UPDATES

വിശപ്പ് മാറാതെ ഇന്ത്യ: ആഗോള ഹംഗര്‍ ഇന്‍ഡക്സില്‍ 97-ആം സ്ഥാനവുമായി പുറകില്‍

അഴിമുഖം പ്രതിനിധി

 

ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യക്ക് ഇന്നും പ്രധാന വെല്ലുവിളിയുയർത്തുകയാണ് പട്ടിണി. ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 നു മുൻപ് പ്രസിദ്ധപ്പെടുത്തിയ അന്താരാഷ്ട്ര ഭക്ഷ്യ ഗവേഷണ പോളിസി റിപ്പോർട്ടിൽ വന്ന കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. 118 രാജ്യങ്ങൾ ഉള്ള പട്ടികയിൽ വെറും 97-ആം  സ്ഥാനത്തെത്താനേ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യക്ക്  ലഭിച്ച 28.5 പോയിന്‍റ്  വികസ്വര  രാജ്യങ്ങളുടെ ആകെ ശരാശരിയായ 21.3-നെക്കാളും ഏറെ കൂടുതലാണ്.

 

രാജ്യത്തെ 15.2 ശതമാനം ജനങ്ങളും പോഷകാഹാരക്കുറവ് നേരിടുന്നു. അഞ്ചു വയസിൽ താഴെയുള്ള 38.7 ശതമാനം കുട്ടികളുടെയും ശാരീരികവും മാനസികവുമായ വളർച്ച മുരടിച്ച അവസ്ഥയിലാണ്. പോയിന്റുകളുടെ അടിസ്ഥാനത്തിൽ ‘ഗുരുതര’ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 

നൈജീരിയ, ഇറാഖ്, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾ പോലും ഇന്ത്യയേക്കാള്‍ മുന്നിലാണ് എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.പട്ടികയിൽ പാകിസ്ഥാൻ 107-ആം സ്ഥാനത്താണ്. പാകിസ്ഥാൻ ഒഴികെയുള്ള മറ്റു അയൽ രാജ്യങ്ങളായ ചൈന (29 ), നേപ്പാൾ (72) മ്യാന്മാർ(75) ശ്രീലങ്ക (85) ബംഗ്ലാദേശ് (90) എന്നിവര്‍ക്കിടയിലും ഏറ്റവും പിന്നിലാണ് ഇന്ത്യ. ശിശുക്കളിലെ പോഷകാഹാരക്കുറവ് ഒരു പരിധി വരെ ഇന്ത്യക്ക് പരിഹരിക്കാൻ സാധിച്ചെങ്കിലും ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ കഴിയാത്തതു വലിയ പരാജയമായി തുടരുന്നു. ബ്രസീലും അർജന്റീനയുമാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നവർ.

 

വിശപ്പ് ദൂരീകരിക്കാനുള്ള പ്രക്രിയകള്‍ ത്വരിതപ്പെടുത്തണമെന്ന് അന്താരാഷ്ട്ര ഭക്ഷ്യ ഗവേഷണ പോളിസിയുടെ ഡയറക്ടര്‍ ജനറല്‍ ഷേന്നെഗന്‍ ഫാന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 2030-തോടു കൂടി ലോകത്തെ പൂർണമായുംപട്ടിണി വിമുക്തമാക്കാനുള്ള യുണൈറ്റഡ് നേഷൻറെ ലക്‌ഷ്യം നിറവേറുക ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍