ജൂണ്‍ 23ന് ഉത്തരവിറക്കി. എന്നാല്‍ ജൂലൈ 14 മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് മരവിപ്പിച്ചു. നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓഗസ്റ്റ് 14ന് സംസ്ഥാന സര്‍ക്കാര്‍ അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നീറ്റ് പരീക്ഷയില്‍ ഒരു വര്‍ഷത്തെ ഇളവ് ആവശ്യപ്പെടുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കും എന്ന കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തമിഴ്‌നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കിയത് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.

ഉത്തരവിനെതിരെ ഓഗസ്റ്റ് 17-ന് അനിത സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സിലബസ് അനുസരിച്ച് പ്ലസ് ടുവിന് പഠിച്ച അനിതയ്ക്ക് 1,200ല്‍ 1,176 മാര്‍ക്ക് ലഭിച്ചിരുന്നു. തനിക്ക് നീറ്റിനെ കുറിച്ച് അറിയില്ലെന്നും നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകളില്‍ പോകാന്‍ തന്റെ പിതാവിന്റെ പക്കല്‍ പണമില്ലെന്നും അനിത അന്ന് പറഞ്ഞിരുന്നു. എന്നാല്‍ തമിഴ്‌നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും നീറ്റ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാശി പിടിക്കുകയായിരുന്നുവെന്ന് അനിതയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ച പ്രിന്‍സ് ഗജേന്ദ്ര ബാബു ചൂണ്ടിക്കാണിക്കുന്നു. മദ്രാസ് ഐഐടിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗും ഓറത്തുനാട് വെറ്റിനറി കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെറ്റിനറി സയന്‍സ് പഠിക്കാനും അനിതയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടറാവാന്‍ ആഗ്രഹിച്ചിരുന്ന ആ പെണ്‍കുട്ടി ഈ അവസരങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

അനിത ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികളാണ് തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഒരു ഡോക്ടറുടെ ഉപദേശപ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്. നീറ്റ് പരീക്ഷയ്ക്ക് പരിശീലിക്കാന്‍ കഷ്ടിച്ച് ഒരു മാസം മാത്രമാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന ദിണ്ഡിഗലില്‍ നിന്നുള്ള ഡോക്ടര്‍ മഹേഷും തന്റെ പുത്രന് വേണ്ടി കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയായിരുന്നവെന്ന് മഹേഷ് പറയുന്നു. കല്‍പിത സര്‍വകലാശാലകളില്‍ അപേക്ഷിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ചിലവ് താങ്ങാനാവില്ലെന്ന് മഹേഷ് ചൂണ്ടിക്കാണിക്കുന്നു. നീറ്റ് പരീക്ഷയ്ക്കും വിദ്യാഭ്യാസത്തിന്റെ വാണീജ്യവല്‍ക്കരണത്തിനും എതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് അനിത എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍