UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്ത് കോണ്‍ഗ്രസിന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ നാല്; ആവനാഴിയൊഴിഞ്ഞ് ഹൈക്കമാന്റ്‌

ആവര്‍ത്തിച്ചുളള പരാജയം കോണ്‍ഗ്രസിനെ ആപത്ക്കരമായ സാഹചര്യത്തിലേക്ക് ഉന്തിത്തളളിയിട്ടിരിക്കുകയാണിപ്പോള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അനുയായികളല്ല നേതാക്കളാണധികമുളളതെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. വെറുതെയല്ല; കേരള പ്രദേശ് കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരുടെ ലിസ്റ്റ് മാത്രം നോക്കിയാല്‍ അത് വ്യക്തമാവും. ഇതേക്കുറിച്ച് രാഷ്ട്രീയ ചിരിത്രകാരന്‍മാര്‍ പറയുന്നത് മറ്റൊന്നാണ്. പ്രാദേശികമായി ജനസ്വാധീനമുളള നേതാക്കളെ ജനറല്‍ സെക്രട്ടറിമാരാക്കുന്നത് തുടക്കം തൊട്ടേ കോണ്‍ഗ്രസ് സ്വീകരിച്ചുപോന്ന രീതിയാണെന്നാണ്. ഒരു തരം പ്രവിശ്യാഭരണസമ്പ്രദായമാണത്. കോണ്‍ഗ്രസിന്റെ തുടക്കത്തില്‍ നമ്മുടെ രാജ്യത്തെ സാമൂഹ്യ ഭൂമിശാസ്ത്രം അങ്ങനെയായിരുന്നല്ലോ?

ഇത് ജനറല്‍ സെക്രട്ടറിമാരുടെ കാര്യമാണെങ്കിലും ഗുജറാത്തില്‍ കാര്യങ്ങള്‍ കുറച്ച് കൂടി കുഴഞ്ഞു മറിഞ്ഞതാണ്; ഗുജറാത്തില്‍ പാര്‍ട്ടിക്ക് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ നാലാണ്. ജാതി, മത സമവാക്യങ്ങള്‍ പരിഗണിച്ചാണെത്രെ നാല് അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു നീക്കുപോക്കിന് പാര്‍ട്ടി തയ്യാറായത്.

120 അഡീഷണല്‍ അംഗങ്ങളെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് നാല് ആധ്യക്ഷന്‍മാരെയും പ്രഖ്യാപിച്ചത്. ഗുജറാത്ത് എംഎല്‍എ പരേഷ് ധനമണി, മുന്‍ കേന്ദ്രമന്ത്രി തുഷാര്‍ ചൗധരി, സംസ്ഥാന മുന്‍ മന്ത്രി കരുണാദാസ് സൊണേരി, മുന്‍ എംപി കുണ്‍വാര്‍ജി ബവാലിയാ എന്നിവരെയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡണ്ടുമാരായി ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. സൗരാഷ്ട്ര -കച്ച് മേഖലയിലെ പട്ടേല്‍ സമുദായംഗമാണ് ധനമണി. ചൗധരിയാണെങ്കില്‍ ഗോത്രവര്‍ഗ്ഗസ്വാധീനമുളള നേതാവാണ്. ബവാലിയ കോലി സമുദായ നേതാവാണ്. കോലി സമുദായം പല ജില്ലകളിലായി ചിതറി കിടക്കുകയാണ്. സൊണേരിയാണെങ്കില്‍ പട്ടിക ജാതിക്കാരനുമാണ്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിലവിലെ അധ്യക്ഷന്റെ ഭാരം കുറക്കാനാണ് നാലുപേരെ അധ്യക്ഷരാക്കിയതെന്നാണ് ചൗധരി സാഹബ് വിശദമാക്കിയിരിക്കുന്നത്. ആയിക്കോട്ടെ; ചുരം കയറുന്നത് ച്ചിരി പ്രയാസമാണെന്നിരിക്കെ ആരെങ്കിലും ഒരു ബസിനു ഒരേ സമയം നാലു ഡ്രൈവര്‍മാരെ നിയോഗിക്കുമോ? അതാണ് ജാതി സമുദായത്തിന്റെ ശക്തി. സ്വത്വരാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസും കളി തുടങ്ങിയിരിക്കുകയാണ്. ബിജെപിയെ നേരിടാനാണ് ഈ തീക്കളി. സ്വതരാഷ്ട്രീയം അപകടരമാണെന്നു മാത്രമല്ല; അത് കോണ്‍ഗ്രസിനുണ്ടെന്നു പറയുന്ന രാഷ്ട്രീയ പ്രാധാന്യം നഷ്ടപെടുത്തുമെന്ന് ശശി തരൂരിനെ പോലുളളവര്‍ ആസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വാദിച്ചിരുന്നുവെന്നും കേള്‍ക്കുന്നു. ബിജെപിയിലേക്കു പോയ സംസ്ഥാനനേതാക്കള്‍ക്ക് പകരക്കാരായി വിവിധ കമ്മിറ്റികളില്‍ നിയോഗിച്ചതും ജാതി സമുദായ പ്രാധാന്യത്തോടെയാണ്.

ആവര്‍ത്തിച്ചുളള പരാജയം കോണ്‍ഗ്രസിനെ ആപത്ക്കരമായ സാഹചര്യത്തിലേക്ക് ഉന്തിത്തളളിയിട്ടിരിക്കുകയാണിപ്പോള്‍. രാഷ്ട്രത്തിന്റെ ശരിയായ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങളുമായി സംവദിക്കുന്നതിനു പകരം ജാതിമത സമവാക്യങ്ങളിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തുന്നു. ഈ തീക്കളിയില്‍ ബിജെപിയെ വെല്ലാന്‍ കോണ്‍ഗ്രസിനു ആവുമോ? ആയാല്‍ തന്നെ വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ താല്‍പര്യങ്ങളെ എങ്ങനെയാണ് ഒരു പാര്‍ട്ടി നേരിടുകയന്ന ചോദ്യവും ഉയരുന്നു. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യുമുളള കോണ്‍ഗ്രസിന് ബിജെപിയുടെ കുതന്ത്രങ്ങളെ മറികടക്കാന്‍ ആവനാഴിയില്‍ ഒരു തുറുപ്പുഗുലാന്‍ പോലുമില്ല എന്നതാണ് യാതാര്‍ത്ഥ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍