UPDATES

ട്രെന്‍ഡിങ്ങ്

“സത്യം പറഞ്ഞതിന് ജയിലിലിട്ടു”: ഐഎസ് 39 ഇന്ത്യക്കാരെ വധിച്ചെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതായി ഹര്‍ജിത് മാസി

ഹര്‍ജിത് മാസി നുണ പറയുകയായിരുന്നു എന്നും എന്നാല്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചത്. ഇതിന് രണ്ടിനുമുള്ള തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

ഇറാഖില്‍ 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി താന്‍ കേന്ദ്ര സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നതായി 2015ല്‍ ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജിത് മാസി. ഇന്ന് രാജ്യസഭയില്‍ സുഷമ സ്വരാജ് 39 പേര്‍ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചതോടെ താന്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും ഹര്‍ജിത് മാസി പറഞ്ഞു. അവര്‍ കൊല്ലപ്പെട്ട ദിവസം തന്നെ ഇക്കാര്യം ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നെ അവര്‍ ഒരു വര്‍ഷം കസ്റ്റഡിയില്‍ വച്ചപ്പോള്‍ ഞാനിത് അറിയിച്ചിരുന്നു – മാസി പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങളാല്‍ ഇവരുടെ മരണത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടാത്തതാണ് സര്‍ക്കാര്‍ എന്നാണ് ഞാന്‍ കരുതുന്നത്. ബംഗ്ലാദേശികളേയും ഇന്ത്യക്കാരേയും ഐഎസ് വേര്‍പെടുത്തിയിരുന്നു. ബംഗ്ലാദേശി മുസ്ലീം എന്ന നിലയില്‍ അഭിനയിച്ചാണ് ഹര്‍ജിത് മാസി രക്ഷപ്പെട്ടത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഹര്‍ജിതിനെതിരെ പരാതി നല്‍കാന്‍ ഇവരുടെ കുടുംബങ്ങളോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിതിനെതിരെ കേസെടുക്കുകയും ചെയ്തു. ഹര്‍ജിത് മാസി നുണ പറയുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇന്ന് രാജ്യസഭയില്‍ സുഷമ സ്വരാജ് പറഞ്ഞതും അത് തന്നെ – ഹര്‍ജിത് നുണ പറയുകയായിരുന്നു എന്ന്. അതേസമയം ഇപ്പോള്‍ ഇവര്‍ കൊല്ലപ്പെട്ടെന്ന വസ്തുത സര്‍ക്കാര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഹര്‍ജിത് മാസി ആവശ്യപ്പെടുന്നു.

ആറ് മാസമാണ് ദിവസ വേതനം പറ്റുന്ന തൊഴിലാളിയായ ഹര്‍ജിത് മാസി ജയിലില്‍ കഴിഞ്ഞത്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചും ഹര്‍ജിത് മാസി സംശയം പ്രകടിപ്പിക്കുന്നു. ഡിഎന്‍എ സാംപിളുകള്‍ ഒത്തുപോകുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ സര്‍ക്കാര്‍ കൈമാറേണ്ടതുണ്ടെന്ന് ഹര്‍ജിത് മാസി ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ള കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചിരിക്കുന്നത്.

ഹര്‍ജിത് മാസി നുണ പറയുകയായിരുന്നു എന്നും എന്നാല്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചത്. ഇതിന് രണ്ടിനുമുള്ള തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. വ്യക്തമായ തെളിവ് ലഭിക്കാത്തത് കൊണ്ടാണ് ഇവര്‍ കൊല്ലപ്പെട്ടതായി ഇതുവരെ പറയാതിരുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. ഐഎസ് ഭീകരര്‍ ബന്ദികളെ ഒരു കാട്ടില്‍ കൊണ്ടുപോയി വധിച്ചു എന്നാണ് മാസി പറഞ്ഞത്. എന്നാല്‍ അയാള്‍ മാത്രം രക്ഷപ്പെട്ടു. ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു. അയാള്‍ പറയുന്നത് നുണയാണെന്ന് വ്യക്തമാണ് – സുഷമ സ്വരാജ് പറഞ്ഞു. വ്യാജരേഖ ചമച്ച് അനധികൃതമായി വിദേശത്തേയ്ക്ക് കടന്നെന്ന കേസില്‍ മാര്‍ച്ചിലാണ് പഞ്ചാബ് സ്വദേശിയായ ഹര്‍ജിത് മാസിയെ അറസ്റ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍