UPDATES

പൗരത്വ രജിസ്റ്റർ: അസമിന് പിന്നാലെ ഹരിയാനയും, സൂചനകൾ നൽകി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയാൽ തീർച്ചയായും ഈ വിഷയം പരിഗണിച്ചേക്കും

19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌ആർ‌സി) പ്രസിദ്ധീകരിച്ചതിന് പിന്നാലെ സമാനമായ നീക്കം ഹരിയാനയിലും അവതരിപ്പിക്കാൻ നീക്കം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. പഞ്ച്കുളയിൽ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ്  ഖട്ടറിന്റെ പ്രതികരണം. എന്നാൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് തീരുമാനും എങ്ങനെ, എപ്പോൾ നടപ്പാക്കുമെന്നതിനെ കുറിച്ച് കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയ്യാറായില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും ബിജെപി ദേശീയ തലത്തിൽ നടത്തിവരുന്ന ജന സമ്പർക്ക പരിപാടിയുടെ ഭാഗമായി പ്രമുഖ വ്യക്തികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഖട്ടറിന്റെ പ്രതികരണം. ഹരിയാന മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗം ജ. എച്ച് എസ് ഭല്ല, നാവിക സേന മുൻ മേധാവി അഡ്മിറൽ സുനിൽ ലാംബ എന്നിവരുമായിട്ടായിരുന്നു മുഖ്യമന്ത്രി ഞായറാഴ്ച കൂടികാഴ്ച നടത്തിയത്.

‘ഹരിയാന മനുഷ്യാവകാശ കമ്മീഷന്റെ തലവനായിരുന്നു ജസ്റ്റിസ് ഭല്ല. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം എൻ‌ആർ‌സിയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചും സംസാരിച്ചു. എൻ‌ആർ‌സി എങ്ങനെ നടപ്പാക്കാമെന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹകരണം തേടി. സംസ്ഥാന നിയമ കമ്മീഷൻ എന്നൊരു നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചു. ഇതുപ്പെടെയുള്ള നിർദേശങ്ങൾ പരിശോധിക്കും, ജനങ്ങൾക്ക് പ്രയോജനം ലഭിക്കുകയാണെങ്കിൽ എൻ‌ആർ‌സിയെ കുറിച്ച് ചിന്തിക്കും’ മനോഹർ ലാൽ ഖട്ടർ പറയുന്നു.

അതേസമയം, ദേശീയ പൗരത്വ രജിസ്റ്റർ, സ്റ്റേറ്റ് ലോ കമ്മീഷൻ എന്നീ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്ന് ജസ്റ്റിസ് ഭല്ല പിന്നീട് പ്രതികരിച്ചു. ‘മുഖ്യമന്ത്രിയുമായി രണ്ട് കാര്യങ്ങൾ ചർച്ച ചെയ്തു, ഹരിയാനയിലെ എൻ‌ആർ‌സി, സ്റ്റേറ്റ് ലോ കമ്മീഷൻ എന്നിവയെ കുറിച്ചായിരുന്നു അത്. സംസ്ഥാനത്തെ യഥാർത്ഥ താമസക്കാർക്ക് ഒരു തിരിച്ചറിൽ രേഖ തയ്യാറാക്കുക എന്നതായിരുന്നു ചർച്ചയുടെ ഉള്ളടക്കം. ആധാർ കാർഡ് പോലെയുള്ള ഒരു കാർഡാണ് പദ്ധതിയിടുന്നത്. പക്ഷേ തരം തിരിച്ചായിരിക്കും ഇത് തയ്യാറാക്കുകയെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം അടുത്ത ദിവസങ്ങളിൽ നിലവിൽ വന്നേക്കും. അതിനാൽ, പൗരത്വ രജിസ്റ്റർ സബന്ധിച്ച് ഉടനൊരു തീരുമാനം ഉണ്ടാകാനിടയില്ല, എന്നാൽ, ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയാൽ തീർച്ചയായും ഈ വിഷയം പരിഗണിച്ചേക്കാം. നിലവിലെ സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദഹം പറയുന്നു.

അതിനിടെ, ഹരിയാനയിലെ ജനങ്ങൾക്ക് കുടുംബ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് ഖട്ടർ ഞായറാഴ്ച വൈകീട്ട് പ്രതികരിച്ചു. വൈകീട്ടോടെ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ സംസ്ഥാനത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനും ഇതേ ഡാറ്റാബേസ് ഉപയോഗിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

Also Read- ഹിന്ദി യഥാര്‍ത്ഥത്തില്‍ ദേശീയ ഭാഷയും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയുമാണോ? ഭരണഘടനയും കണക്കുകളും പറയുന്നത് ഇങ്ങനെ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍