UPDATES

രാജ്യത്തെ എട്ട് മർമപ്രധാന വ്യവസായ മേഖലകളുടെ വളർച്ച ഇടിഞ്ഞു; മാന്ദ്യത്തിന്റെ മറ്റൊരു സൂചകം

വ്യാവസായിക ഉൽപാദന സൂചികയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നത് ഈ എട്ട് മർമ്മപ്രധാനമായ വ്യവസായങ്ങളാണ്.

രാജ്യത്തെ എട്ട് മർമ്മപ്രധാനമായ വ്യവസായ മേഖലകളുടെ വളർച്ചാ നിരക്ക് വൻതോതിൽ ഇടിഞ്ഞതായി റിപ്പോർട്ട്. നിലവിൽ 2.1 ശതമാനമാണ് ഈ മേഖലകളുടെ വളർച്ചാനിരക്ക് കഴിഞ്ഞവർഷം ഇതേ കാലയളവിൽ 7.3 ശതമാനം വളർച്ചാനിരക്കായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ഏപ്രിൽ-ജൂലൈ പാദത്തിലെ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) നിരക്ക് കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞതിനു പിന്നാലെയാണ് ഈ വാർത്തയും പുറത്തു വരുന്നത്. നിലവിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 5 ശതമാനമാണ്. ജിഡിപി നിരക്കിൽ പ്രതിഫലിച്ച രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥയെ കുറെക്കൂടി വിശദീകരിക്കുന്നതാണ് സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലായ വ്യവസായ മേഖലയിൽ സംഭവിച്ചിരിക്കുന്ന തകർച്ചയുടെ കണക്കുകൾ. മാന്ദ്യം ഏറെ കടുത്തതാണെന്നതിന്റെ സൂചകമാണിതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

വ്യാവസായിക ഉൽപാദന സൂചികയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നത് ഈ എട്ട് മർമ്മപ്രധാനമായ വ്യവസായങ്ങളാണ്. ഇവയുടെ വളർച്ച ഇടിയുന്നുവെന്നത് സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ഈ വ്യവസായങ്ങളുടെ മൊത്തം സൂചിക 131.9ലാണ് ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം നില്‍ക്കുന്നുവെന്നും ഇത് മുൻ മാസങ്ങളെ അപേക്ഷിച്ച് മെച്ചമാണെന്നും വാണിജ്യമന്ത്രാലയം പറയുന്നു.

അസംസ്കൃത എണ്ണയുടെ മേഖലയാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന വ്യവസായ മേഖല. ജൂലൈ മാസത്തിൽ മാത്രം 4.4 ശതമാനം ഇടിവാണ് ഈ മേഖലയ്ക്കുണ്ടായത്. കൽക്കരി മേഖലയാണ് മറ്റൊന്ന്. 1.4 ശതമാനം ഇടിവാണ് ഈ മേഖലയിൽ വളർച്ചാ നിരക്കിലുണ്ടായത്.

അതെസമയം സിമന്റ്, സ്റ്റീൽ, ഇലക്ട്രിസിറ്റി എന്നീ മേഖലകളിൽ ജൂലൈ മാസത്തിൽ യഥാക്രമം 7.9%, 6.6%, 4.2% എന്നിങ്ങനെയാണ് വളർച്ചാനിരക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍