UPDATES

ഇന്ത്യ

അർധരാത്രിയിൽ നാടകീയ നീക്കങ്ങൾ: ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി; പകരം ചുമതല എം നാഗേശ്വർ റാവുവിന്

ആലോക് വർമയും രാകേഷ് അസ്താനയും തമ്മിലുള്ള പോര് ഏറെ നാളുകളായി സിബിഐയിൽ കൊഴുക്കുകയായിരുന്നു.

അർധരാത്രിയിലെ നാടകീയമായ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും ആലോക് വർമയെ അടിയന്തിരമായി നീക്കി. പകരം ചുമതല സിബിഐ ജോയിന്റ് ഡയറക്ടർ സ്ഥാനത്തായിരുന്ന എം നാഗേശ്വര റാവുവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. 1986 ബാച്ച് ഒഡിഷ കേഡർ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മറ്റിയാണ് അർധരാത്രിയിൽ ഈ തീരുമാനമെടുത്തത്. കമ്മറ്റിയുടെ തീരുമാനപ്രകാരം നാഗേശ്വർ റാവു ഐപിഎസ് സിബിഐ ഡയറക്ടർ സ്ഥാനം അടിയന്തിരമായി ഏറ്റെടുക്കുമെന്ന് മാത്രമാണ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്.

സിബിഐ സ്പെഷ്യൽ ഡയറക്ടറും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതിയാരോപണത്തിൽ നടപടിയെടുത്തതാണ് നിലവിലെ ഡയറക്ടർ ആലോക് വർമയ്ക്ക് വിനയായത്. കേസിൽ പെട്ട അസ്താനയെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നു കഴിഞ്ഞദിവസം സിബിഐ.

ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ബിസിനസ്സുകാരനിൽ നിന്ന് ദുബൈയിലുള്ള ഇടനിലക്കാരൻ വഴി 5 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന്മേലാണ് സ്വന്തം സ്പെഷ്യൽ ഡയറക്ടർക്കെതിരെ സിബിഐ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സ്വന്തം ഓഫീസും മറ്റൊരു ഉദ്യോഗസ്ഥന്റെ വീടും സിബിഐ റെയ്ഡ് ചെയ്യുകയുണ്ടായി. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആലോക് വർമയും രാകേഷ് അസ്താനയും തമ്മിലുള്ള പോര് ഏറെ നാളുകളായി സിബിഐയിൽ കൊഴുക്കുകയായിരുന്നു. അസ്താനയുടെ അഴിമതികൾ ചൂണ്ടിക്കാണിച്ചും അതിനെതിരെ നീക്കങ്ങൾ നടത്തിയും ആലോക് വർമ കേന്ദ്ര സർക്കാരിന്റെ അപ്രീതി നേരത്തെ തന്നെ സമ്പാദിച്ചിരുന്നു. മോയിൻ ഖുറേഷിയെന്ന വ്യവസായിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 5 കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയെന്നതിനു പുറമെ സ്റ്റെർലിങ് ബയോടെക്ക് കേസുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ആലോക് വർമ ആരോപിച്ചിരുന്നു. എന്നാൽ, സിബിഐ ഡയറക്ടർക്കെതിരെ കാബിനറ്റ് സെക്രട്ടറിക്ക് നേരിട്ട് കത്തെഴുതിയാണ് അസ്താന ഇതിനോട് പ്രതികരിച്ചത്. ഐആർസിടിസി കേസിൽ ലാലു പ്രസാദ് യാദവിനെതിരായ റെയ്ഡ് ആലോക് വർമ ഇടപെട്ട് തടഞ്ഞുവെന്നായിരുന്നു ഈ കത്തിലെ ആരോപണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന രാകേഷ് അസ്താന സിബിഐയിലേക്ക് എത്തിയതിനു ശേഷം നടത്തിയ അധികാരമേറ്റെടുക്കൽ ശ്രമങ്ങളാണ് ആലോക് വർമയുമായുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചത്. സിബിഐയുടെ കേസിനെ നേരിടുന്ന അസ്താനയെ സിബിഐയിലേക്ക് എടുക്കുന്നതിനെ ആലോക് വർമ നേരത്തെ വിമർശിക്കുകയും ചെയ്തിരുന്നു. പല കേസുകളിലും അസ്താന അന്യായമായി ഇടപെടുന്നതായി ആലോക് വർമയ്ക്ക് പരാതിയുണ്ടായിരുന്നു. ഒരു സമാന്തരഭരണം സിബിഐയിൽ സ്ഥാപിക്കാനുള്ള അസ്താനയുടെ നീക്കങ്ങളെ ആലോക് വർമ എതിർത്തു പോന്നു.

അസ്താന നിരവധി കേസുകളിൽ സിബിഐ നിരീക്ഷണത്തിലുള്ളയാളാണെന്നും ഡയറക്ടറുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് സിബിഐയിലേക്ക് പുതിയ ആളുകളെ എടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മീഷന് സിബിഐ നേരത്തെ കത്തു നൽകിയത് വിവാദമായിരുന്നു. സിബിഐയുടെ പോളിസി വിഭാഗമാണ് ആലോക് വർമയുടെ (സിബിഐ ഡയറക്ടറുടെ) അസാന്നിധ്യത്തിൽ അസ്താനയെ ചുമതലയേൽപ്പിക്കാൻ കഴിയില്ലെന്ന കത്ത് കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയത്.

തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ഐപിഎസ്സുകാരനായി മാറിയ ആലോക് വർമ സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്. എന്നാൽ അസ്താനയ്ക്ക് ഇത്തരമൊരു പ്രതിച്ഛായയല്ല ഉള്ളത്. ഗുജറാത്തിലെ ഒരു ഹവാല ഇടപാടുകാരനില്‍ നിന്നു പിടിച്ചെടുത്ത ഡയറിയില്‍ പേരുണ്ടായിരുന്നു എന്ന ആരോപണം പേറുന്നയാളാണ് അസ്താന. നരേന്ദ്രമോദി അസ്താനയെ സിബിഐ സ്പെഷ്യൽ ഡയറക്ടറായി നിയമിക്കുമ്പോൾ അദ്ദേഹത്തിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള ആലോക് വർമയുടെ വിയോജനക്കുറിപ്പ് പരിഗണിക്കപ്പെട്ടിരുന്നില്ല.

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം ‘ഗുജറാത്ത് മോഡല്‍’; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

സിബിഐ എന്നും അധികാരികളുടെ കാല്‍ച്ചുവട്ടില്‍; സ്വതന്ത്രമാക്കാന്‍ നേരമായി

സന്ദീപ് ടാംഗദ്ജെയെ സിബിഐ കുരുക്കുന്നത് അമിത് ഷായ്ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയതിന്റെ പേരിലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍