UPDATES

ട്രെന്‍ഡിങ്ങ്

“പ്യാരേ ഗ്രാമവാസിയോം”; അതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പാഠം

ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരികെയെത്താന്‍ ബിജെപിയ്ക്ക് സാധിച്ചെങ്കിലും ഗുജറാത്തിലെ ഗ്രാമങ്ങള്‍ മോദിയ്ക്ക് നേരെ മുഖം തിരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഒരുകാര്യം വ്യക്തമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ ബിജെപിയിലും ഇപ്പോള്‍ ഗ്രാമീണര്‍ക്കുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരികെയെത്താന്‍ ബിജെപിക്ക് സാധിച്ചെങ്കിലും ഗുജറാത്തിലെ ഗ്രാമങ്ങള്‍ മോദിയ്ക്ക് നേരെ മുഖം തിരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ വോട്ടുകളാണ് ബിജെപിക്ക് സന്തോഷം പകരുന്നതല്ലെങ്കിലും, ഇപ്പോഴത്തെ വിജയം സമ്മാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ നഗരങ്ങളിലുള്ള 55 മണ്ഡലങ്ങളില്‍ 43 എണ്ണങ്ങളിലും ബിജെപി ജയിച്ചപ്പോള്‍ 12 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. അതേസമയം ഗ്രാമീണ മേഖലയിലെ 127 മണ്ഡലങ്ങളില്‍ 71 മണ്ഡലങ്ങളും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിയുടെ നേട്ടം 56 ആയി ചുരുങ്ങി.

 

ഗ്രാമീണ മേഖലയില്‍ കൂടുതലായുള്ള പട്ടീദാര്‍ വിഭാഗത്തിന്റെ സ്വാധീനം കോണ്‍ഗ്രസിന് അനുകൂലമായെന്ന പ്രതിരോധം ബിജെപിയ്ക്ക് സൃഷ്ടിക്കാമെങ്കിലും അതിന് കാര്യമായ ബലമില്ലെന്ന് തന്നെ പറയേണ്ടി വരും. സൌരാഷ്ട്ര, കച്ച് മേഖലകളില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം സൂചിപ്പിക്കുന്നത് മറ്റ് പിന്നോക്ക വിഭാഗങ്ങളും കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നാണ്. വഗ്ദാം മണ്ഡലത്തില്‍ ജിഗ്നേഷ് മേവാനി നേടിയ വിജയം ആര്‍എസ്എസ് സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നടത്തുന്ന ദലിത് പീഡനങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. വികസനത്തെക്കുറിച്ച് തുടര്‍ച്ചയായി പറഞ്ഞ് യുവാക്കളുടെ കണ്ണില്‍ പൊടിയിടുന്ന മോദിക്ക് നഗരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചതില്‍ അത്ഭുതമില്ല. ഐടി പാര്‍ക്കില്‍ തുടങ്ങി മൊബൈല്‍ ഫോണുകളിലൂടെ ബുള്ളറ്റ് ട്രെയിനിലെത്തി നില്‍ക്കുന്ന മോദിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ നഗരസമൂഹത്തിന് മാത്രമേ കണ്ണ് മഞ്ഞളിക്കൂ. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇതൊന്നുമല്ലെന്ന് ഗ്രാമവാസികള്‍ രാജ്യത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് ഇവിടെ.

അകത്ത് മേവാനി, പുറത്ത് ഹര്‍ദിക്; അടുത്ത അഞ്ച് വര്‍ഷം ബിജെപി വെള്ളം കുടിക്കും

കോണ്‍ഗ്രസിനെ കൂടാതെ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി, ദലിത് അസ്മിത യാത്ര തുടങ്ങിയവ പോലുള്ള മുന്നേറ്റങ്ങള്‍ ബിജെപിക്കെതിരായ പ്രകടമായ വെല്ലുവിളികളായിരുന്നു. ഈ മുന്നേറ്റങ്ങളെല്ലാം ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലുമാണ് സംഘടിപ്പിക്കപ്പെട്ടതെന്നും ഇവിടെ കൂട്ടിവായിക്കണം. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടീദാര്‍ പ്രക്ഷോഭം ദരിദ്രരായ പട്ടേല്‍ യുവാക്കള്‍ക്ക് തൊഴില്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോലീസ് ആ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. ഉനയില്‍ ദലിതര്‍ക്കെതിരെ തുടര്‍ച്ചയായുണ്ടായ പൈശാചിക മര്‍ദ്ദനങ്ങളും ഭൂമിയ്ക്ക് വേണ്ടിയുള്ള ദലിതരുടെ ആവശ്യങ്ങളും അവരെയും ബിജെപിക്കെതിരാക്കി.

2015ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ താലൂക്ക്, ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുകയും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ബിജെപി വിജയിക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തുകളില്‍ 44 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 48 ശതമാനം നേടി. താലൂക്കുകളില്‍ ബിജെപി 42, കോണ്‍ഗ്രസ് 46. 56 മുന്‍സിപ്പാലിറ്റികളില്‍ ബിജെപി 45, കോണ്‍ഗ്രസ് 40. ആറ് കോര്‍പ്പറേഷനുകളില്‍ ബിജെപി 50, കോണ്‍ഗ്രസ് 41 എന്നിങ്ങനെയാണ് മറ്റുള്ള കണക്കുകള്‍. ഇതിന്റെ ബാക്കി തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും സംഭവിച്ചിരിക്കുന്നത്.

ഗുജറാത്ത് വിജയം ഇനി മാതൃക; ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെ യുദ്ധത്തിന് മൂര്‍ച്ച കൂടും

2014ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2017ലെ തെരഞ്ഞെടുപ്പിലും ഗ്രാമങ്ങളിലെ വോട്ട് വിഹിതത്തിന്റെ ഒരു താരതമ്യ പഠനം നടത്തിയാല്‍ ബിജെപിക്ക് ഗ്രാമവാസികള്‍ നല്‍കിയ തിരിച്ചടിയുടെ ആഴം വ്യക്തമാകും. ദക്ഷിണ ഗുജറാത്തില്‍ 2014ല്‍ 44 ശതമാനം വോട്ട് കോണ്‍ഗ്രസിനും 47 ശതമാനം വോട്ട് ബിജെപിക്കുമായിരുന്നു. എന്നാല്‍ 2017 ആയപ്പോഴേക്കും ഇത് യഥാക്രമം 42 ശതമാനവും 44 ശതമാനവും ആയി മാറി. മധ്യഗുജറാത്തില്‍ യഥാക്രമം 37 ശതമാനവും 54 ശതമാനവുമായിരുന്നത് 47 ശതമാനവും 43 ശതമാനവുമായും, ഉത്തര ഗുജറാത്തില്‍ 38 ശതമാനവും 55 ശതമാനവുമായിരുന്നത് 56 ശതമാനവും 41 ശതമാനവുമായും, സൗരാഷ്ട്രയില്‍ 36 ശതമാനവും 53 ശതമാനവും ആയിരുന്നത് 49 ശതമാനവും 43 ശതമാനവും ആയി മാറി.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 54 ശതമാനം ഗ്രാമീണ വോട്ടുകളും നേടിയ ബിജെപിക്കാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഗതികേട് നേരിടേണ്ടി വന്നത്. ഗ്രാമങ്ങളായാലും പല തട്ടിലുള്ള നഗരങ്ങളിലായാലും അന്ന് 40 ശതമാനം പോലും വോട്ടുകള്‍ നേടാനാകാത്ത കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവാണ്. ഗ്രാമങ്ങളിലൂടെയുള്ള തിരിച്ചുവരവ്. ‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്, നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ പിന്തുടര്‍ന്നത് തന്നെയാണ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും തുണയായത്.

(കണക്കുകള്‍ക്ക് കടപ്പാട്: ദ ഹിന്ദു)

ഗോദ്രയില്‍ ബിജെപി ജയിച്ചത് 258 വോട്ടിന്; സ്വതന്ത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് 4400 വോട്ട്; ആരാണിവരെ നിര്‍ത്തിയത്?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍