UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്ത് ഭൂകമ്പകാലത്ത് ഇന്ത്യ വാങ്ങിയ വിദേശ സഹായധനത്തിന്റെ കണക്കുകൾ ഇതാ: അന്നില്ലാത്ത തടസ്സങ്ങൾ ഇപ്പോൾ എവിടെ നിന്നെത്തി?

മാലിദ്വീപിൽ നിന്നുള്ള 25,000 ഡോളറിന്റെ ചെക്ക് ഒരു പ്രത്യേക ദൂതൻ വന്ന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു.

കേരളത്തിലെ മഹാപ്രളയത്തിൽ 700 കോടിയുടെ സഹായവുമായെത്തിയ യുഎഇയെ കേന്ദ്ര സർക്കാർ തടഞ്ഞത് വിവാദമായിരിക്കുകയാണ്. പുറത്തു നിന്ന് ഇത്തരം സഹായങ്ങൾ സ്വീകരിക്കാൻ വകുപ്പില്ലെന്ന തൊടുന്യായം ഉന്നയിച്ചാണ് കേന്ദ്രം തടസ്സം പറയുന്നത്. ഇന്ത്യയുടെ ‘കീഴ്‌വഴക്കം’ ഇതര രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് തടസ്സമാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇതിനെ ഖണ്ഡിച്ച് നിരവധി വാദങ്ങൾ വരുന്നുണ്ട്. ഇന്ത്യ മുൻപ് പലതവണ വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം വാങ്ങിയിട്ടുണ്ടെന്നതിന് തെളിവുകൾ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ്.

2001 ജനുവരി മാസത്തിൽ ഗുജറാത്തിലുണ്ടായ വൻ ഭൂകമ്പം രാജ്യത്തെ ഞെട്ടിച്ച ഒന്നാണ്. കേരളത്തിൽ നിന്നടക്കം വലിയ സഹായങ്ങളാണ് ഗുജറാത്തിലേക്ക് പ്രവഹിച്ചത്. കേന്ദ്രത്തിൽ വാജ്‌പേയിയുടെ സർക്കാരാണ് നിലവിലുണ്ടായിരുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സമൂഹത്തോട് വാജ്പേയി ദുരിതാശ്വാസ സംഭാവനകൾ അഭ്യർത്ഥിച്ച് കത്തെഴുതി.

ഇതിന് വിദേശരാജ്യങ്ങളിൽ നിന്ന് വൻതോതിലുള്ള അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത്. ഓസ്ട്രേലിയ പല തവണയായി 25 ലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ സഹായം അന്ന് നൽ‌കി. ആദ്യം 1,000,000 ഡോളറാണ് പ്രഖ്യാപിച്ചത്. ഇത് യുഎൻ വഴി നൽകുമെന്നും അറിയിച്ചു. പിന്നീട് 15 ലക്ഷം ഓസ്ട്രേലിയൻ ഡോളർ കൂടി നൽകി. ഇത് ഒരു എൻജിഒ വഴിയാണ് നൽകിയത്. ഇതുകൂടാതെ ധാരാളം വസ്ത്രങ്ങളും മരുന്നുമെല്ലാം ഓസ്ട്രേലിയ നൽകി. ഇതെല്ലാം വാങ്ങിക്കൂട്ടാൻ അന്ന് കേന്ദ്രത്തിലും ഗുജറാത്തിലുമുള്ള ബിജെപി സർക്കാരുകൾ യാതൊരു പ്രയാസവും നേരിട്ടില്ല.

ഓസ്ട്രിയയും ഉദാരമായ സംഭാവന ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസത്തിന് നൽകി. 330,000 യൂറോയാണ് ഓസ്ട്രിയ പണമായി മാത്രം നൽകിയത്. ഓസ്ട്രിയൻ റെഡ് ക്രോസ്സിന്റെ സജീവസാന്നിധ്യവും ദുരന്തമുഖത്തുണ്ടായി. പത്തുപേരടങ്ങുന്ന ഡോഗ് സ്ക്വാഡിനെയും ഓസ്ട്രിയ സൗജന്യമായി അയച്ചു. ഇതെല്ലാം സ്വീകരിക്കാൻ തടസ്സങ്ങളൊന്നും കേന്ദ്രം ഉന്നയിക്കുകയുണ്ടായില്ല. കാരിറ്റാസ് ഓസ്ട്രിയ എന്ന സംഘടന 75,000 യൂറോയാണ് സഹായം നൽകിയത്. ഇതും തടസ്സം കൂടാതെ ഗുജറാത്തിലെത്തി.

ബൽജിയം നൽകിയ സാമ്പത്തിക സഹായം 965,000 ഡോളറിന്റേതാണ്. ഭൂട്ടാൻ സർക്കാർ രണ്ട് കോടി സഹായധനമായി നൽകി. ബോട്സ്‌വാന 20,000 യുഎസ് ഡോളർ സഹായമായി അയച്ചു. ക്യൂബ 10 ലക്ഷം യുഎസ് ഡോളറാണ് അയച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ സഹായമായി 50,000 യുഎസ് ഡോളറാണ് എത്തിയത്. ഡെൻമാർക്ക് മൊത്തം 2,434,000 യുഎസ് ഡോളറിന്റെ സഹായം നൽകി. ഇതിൽ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. ഇവയെല്ലാം കീഴ്‌വഴക്കങ്ങളുടെ തടസ്സമൊന്നും കൂടാതെ ഗുജറാത്തിലെത്തി.

ഹോങ്കോങ്ങിലെ ഇന്ത്യൻ സമൂഹം 31,45,441.74 രൂപയാണ് സഹായമായി ഇന്ത്യയിലേക്ക് അയച്ചത്. മറ്റു പല സംഘടനകളും ഹോങ്കോങ്ങിൽ നിന്ന് പണമയച്ചു. 3,00,000 ഡോളറാണ് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് സഹായധനമായി യുണിസെഫ് വഴി ഒഴുകിയത്. 420 ദശലക്ഷം ജാപ്പനീസ് യെൻ ആണ് (അന്നത്തെ മൂല്യമനുസരിച്ച് 17 കോടി രൂപ) ജപ്പാൻ സഹായമായി അയച്ചത്. ഇതിനു പുറമെ നിരവധി അവശ്യവസ്തുക്കളും അയച്ചു. 250,000 ഡോളറിന്റെ സഹായം കുവൈത്തിൽ നിന്നും എത്തിച്ചേര്‍ന്നു.

മാലിദ്വീപിൽ നിന്നുള്ള 25,000 ഡോളറിന്റെ ചെക്ക് ഒരു പ്രത്യേക ദൂതൻ വന്ന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു. മലേഷ്യയും സമാനമായ രീതിയിൽ 100,000 ഡോളർ കൈമാറി. മൗറീഷ്യസ് പ്രധാനമന്ത്രിയും 30 ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയയ്ക്കുകയാണുണ്ടായത്.

ഈ കണക്കുകൾ വലിയൊരു പട്ടികയുടെ വളരെച്ചെറിയൊരു ഭാഗം മാത്രമാണ്. ഗുജറാത്ത് ഭൂകമ്പകാലത്ത് ദുരിതാശ്വാസമായി നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നും അവയെ തടയാൻ അന്ന് യാതൊരു ‘കീഴ്‌വഴക്ക’വും വരികയുണ്ടായില്ലെന്നും സ്ഥാപിക്കാൻ ധാരാളം തെളിവുകളുണ്ട്. വിദേശകാര്യമന്ത്രാലയം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കേരളത്തിനു വേണ്ടി 700 കോടിയുടെ സഹായം നൽകാമെന്ന യുഎഇയുടെ വാഗ്ദാനം കേന്ദ്രം സ്വീകരിക്കാൻ വിമുഖത കാട്ടുന്നത് രാഷ്ട്രീയവിരോധം കൊണ്ടല്ലെന്ന് തെളിയിക്കാൻ അൽപം പാടുപെടേണ്ടി വരുമെന്നാണ് നമുക്കു മുമ്പിലുള്ള വസ്തുതകൾ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍