UPDATES

മദ്യം ഇഷ്ടപ്പെടുന്ന ഹര്‍മന്‍ സിദ്ദു പാതയോരത്തെ മദ്യശാലകള്‍ പൂട്ടിച്ചതിന് പിന്നില്‍

1996ല്‍ നടന്ന അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വില്‍ ചെയറിലാണ് സിദ്ദു

ഒരു തരത്തില്‍ ഇതൊരു വിരോധാഭാസമാണ്. രാജ്യത്തെമ്പാടുമുള്ള ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപമുള്ള ക്ലബുകളും ബാറുകളിലും മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള വിധിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി മദ്യത്തെ ഇഷ്ടപ്പെടുന്ന ആളാണ്. പബുകളിലും ഹോട്ടലുകളിലും മദ്യം നല്‍കുന്നത് നിറുത്തിയ ചണ്ഡീഗഡിനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി അല്‍പം കടുത്തതായി പോയി എന്ന തോന്നലും അദ്ദേഹത്തിനുണ്ട്.

പുള്ളിപ്പുലികളെ കാണുന്നതിനായി തങ്ങളുടെ വാഹനം റോഡില്‍ നിന്നും തിരിച്ചുവിടുമ്പോള്‍ ഹാര്‍മന്‍ സിദ്ദു വണ്ടിയുടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു. രണ്ട് അടുത്ത ചങ്ങാതിമാരായിരുന്നു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍ വണ്ടി ഒരു കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍, സാമാന്യം തടിയുണ്ടായിരുന്ന ഈ 26കാരന്റെ ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്നു. അദ്ദേഹത്തിന്റെ ശിഷ്ട ജീവിതം വീല്‍ചെയറിലേക്ക് ചുരുങ്ങി. 1996ലായിരുന്നു ഈ സംഭവം.

രാജ്യത്തെമ്പാടുമുള്ള സംസ്ഥാന-ദേശീയ പാതയോരത്തുള്ള ബാറുകളും മദ്യവില്‍പനശാലകളും 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ഒരു നായകപരിവേഷം കൈവരിച്ചിരിക്കുകയാണ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദു.

ചണ്ഡീഗഡിലേക്കുള്ള ആ മടക്കയാത്ര അദ്ദേഹത്തെ ശാരീരികമായി മാത്രമല്ല മറ്റിമറച്ചത്. അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന അസാധ്യ പോരാളിയെക്കൂടി അത് പുറത്തുകൊണ്ടുവന്നു.

കേള്‍ക്കാന്‍ താത്പര്യമുള്ളവരോട് സിദ്ദു തന്റെ ചെറുപ്പകാലം വിശദീകരിക്കും: ‘അപകടം ഉണ്ടാകുന്നതുവരെ ഏതൊരു 26–കാരനെയും പോലെയായിരുന്നു ഞാന്‍. കാറും സ്‌കൂട്ടറും ബൈക്കുമൊക്കെ അതിവേഗത്തില്‍ പറത്തുന്നത് എനിക്കിഷ്ടമായിരുന്നു. റോഡിലെ രാജാവാണ് എന്ന് ഞാന്‍ സ്വയം സങ്കല്‍പിച്ചു. പക്ഷെ അപകടത്തോടെ എല്ലാം മാറിമറിഞ്ഞു. ഞങ്ങള്‍ അപകടത്തെ അതിജീവിച്ചു. പക്ഷെ, പിന്‍സീറ്റില്‍ ഇരുന്നിട്ടും എനിക്ക് പരമാവധി പരിക്കുകള്‍ ഏറ്റു.’

പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ (പിജിഐ) രണ്ടു വര്‍ഷം നീണ്ട ചികിത്സയ്ക്കിടയിലാണ് റോഡ് അപകടങ്ങളുടെ രീതിയെ കുറിച്ച് പഠിക്കാന്‍ ആരംഭിച്ചത്. ‘അപ്പോഴാണ് ഇക്കാര്യത്തില്‍ സൃഷ്ടിപരമായി ഇടപെടണം എന്ന് എനിക്ക് തോന്നിയത്,’ എന്ന് സിദ്ദു പറയുന്നു. 2006-ല്‍ അറൈവ്‌ സേഫ് എന്ന പേരില്‍ ഒരു റോഡ് സുരക്ഷ എന്‍ജിഒയ്ക്ക് അദ്ദേഹം രൂപം നല്‍കി.

2012ല്‍ മദ്യവില്‍പനശാലകള്‍ക്കെതിരായ പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. 2012 ഒക്ടോബറില്‍ അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചു. പോരാട്ടത്തിനായി ഇതിനകം തന്നെ സ്വന്തം സമ്പാദ്യത്തില്‍ നിന്നുള്ള പത്തുലക്ഷം രൂപ അദ്ദേഹം ചിലവഴിച്ച് കഴിഞ്ഞു.

ദേശീയ-സംസ്ഥാന പാതകളില്‍ നിന്നും കാണാവുന്നതോ അല്ലെങ്കില്‍ പ്രാപ്യമോ ആയ സ്ഥലങ്ങളില്‍ മദ്യവില്‍പനശാലകള്‍ പാടില്ലെന്ന് 2014 മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷം, സംസ്ഥാന പാതകളില്‍ മദ്യവില്‍പനശാലകള്‍ അനുവദിക്കണമെന്ന അപേക്ഷയുമായി പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ദേശീയപാതകളുടെ ഓരങ്ങളിലുള്ള കടകള്‍ അടച്ചിടാം എന്ന ഉപാധിയും സര്‍ക്കാരുകള്‍ മുന്നോട്ട് വച്ചു.

കോടതി കേസില്‍ സിദ്ദുവിനെ കക്ഷിയാക്കി. സംസ്ഥാന, ദേശീയ പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പനശാലകള്‍ പാടില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടു.

അഭിനന്ദനങ്ങളും ഭീഷണികളും തൊട്ട് കൈക്കുലി വാഗ്ദാനങ്ങള്‍ വരെ ഇപ്പോള്‍ സിദ്ദുവിനെ തേടിയെത്തുകയാണ്. പക്ഷെ വീല്‍ചെയറില്‍ ജീവിക്കുന്ന ഈ മനുഷ്യന്‍ പിന്മാറാന്‍ തയ്യാറാവുന്നില്ല.

അടുത്ത പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കൈവരികളില്ലാത്ത പാലങ്ങളാണ് അദ്ദേഹം അടുത്തതായി ലക്ഷ്യമിടുന്നത്. അലക്ഷ്യമായി വണ്ടിയോടിക്കുന്നവര്‍ അപകടത്തില്‍ പെടുന്നതിന് പ്രധാനകാരണം പാലങ്ങളില്‍ കൈവരികളില്ലാത്തതാണെന്ന് സിദ്ദു ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍