UPDATES

ട്രെന്‍ഡിങ്ങ്

ഹരിയാനയില്‍ പശുക്കള്‍ക്കായി ഹോസ്റ്റലും; പ്രവേശനം നാടന്‍ ഇനങ്ങള്‍ക്കു മാത്രം

1.48 ലക്ഷം പശുക്കള്‍ റോഡില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് 2012-ലെ കന്നുകാലി സെന്‍സസ് പറയുന്നത്.

ഹരിയാനയില്‍ പശുക്കള്‍ക്കായി ഇനി ഹോസ്റ്റലുകളും. പശുക്കളെ വളര്‍ത്താന്‍ വീടുകളില്‍ സ്ഥലമില്ലാത്തവര്‍ക്കു വേണ്ടിയാണ് സംസ്ഥാനത്തുടനീളം ഹോസ്റ്റലുകള്‍ ആരംഭിക്കാന്‍ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ 2013-ല്‍ രൂപീകരിച്ച ഹരിയാന ഗൗ സേവാ ആയോഗ് ഇതു സംബന്ധിച്ചുള്ള പദ്ധതിയുടെ രൂപരേഖ സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് സമര്‍പ്പിക്കും. നാടന്‍ പശുക്കള്‍ക്ക് മാത്രമേ ഹോസ്റ്റലില്‍ പ്രവേശനമുള്ളൂ, സങ്കരയിനങ്ങളെ ഒഴിവാക്കും.

ഈ പദ്ധതി സംബന്ധിച്ച് നഗര, തദ്ദേശസ്വയംഭരണ മന്ത്രി കവിത ജയിനുമായി ചര്‍ച്ച നടത്തിയതായി ആയോഗിന്റെ അധ്യക്ഷന്‍ ഭനി റാം മംഗള വ്യക്തമാക്കി. ഇത്തരത്തിലുള്ള ആദ്യ ഹോസ്റ്റല്‍ തന്റെ മണ്ഡലമായ സോണിപ്പത്തില്‍ തന്നെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തുടക്കമെന്ന നിലയില്‍ ആദ്യം ഒന്നോ രണ്ടോ പട്ടണത്തില്‍ ഹോസ്റ്റലുകള്‍ തുടങ്ങാനാണ് ആയോഗ് പദ്ധതിയിടുന്നത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് ഭൂമി അനുവദിച്ചു കിട്ടുന്നതിനായും ചര്‍ച്ച നടത്തുന്നുണ്ട്. ഹോസ്റ്റലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനം മുഴുവന്‍ ഇത് വ്യാപിപ്പിക്കുക.

ഓരോ ഹോസ്റ്റലിലും 50 പശുക്കളെ വീതം ഉള്‍ക്കൊള്ളിക്കാനാണ് പദ്ധതി. എന്നാല്‍ നാടന്‍ ഇനം പശുക്കളെ മാത്രമേ പ്രവേശിപ്പിക്കു എന്നും സങ്കര ഇനങ്ങളെ ഉള്‍പ്പെടുത്തില്ലെന്നും മംഗള പറഞ്ഞു. കാര്യങ്ങള്‍ നന്നായി മുന്നോട്ടു പോയാല്‍ ഈ ഹോസ്റ്റലുകളുടെ നടത്തിപ്പിന് സൊസൈറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ മാതൃകയിലായിരിക്കും പശു ഹോസ്റ്റലിന്റെ ഈ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുക.

പശുക്കളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നതിന് ഫീസും ഈടാക്കും. ഈ പശുവിന്റെ പാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉടമസ്ഥര്‍ക്ക് അനുവാദമുണ്ടാകും. ഈ പാല്‍ വില്‍ക്കുകയും ചെയ്യാമെന്ന് മംഗള പറഞ്ഞു.

ഹരിയാനയില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് ഹോസ്റ്റലുകള്‍ എന്ന ആശയം ഉദിച്ചത്. ഹോസ്റ്റലുകള്‍ വരുന്നതോടെ കന്നുകാലികളെ റോഡിലേക്ക് അഴിച്ചു വിടുന്നത് നിയന്ത്രിക്കാന്‍ കഴിയുമെന്ന് മംഗള പറയുന്നു. 1.48 ലക്ഷം പശുക്കള്‍ റോഡില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് 2012-ലെ കന്നുകാലി സെന്‍സസ് പറയുന്നത്. സംസ്ഥാനത്തെ 437 ഗൗശാലകളിലായി 3.2 ലക്ഷം പശുക്കളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍