UPDATES

ട്രെന്‍ഡിങ്ങ്

മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു, പ്രത്യേക സംരക്ഷണം ഇനി മോദിക്കും സോണിയാ കുടുംബത്തിനും മാത്രം

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് എസ്പിജി സംവിധാനം ഏര്‍പ്പെടുത്തിയത്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനത്തില്‍നിന്ന് എസ്പിജിയെ പിന്‍വലിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുടെയും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യം മന്‍മോഹന്‍ സിംഗിനെ അറിയിച്ചതായി വാര്‍ത്ത പുറത്തുവിട്ട ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

മൂവായിരത്തോളം സുരക്ഷാ ഭടന്മാരാണ് എസ്പിജിയില്‍ ഉള്ളത്. പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ കുടുംബം എന്നിവരുടെ സുരക്ഷയാണ് ഈ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം. മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ അവസാനിപ്പിക്കുന്നതോടെ, എസ്പിജി സംരക്ഷണം ഇനി മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കു മാത്രമായി ചുരുങ്ങും.

സംഭവത്തെക്കുറിച്ച് മൻമോഹൻ സിംഗ് പ്രതികരിച്ചിട്ടില്ല.

2014 ല്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് മാറിയതിനെ തുടര്‍ന്ന് മന്‍മോഹന്‍ സിംഗിന് ഏര്‍പ്പെടുത്തിയ എസ്പിജി സുരക്ഷയുടെ കാര്യത്തില്‍ ഒരോ വര്‍ഷവും അവലോകനം നടക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെയും മറ്റും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടന്ന അവലോകനത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്കായിരുന്നു കഴിഞ്ഞ തവണ എസ്പിജി സംരക്ഷണം നീട്ടിയത്. അതിന് ശേഷം എസ്പിജി സംരക്ഷണം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മന്‍മോഹന്‍ സിംഗിനും ഭാര്യ ഗുര്‍ശരണ്‍ കൌറിനും പുറമേ ഇവരുടെ പെണ്‍മക്കളും എസ്പിജി സുരക്ഷയുടെ പരിധിയില്‍ വരുമെങ്കിലും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ ഉടന്‍ തന്നെ ഇവര്‍ സ്വമേധയാ എസ്പിജി സംരക്ഷണം ഒഴിവാക്കിയിരുന്നു.

എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മന്‍മോഹന്‍ സിംഗിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇപ്പോഴും 200-ഓളം സുരക്ഷാ ഭാടന്മാരുണ്ടെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസത്തെ കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാത്തതിനാലാണിത്.

മന്‍മോഹന്‍ സിംഗിന്റെ സംരക്ഷണം പിന്‍വലിക്കുന്നതിനുള്ള അധികാരം സാങ്കേതികമായി സര്‍ക്കാരിനുണ്ടെങ്കിലും അത്തരമൊരു കീഴ്വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2004 ല്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും അടല്‍ ബിഹാരി വാജ്‌പേയ്ക്കുള്ള എസ്പിജി സുരക്ഷ യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാറും പിന്‍വലിച്ചിരുന്നില്ല. രോഗാവസ്ഥയെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയേണ്ട വന്ന വാജ്‌പേയിയേക്കാള്‍ സുരക്ഷാ ആവശ്യം പൊതുപരിപാടികളില്‍ പങ്കെടുക്കുകയും നിരന്തരം യാത്ര ചെയ്യുകയും ഒപ്പം ഇപ്പോള്‍ രാജ്യസഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മന്‍മോഹന്‍ സിംഗിനാണെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി മാത്രമേ ഏതൊരു സര്‍ക്കാരും ഇത്തരം തീരുമാനങ്ങള്‍ എടുക്കാറുള്ളൂ, രാഷ്ട്രീയ കാര്യങ്ങള്‍ അല്ല അതിനു പിന്നില്‍ ഉണ്ടാവേണ്ടത് എന്നും മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. രാജീവ് ഗാന്ധിക്ക് എസ്പിജി സുരക്ഷ  വി.പി സിംഗ് സര്‍ക്കാര്‍ പിന്‍വലിച്ചത് അദ്ദേഹം കൊല്ലപ്പെട്ടതും പിന്നീട് വലിയ വിവാദമായിരുന്നു എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1985-ലാണ് എസ്പിജി സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1988-ല്‍ ഇതുസംബന്ധിച്ച ആക്ട് പാര്‍ലമെന്റ് പാസ്സാക്കി. എന്നാല്‍ ഈ ഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ ഉണ്ടായിരുന്നില്ല. 1989-ല്‍ വി.പി സിംഗ് അധികാരത്തില്‍ വന്നതോടെ രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചു. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ ആ വര്‍ഷം തന്നെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും കുറഞ്ഞത് 10 വര്‍ഷം കൂടി എസ്പിജി സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നു.

1999-ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എസ്പിജി സുരക്ഷ സംബന്ധിച്ച് നടത്തിയ അവലോകനത്തെ തുടര്‍ന്ന് അന്ന് മുന്‍ പ്രധാനമന്ത്രിമാരയിരുന്ന നരസിംഹ റാവു, എച്ച്.ഡി ദേവ ഗൌഡ, ഐ.കെ ഗുജ്റാള്‍ എന്നിവരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. 2003-ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്യുകയും 10 വര്‍ഷം കുറഞ്ഞ സുരക്ഷ എന്നത് അധികാരമൊഴിഞ്ഞ് ഒരു വര്‍ഷം എന്നാക്കി മാറ്റുകയും പിന്നീട് സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തില്‍ എന്ന രീതിയില്‍ മാറ്റുകയും ചെയ്തിരുന്നു.

സിആര്‍പിഎഫ്, ഇന്ത്യോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സിഐഎസ്എഫ് എന്നിവയില്‍ നിന്നാണ് ഇതിലേക്കുള്ള സുരക്ഷ ഭടന്മാരെ തെരഞ്ഞെടുക്കാറുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍