UPDATES

ഹാദിയ കേസ് ലൗവ് ജിഹാദ് ആകുമ്പോള്‍ നീതിന്യായ കോടതികള്‍ ഖാപ് പഞ്ചായത്തുകളാവുകയാണ്; കവിത കൃഷ്ണന്‍ പ്രതികരിക്കുന്നു

ഭരണഘടന സദാചാരത്തിന് പകരം പുരുഷാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതികള്‍ ശ്രമിക്കുന്നത്

ഇപ്പോള്‍ ഹാദിയ കേസില്‍ പ്രകടമാവുന്നത് പോലെ പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ അവകാശങ്ങളോടും സ്വയംനിര്‍ണയാവകാശത്തോടും കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും സമീപനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷന്‍ സെക്രട്ടറി കവിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വന്തം താല്‍പര്യ പ്രകാരം മുസ്ലിം വിശ്വാസം സ്വീകരിക്കുകയും ഷാഫിന്‍ ജഹാന്‍ എന്ന മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത ഹാദിയ എന്ന 24കാരിയെ പിതാവിന്റെ സംരക്ഷണയില്‍ വിടാനാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഹിന്ദു സ്ത്രീകളെ രക്ഷകര്‍ത്താക്കളില്‍ നിന്നും അകറ്റാനും ഇസ്ലാമിലേക്ക് മതം മാറ്റാനും സിറിയയിലോ വിദേശത്തേക്കോ കടത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം വേണമെന്നും കോടതി സൂചിപ്പിക്കുന്നതായും thewire.in ല്‍ എഴുതിയ ലേഖനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ തന്റെ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഷാഫിന്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തില്‍ ഹാദിയയുടെ അഭിപ്രായം ആരായാന്‍ കോടതി ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിക്കുകയാണ് കോടതി ചെയ്തത്. കേരള ഹൈക്കോടതി വിധിയിലും അതിനെ അംഗീകരിച്ച സുപ്രീം കോടതി വിധിയിലും ഉപയോഗിച്ചിരിക്കുന്ന ഭാഷ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കവിത കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന സ്ത്രീകളുടെ സ്വകാര്യതയും സ്വയം തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യവും അതുയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന മൂല്യങ്ങളെ ബഹുമാനിക്കേണ്ട കടമ കോടതികള്‍ക്കില്ലേ? സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തെയും സ്ഥിരമായി ലംഘിക്കുന്ന ഖാപ്പ് പഞ്ചായത്ത് വിധികളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ കാവല്‍ക്കാരായ ഇന്ത്യയിലെ കോടതികളും ആ വഴിയില്‍ തന്നെയാണോ മുന്നോട്ട് പോകുന്നത്? കവിത ചോദിക്കുന്നു.

കവിത കൃഷ്ണന്‍ തുടരുന്നു;

ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ തന്റെ മകളെ വിവാഹം കഴിച്ച് നല്‍കാനും അവളെ വിവാഹം കഴിക്കുന്ന ആള്‍ യോഗ്യനായ വ്യക്തിയാണെന്ന് ഉറപ്പാക്കാനും ഒരു പിതാവിന് അവകാശമുണ്ടെന്ന ഹാദിയയുടെ പിതാവിന്റെ അഭിഭാഷകന്റെ വാദം വിധിയില്‍ കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മുതിര്‍ന്ന പുത്രിയുടെ മേല്‍ ഇത്തരം ഒരു അവകാശം ഉന്നയിക്കാന്‍ രക്ഷകര്‍ത്താവിന് അവകാശമില്ലെന്ന കാര്യം വിധിയില്‍ പരമാര്‍ശിക്കപ്പെട്ടില്ല. ഹാദിയ ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും അതിനാല്‍ തന്നെ അവരുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവര്‍ക്ക് അധികാരം ഉണ്ടെന്നുമുള്ള ഹാദിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിക്കാനും കോടതി തയ്യാറായില്ല. മറിച്ച് 24 വയസുള്ള ഒരു പെണ്‍കുട്ടി അബലയും പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയയാവാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹാദിയയെ പിതാവിന്റെ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവിട്ടത്.

ഇവിടെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. 24 വയസുള്ള ഒരു സ്ത്രീയെ ‘പെണ്‍കുട്ടി’ എന്നാണ് കോടതി ആവര്‍ത്തിച്ച് വിശേഷിപ്പിക്കുന്നത്. 24 വയസുള്ള പ്രായപൂര്‍ത്തിയായ ‘സ്ത്രീ’ ‘ദുര്‍ബലയും പ്രലോഭനങ്ങളില്‍ പെട്ടുപോകാവുന്ന’ വ്യക്തിയമാണെന്ന് അത് ആവര്‍ത്തിക്കുന്നു. അവര്‍ സ്വയം സ്വീകരിച്ച ഹാദിയ എന്ന പേരില്‍ അവരെ അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന കോടതി അവരുടെ ആദ്യ പേരായ അഖില എന്നാണ് ആവര്‍ത്തിച്ച് സംബോധന ചെയ്യുന്നത്. അന്യമതസ്ഥരെ വിവാഹം ചെയ്തതിന്റെ പേരില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ‘ദുരഭിമാനക്കൊല’യ്ക്കും പീഢനത്തിനും വിധേയരാവുന്ന ഒരു രാജ്യത്ത്, ‘ഇന്ത്യന്‍ പാരമ്പര്യം ‘ചൂണ്ടിക്കാട്ടി ‘വിവാഹിതരാവാത്ത പെണ്‍കുട്ടികള്‍ ശരിയായ രീതിയില്‍ വിവാഹം കഴിക്കുന്നത് വരെ മാതാപിതാക്കളോടൊപ്പമാണ് കഴിയേണ്ടതെ’ന്നും കോടതി പറയുന്നു എന്നതാണ് കൂടുതല്‍ അപകടകരം; സുപ്രീം കോടതിയുടെ ഉത്തരവിലും ഹാദിയയെ അഖില എന്ന് തന്നെയാണ് സംബോധന ചെയ്യുന്നത്.

സാധാരണ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പെരുമാറ്റത്തെ കുറിച്ച് കോടതി നടത്തുന്ന നിരീക്ഷണങ്ങളും അതീവ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. അഖില മാതാപിതാക്കളുടെ ഒരേയൊരു പുതിയാണെന്നും അവരുടെ നന്മയെ കുറിച്ച് ലോകത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് അവരുടെ രക്ഷകര്‍ത്താക്കള്‍ ആയിരിക്കുമെന്നും കോടതി നിരീക്ഷിക്കുന്നു. ഈ ലക്ഷ്യത്തിനായി തങ്ങളുടെ ജീവന്‍ വരെ ഉഴിഞ്ഞുവെക്കുന്ന നിരവധി ഉദാഹരണങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും ഹോമോ സാപ്പിയന്‍സ് ഇതില്‍ നിന്നും ഭിന്നമല്ലെന്നും കോടതി നിരീക്ഷിക്കുന്നു. എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ചരടുവലിക്കുന്നവര്‍ അഖിലയുടെ മനസില്‍ മാതാപിതാക്കളോട് വൈരാഗ്യം വളര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കോടതി പറയുന്നു.

"</p

എന്നാല്‍ പ്രേമിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വേണ്ടി ജാതി, സമുദായ, ലിംഗ അതിര്‍ത്തികള്‍ ഭേദിക്കുന്നതിന്റെ പേരില്‍ സ്വന്തം പെണ്‍മക്കളെ കൊല്ലുന്ന മാതാപിതാക്കള്‍ ഹോമോ സാപ്പിയന്‍സിന്റെ ഇടയില്‍ മാത്രമല്ലേ കാണുന്നത് എന്ന് ജഡ്ജിമാരെ നമ്മള്‍ ഓര്‍മ്മിപ്പിക്കേണ്ടി വരുമോ? ബ്രാഹ്മണ സമുദായത്തില്‍ ജനിച്ച നിരുപമ എന്ന പെണ്‍കുട്ടി ഒരു അബ്രാഹ്മണ സഹപാഠിയെ പ്രണയിച്ചുവെന്നതിന്റെ പേരിലാണ് 2010-ല്‍ നിരുപമയുടെ മാതാപിതാക്കള്‍ അവരെ വധിച്ചത്. ഇന്ത്യയില്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം കൊലകള്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ഒരു ചട്ടമായി മാറുകയാണ്.

രക്ഷകര്‍ത്താക്കള്‍ സ്വയംനിര്‍ണയാവകാശം നിഷേധിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്വാഭാവികമായി അവരോട് വിദ്വേഷം ഉണ്ടാകും എന്ന വസ്തുത കോടതി മനഃപൂര്‍വം അവഗണിക്കുകയാണോ? ഇത് ഹോമോസാപ്പിയന്റെ ഇടയില്‍ കണ്ടുവരുന്ന ഒരു സാധാരണ പ്രതിഭാസമാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതിനും പ്രേമിക്കുന്നതിനും പുരുഷാധിപത്യത്തിന്റെ ഉത്തരവുകളില്‍ ശ്വാസംമുട്ടാതിരിക്കുന്നതിനുമൊക്കെ പെണ്‍കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ അധികാരത്തെ നിഷേധിക്കും. വീടുകളുടെ നാല് ചുവരുകളില്‍ നിന്നും പുറത്തുവരാനുള്ള സ്ത്രീകളുടെ അഭിവാഞ്ചയാണ് സാഹിത്യത്തിലും സിനിമയിലും കവിതയിലുമൊക്കെ വിഷയമാകുന്നത്. പിന്നെ എന്തുകൊണ്ടാണ് പിതാവിന്റെ വീട്ടിലെ നാല് ചുവരുകള്‍ക്ക് ഉള്ളിലെ ജയിലിലേക്കും ചങ്ങലയിലേക്കും ഒരു പ്രായപൂര്‍ത്തിയായ സ്ത്രീയെ പറഞ്ഞുവിടാന്‍ കോടതി തയ്യാറാവുന്നത്? എന്തുകൊണ്ടാണ് ചുറ്റും പോലീസും സംഘപരിവാര്‍ പ്രവര്‍ത്തകരും കാവല്‍ നില്‍ക്കുന്ന പിതാവിന്റെ വീട്ടില്‍ ഹാദിയയ്ക്ക് വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്നത്? അക്രഡിറ്റേഷന്‍ ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും അവരെ കാണാന്‍ അനുമതി ലഭിക്കാത്തത് എന്തുകൊണ്ടാണ്?

മതപരിവര്‍ത്തനത്തോട് കാണിക്കുന്ന അസഹിഷ്ണുതയുടെ പേരിലും കേരള ഹൈക്കോടതി വിധി ശ്രദ്ധേയമാണ്. 24 വയസുള്ള പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്റെ പഠനം ഉപേക്ഷിച്ച് അന്യമായ ഒരു മതത്തെയും വിശ്വാസത്തെയും കുറിച്ച് പഠിക്കുന്നത് സാധാരണമല്ലെന്ന് കോടതി നിരീക്ഷിക്കുന്നു. ഇതേ പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ കണ്ടെത്തുന്ന ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിനായി പഠനം ഉപേക്ഷിക്കുന്നത് കോടതി അംഗീകരിക്കുമോ? അവര്‍ ഒരു ആശ്രമത്തിലോ ഹിന്ദു വിശ്വാസത്തിലുള്ള ഒരു സ്ഥാപനത്തിലോ മതപഠനത്തിന് ചേര്‍ന്നാല്‍ കോടതി അംഗീകരിക്കുമോ?

എന്നാല്‍ സ്വന്തം തീരുമാനപ്രകാരമുള്ള ഹാദിയയുടെ വിവാഹം കപടവും ‘പ്രേമ വിവാഹ’ത്തിന് എതിരുമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതൊരു പ്രണയവിവാഹം അല്ലെന്നും അത്തരം കേസുകളില്‍ പെണ്‍കുട്ടികളുടെ തീരുമാനത്തിനൊപ്പമാണ് എല്ലായ്പ്പോഴും കോടതികള്‍ നിലകൊണ്ടിട്ടുള്ളതെന്നും വിധിയില്‍ പറയുന്നു. ഇതൊരു പ്രണയവിവാഹം അല്ലെന്ന് കോടതി ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. അതായത് ഒരു ഹിന്ദു സ്ത്രീ മുസ്ലീം പുരുഷനുമായി പ്രണയത്തില്‍ വീണാല്‍ അത് ‘ലൗ ജിഹാദും’ അവള്‍ ഒരു വൈവാഹിക സൈറ്റ് ഉപയോഗിച്ച് മുസ്ലീം വരനെ കണ്ടെത്തിയാണ് അത് കാപട്യവുമാകുന്നു.

സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷം ‘ലൗ ജിഹാദ് ടേപ്പു’കളെ കുറിച്ച് കെട്ടിച്ചമച്ച പേടിപ്പെടുത്തുന്ന കഥകള്‍ ചില ടെലിവിഷന്‍ ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2014ലെ മീററ്റ് ലൗ ജിഹാദ് കേസിനെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ഇസ്ലാമിലേക്ക് ബലംപ്രയോഗിച്ച് പരിവര്‍ത്തനം നടത്തുകയും ചെയ്തതായി മദ്രസ അദ്ധ്യാപികയായ ഷാലു എന്ന 20-കാരി 2014 ഓഗസ്റ്റില്‍ കാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി. മറ്റ് ഹിന്ദു സ്ത്രീകള്‍ കൂടി ഇരകളായ വലിയ ഗൂഢാലോചനയാണ് ഇതെന്നും അവര്‍ പറഞ്ഞു. ഇവരുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കലീം എന്ന മുസ്ലീം യുവാവിനെയും അയാളുടെ ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സാലുവിന്റെ വീഡിയോ സംഘപരിവാറും ബിജെപിയും വൈറലാക്കുകയും ചെയ്തു. തന്റെ ഇഷ്ടത്തിനെതിരായി പാര്‍പ്പിച്ചിരുന്ന മാതാപിതാക്കളുടെ വീട്ടില്‍ നിന്നും 2014 നവംബറില്‍ ഷാലു രക്ഷപ്പെട്ടു. താന്‍ കലീമുമായി പ്രണയത്തിലായിരുന്നുവെന്നും തന്റെ മാതാപിതാക്കള്‍ നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്നും അവര്‍ പോലീസിനോട് പറഞ്ഞു. കലീമിനും കുടുംബത്തിനും എതിരെ പരാതി പറയാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ‘ദുരഭിമനക്കൊല’ നടത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയാതായും ഷാലു പോലീസിനോട് പറഞ്ഞു. ഷാലുവും കലീമും ഇപ്പോള്‍ വിവാഹിതരായി ഒന്നിച്ച് താമസിക്കുന്നു.

ഹാദിയയുടെ ഭര്‍ത്താവ് ഷാഫിനും കൂട്ടുകാരി ജാസീനയ്ക്കും എന്തെങ്കിലും ഐഎസ്‌ഐഎസ് ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ ഹാജരാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയുമാണ് പോലീസ് ചെയ്യേണ്ടത്. എന്നാല്‍ ‘ലൗ ജിഹാദി’നോ ‘ഗൂഢാലോചന’യ്‌ക്കോ യാതൊരു തെളിവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഹാദിയയുടെ അഭിപ്രായം പോലും തേടാതെ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയാണ് സുപ്രീം കോടതി ചെയ്തത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ മിശ്രവിവാഹത്തിന്റെ പേരില്‍ ഹിന്ദു സ്ത്രീകളെ പീഢിപ്പിക്കുന്നതിനും ഹിന്ദു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നതിനും ധാരാളം വിശ്വസനീയമായ തെളിവുകള്‍ ലഭ്യമാണെങ്കിലും കോടതികള്‍ പൊതുവെ അത് അവഗണിക്കുകയാണ് ചെയ്യുന്നത്.

"</p

യഥാര്‍ത്ഥത്തിലുള്ള ഒരു ‘ലൗ ജിഹാദും’ നടക്കുന്നില്ലെന്നും മിശ്രവിവാഹിതരെ രക്ഷപ്പെടുത്തുന്നു എന്ന പേരില്‍ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ പരസ്യമായ ആക്രമണം നടത്തുകയാണെന്നും ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ കാമറയില്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ 2015ല്‍ കോബ്ര പോസ്റ്റ് പുറത്തുവിട്ടിരുന്നു. ഹിന്ദു ഭീകരവാദം നടത്തുന്നതായി ഇവര്‍ തന്നെ കാമറയില്‍ സമ്മതിച്ചിട്ടുള്ളതാണ്. ആദിവാസി സ്ത്രീകളെ ഹിന്ദുത്വവത്കരിക്കുന്നതിനായി തട്ടിക്കൊണ്ടുപോവുകയും മറ്റും ചെയ്യുന്ന കേസുകളില്‍ ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഡല്‍ഹി ജില്ല കോടതികളില്‍ വിചാരണയ്ക്ക് വന്ന 600 ബലാത്സംഗ കേസുകളില്‍ നാല്‍പത് ശതമാനവും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധങ്ങളായിരുന്നുവെന്നും പിന്നീട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആണ്‍കുട്ടികള്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ആരോപിക്കുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇന്ത്യയിലെയും തെക്കന്‍ ഏഷ്യയിലെയും സദാചാരത്തെയും സംസ്‌കാരത്തെയും കുറിച്ച് നിലനില്‍ക്കുന്ന പൊതുബോധ പ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ അവരുടെ പിതാക്കന്മാരുടെയും സഹോദരന്മാരുടെയും സമുദായത്തിന്റെയും സ്വത്തായി കണക്കാക്കപ്പെടുന്നു എന്ന് കാണാന്‍ സാധിക്കും. രാഷ്ട്രീയ കക്ഷികള്‍ ഈ പൊതുബോധത്തെ പ്രതിഫലിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് പലപ്പോഴും ശ്രമിക്കുന്നത്. സങ്കല്‍പത്തിലെ ഹിന്ദു രാഷ്ട്രത്തില്‍ അതായിരിക്കും നിയമം എന്ന് മനുസ്മൃതിയെ പ്രത്യയശാസ്ത്രമായി സ്വീകരിക്കുന്ന ബിജെപിയും സംഘും ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ ഒരിക്കലും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞ് നീണ്ട ലേഖനം എഴുതാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സാധിക്കുന്നത്.

സ്വയം നിര്‍ണയത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ സമൂഹത്തില്‍ ‘സാധാരണമായി’ കണക്കാക്കപ്പെടുകയും അധികാരത്തില്‍ ഇരിക്കുന്നവര്‍ സ്ത്രീകളുടെ സ്വയംനിര്‍ണയത്തിലുള്ള വെട്ടിക്കുറവുകളെ ദേശസ്‌നേഹവുമായി സന്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് കോടതികളുടെ ഇടപെടലുകള്‍ നിര്‍ണായകമാകുന്നത്. ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്ന തങ്ങളുടെ സ്വയംനിര്‍ണയാവകാശവും സ്വകാര്യതയും സ്വാതന്ത്ര്യം പരിരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം കോടതികളായിരിക്കും എന്ന് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നു. കോടതികള്‍ പൊതുബോധത്തിലുള്ള സദാചാരത്തിന് പകരം അംബേദ്ക്കര്‍ പറഞ്ഞതുപോലെ ‘ഭരണഘടനാപരമായ സദാചാരം’ ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ ദുഃഖകരം എന്ന് പറയട്ടെ 377-ാം വകുപ്പ് സംബന്ധിച്ചും എല്‍ജിബിറ്റി വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും ഹാദിയ വിഷയത്തിലും ഒക്കെ ഭരണഘടന സദാചാരത്തിന് പകരം പുരുഷാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതികള്‍ ശ്രമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍