UPDATES

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

ഈ കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ചതിലൂടെ ഒരേ സമയം നമ്മുടെ ഭരണഘടനയും അതോടൊപ്പം ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യവും മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളെ അപ്രസക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്

അഖില ഹാദിയയായി മാറിയതിനെ കുറിച്ചോ, നിഷ്‌കളങ്കരായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ‘വന്‍ ഗൂഡാലോചന’ – ലവ് ജിഹാദ് – യാണ് എന്ന ആരോപണത്തെ കുറിച്ചോ അല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. ഹാദിയയുടെ വിവാഹം നിയമപരമാണോ എന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളെ കുറിച്ചു പോലുമല്ല.

വൈക്കം സ്വദേശിയായ, 27 വയസുള്ള ഹാദിയയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളിലെ ചില ഗൗരവകരമായ കാര്യത്തെക്കുറിച്ചാണിത്. ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ചു മാത്രല്ല, ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ചും തലമുറകളായി പൊരുതി നേടിയ വ്യക്തിഗത സ്വാതന്ത്ര്യത്തെകുറിച്ചുമൊക്കെയാണിത്.

ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഉത്തരവും അതിനു മുമ്പ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും അത്ര ചെറിയ കാര്യമല്ല എന്നു നമുക്ക് കാണാം. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഈ അമിതാധികാര പ്രവണത ആരേയും ഒരുനിമിഷം അമ്പരപ്പിക്കും, പ്രത്യേകിച്ച് ലവ് ജിഹാദ് എന്ന സംഘപരിവാര്‍ പ്രൊപ്പഗണ്ടയെ കുറിച്ച് ധാരണയുള്ളവരെ പ്രത്യേകിച്ചും.

27 വയസുള്ള ഒരു സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇവിടെ ഉയരുന്നത്, പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് അവരുടെ വ്യക്തിഗതമായ സ്വാതന്ത്ര്യമില്ലേ എന്ന ചോദ്യമാണ്. ഭരണഘടന അനുവദിക്കുന്ന ആ സ്വാതന്ത്ര്യത്തിന് ഹാദിയ അര്‍ഹയല്ല എന്നാണോ?

ഇന്ത്യന്‍ ഭരണഘടന ആറോളം മൗലികാവകാശങ്ങള്‍ ഓരോ പൗരനും നല്‍കുന്നുണ്ട്. 1. തുല്യതയ്ക്കുള്ള അവകാശം, 2. സ്വാതന്ത്ര്യത്തിനുള്ള അവകാശം, 3. ചൂഷണങ്ങളില്‍ നിന്ന് വിമുക്തമാവാനുള്ള അവകാശം, 4. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം, 5. സാംസ്‌കാരിക, വിദ്യാഭ്യാസ അവകാശങ്ങള്‍, 6. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം എന്നിവയാണവ.

ഇതില്‍ ഏതൊക്കെ അവകാശങ്ങളാണ് കോടതികള്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും ഇതില്‍ ഏത് നിയമത്തിന്റെ പുറത്താണ് പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ തങ്ങളുടെ ഉത്തരവുകളില്‍ കോടതികള്‍ അടിസ്ഥാനമാക്കിയത് എന്നും അറിയേണ്ടതുണ്ട്.

എന്‍.ഐ.എ എന്ന മാര്യേജ് ബ്യൂറോ?

ഈ കേസുകള്‍ പരിഗണിക്കുമ്പോഴൊന്നും ഹാദിയയുടെ വാദങ്ങള്‍ക്ക്, സാന്നിധ്യത്തിന് യാതൊരു പ്രസക്തിയും നല്‍കിയിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. അവര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളല്ല, താന്‍ ചെയ്ത കാര്യങ്ങളൊക്കെ തന്റെ സ്വന്തം അറിവോടും ഇഷ്ടപ്രകാരവും ചെയ്തതാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് പിതാവിന്റെ ആവശ്യപ്രകാരം വിവാഹം റദ്ദാക്കി മാതാപിതാക്കളുടെ കസ്റ്റഡിയില്‍ ഹൈക്കോടതി വിട്ടു നല്‍കുന്നത്. എന്തായാലും ഹാദിയയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടി അന്തിമ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് കേള്‍ക്കാന്‍ തയാറാണെന്ന് ഹാദിയയുടെ അഭിഭാഷകന്‍ കപില്‍ സിബലിനോട് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അത് ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍ ഹാദിയയുടെ വിശ്വാസവും വിവാഹവും പരിഗണിക്കുമ്പോള്‍ അവിടെ അവരുടെ പിതാവിന്റെ താത്പര്യങ്ങള്‍ക്കു മാത്രമാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളതെന്നും കാണാം.

ഒരു മുതിര്‍ന്ന വ്യക്തിയില്‍ നിന്ന് അവരുടെ മതംമാറ്റ സംബന്ധമായ കാര്യങ്ങളിലെ സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ രാജ്യത്തെ ഏറ്റവും പ്രമുഖ തീവ്രവാദ വിരുദ്ധ സേനയുടെ ആവശ്യമില്ല. ഹാദിയ മതംമാറ്റം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്ത കാര്യം അന്വേഷിക്കാന്‍ എന്‍.ഐ.എയോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിലൂടെ, ഹിന്ദുത്വ ശക്തികള്‍ ഇന്നുന്നയിച്ചു കൊണ്ടിരിക്കുന്ന വാദങ്ങള്‍ക്ക് ശക്തിപകരുകയായിരുന്നു. ജാതി, മതം എന്നിവ പരിഗണിക്കാതെ വിവാഹം കഴിക്കുന്നത് ഹിന്ദുക്കള്‍ക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്ന അവരുടെ വാദം മാത്രമാണ് ഇതുകൊണ്ട് അരക്കിട്ടുറപ്പിക്കുന്നത്.

ഇക്കാര്യം എന്‍.ഐ.എയെ ഏല്‍പ്പിച്ചതിലൂടെ ഒരേ സമയം നമ്മുടെ ഭരണഘടനയും അതോടൊപ്പം ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യവും മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളെ അപ്രസക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. കോടതി നിയോഗിക്കുന്ന ഒരുദ്യോഗസ്ഥനോ ഉദ്യോഗസ്ഥര്‍ക്കോ ഹാദിയയെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചറിയാം എന്നിരിക്കെയാണ് ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ പോലും വിശ്വാസ്യതാ തകര്‍ച്ചയുള്ള ഒരു അന്വേഷണ ഏജന്‍സിയെ ഇക്കാര്യത്തില്‍ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്.

എന്‍.ഐ.എ ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്ന പല അന്വേഷണങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. സംഝോത എക്‌സ്പ്രസ്, മെക്ക മസ്ജിദ് തുടങ്ങിയ സ്‌ഫോടനങ്ങളില്‍ ഉള്‍പ്പെട്ട തീവ്ര ഹിന്ദുത്വ സംഘടനകളുടെ പങ്കാളിത്തം എങ്ങനെയും ഇല്ലായ്മ ചെയ്യുന്ന തിരക്കിലാണ് അവരിപ്പോള്‍. ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഏതു വിധേനെയും പുറത്തെത്തിക്കുക എന്നതാണ് അവരുടെ ഇപ്പോഴത്തെ ദൗത്യമെന്ന ആരോപണം നിരവധി കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞതുമാണ്.

ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലീം മതം സ്വീകരിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നു എന്നാണ് എന്‍.ഐ.എ സുപ്രീം കോടതിയില്‍ വാദിച്ചത്. ആ വിഡ്ഡിത്തമെല്ലാം കോടതി നിശബ്ദമായി കേട്ടിരിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ എവിടെ? അതിനു പകരം രാജ്യത്തെ പരമോന്നത നീതിപീഠവും എന്‍.ഐ.എയും ചെയ്തത് ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന ഗൂഡാലോചന സിദ്ധാന്തക്കാര്‍ക്ക് എരിവു പകരുക മാത്രമാണ്. ഹിന്ദുത്വ ഫ്രിഞ്ച് സംഘടനകള്‍ ജീവിതത്തിന്റെ ഓരോ മേഖലയിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, കൂടുതല്‍ സഹിഷ്ണുതയുള്ള, പുരോഗമനാത്മകമായ, ശാസ്ത്രീയ ധാരണകളുള്ള ഒരു സമൂഹമായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിനു കൂടിയാണ് ഈ നടപടി തിരിച്ചടിയായിരിക്കുന്നത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു.പിയില്‍ സംഘപരിവാര്‍ ശക്തമായി ഉപയോഗിച്ച ലവ് ജിഹാദ് എന്ന അസംബന്ധത്തിന് കൂടുതല്‍ ശക്തി നല്‍കിയിരിക്കുകയാണ് ഈ ഘട്ടത്തില്‍ ഹാദിയ കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇസ്ലാമിസ്റ്റ് ഗൂഡാലോചനയുടെ ഫലമായി മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്ന വിഷയം ശക്തമായി തന്നെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. യോഗി ആദിത്യനാഥ് ഇത്തവണ യു.പി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചരണത്തിലും ഇത് ഇടംപിടിച്ചിരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലവ് ജിഹാദ് എന്ന പദത്തിന് ആദ്യമായി ഇത്രയധികം ശ്രദ്ധ ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ് എന്നതാണ്. 2009-ല്‍ അന്ന് കേരള ഹൈക്കോടതി പറഞ്ഞത് സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ് എന്നായിരുന്നു. എന്നാല്‍ അതിനുള്ള തെളിവുകള്‍ എവിടെയെന്ന് കോടതി ഒരിക്കലും പറഞ്ഞില്ല. ഇപ്പോഴും ചോദിക്കുന്നു: എവിടെ തെളിവുകള്‍?

ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ് ഇത്തരത്തിലുള്ള വിവാഹങ്ങളെന്ന് വരെ ചില കോണുകളില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ഉത്തരവ് പുറത്തു വന്നിരിക്കുന്നതും. നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന ദമ്പതികളായിരിക്കും ഇതിന്റെ തിക്തഫലം ഇനി കൂടുതലായി അനുഭവിക്കാന്‍ പോകുന്നത്. ആലോചിക്കേണ്ടതുണ്ട്: ഏതു തരത്തിലുള്ള സമൂഹമാണ് നാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്?

“ഇത്തരത്തിലുള്ള ഉത്തരവിലുടെ ജുഡീഷ്യറി പരിധി ലംഘിച്ചു എന്നു പറയുന്നത് ഒരു ചെറിയ വാക്കാണ്. കോടതിയുടെ പക്ഷപാതരഹിതമായ സുതാര്യതയെ ചോദ്യം ചെയ്യുന്നതും ഒരാളുടെ വിശ്വാസത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നതുമാണ് ഈ ഉത്തരവ്”- വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ സീനീയര്‍ റിസര്‍ച്ച് ഫെലോയായ അലോക് പ്രസന്ന കുമാര്‍ ദി പ്രിന്റിനോട് പറഞ്ഞു.

ഇതിലും വ്യക്തമായി ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍