UPDATES

ഇന്ത്യ

ഇന്ത്യയുടെ പ്രണയബിംബത്തിനു മേല്‍ വിദ്വേഷത്തിന്റെ നിഴല്‍ വീഴുന്നതായി ന്യുയോര്‍ക്ക് ടൈംസ് മുഖപ്രസംഗം

ഇന്ത്യയുടെ മഹത്തായ പാരമ്പര്യം എന്ന നിലയിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഭാവി സമൂഹം സൃഷ്ടിക്കപ്പെടുന്നതിനുമായി താജ്മഹല്‍ സംരക്ഷിക്കപ്പെടേണ്ടത് അതിപ്രാധാന്യം അര്‍ഹിക്കുന്നു എന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു

ഇന്ത്യയുടെ പ്രണയബിംബത്തെ വിദ്വേഷത്തിന്റെ കറ ബാധിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍. ‘കാലത്തിന്റെ കവിളിലെ കണ്ണുനീര്‍ത്തുള്ളി’ എന്ന് രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച താജ് മഹലിനെതിരെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ഉയര്‍ത്തുന്ന വിദ്വേഷപ്രചാരണങ്ങളെ രൂക്ഷമായ ഭാഷയിലാണ് ഈ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിനോദസഞ്ചാര ബ്രോഷറില്‍ നിന്നും താജ്മഹലിനെ നീക്കം ചെയ്യുകയും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര ബജറ്റില്‍ നിന്നും ഈ ചരിത്രസ്മാരകത്തിന്റെ വിഹിതം റദ്ദാക്കുകയും ചെയ്ത യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു.

ഇന്ത്യയുടെ ഏറ്റവും മഹത്തായ സാംസ്‌കാരിക നിധിയും സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്ന താജ്മഹലിനെതിരെ മുസ്ലീം വിരോധത്തിന്റെ പേരില്‍ വിദ്വേഷം കോരിച്ചൊരിയുകയാണ് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ചെയ്യുന്നതെന്ന് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

ഖുറാന്‍ വചനങ്ങള്‍ കെട്ടിടത്തില്‍ കൊത്തിവച്ചിരിക്കുന്നതാവാം ഇവരെ പ്രകോപിപ്പിക്കുന്നത്. കെട്ടിടം രാജ്യദ്രോഹികളാണ് നിര്‍മ്മിച്ചതെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ഏറ്റ കളങ്കമാണ് അതെന്നുമാണ് ബിജെപി നേതാവ് സംഗീത് സോം വിശേഷിപ്പിച്ചത്. താജ്മഹല്‍ തേജോമഹല്‍ അഥവാ ശിവക്ഷേത്രമാണെന്ന ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത അവകാശവാദമാണ് മറ്റൊരു ബിജെപി നേതാവായ വിനയ് കത്യാര്‍ നടത്തിയത്. വിവാദങ്ങള്‍ വിനോദസഞ്ചാരം വഴിയുള്ള സംസ്ഥാനത്തിന്റെ വരുമാനത്തിന് ഇടിവുണ്ടാക്കിയേക്കും എന്ന് തിരിച്ചറിഞ്ഞിട്ടാവണം മുഖ്യമന്ത്രി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ തയ്യാറായി. എന്നാല്‍ ‘ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മ്മിച്ചതായതിനാലാണ് ഈ സ്മാരകം പ്രധാന്യം അര്‍ഹിക്കുന്നതെന്ന മുനവച്ച വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള ഭരണത്തിന് കീഴില്‍ മുസ്ലീം വിരുദ്ധ ആക്രോശങ്ങളും മുസ്ലീങ്ങള്‍ക്കെതിരായ പ്രകോപനമില്ലാത്ത ആക്രമണങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ മുസ്ലീം പൗരന്മാര്‍ ഹിന്ദുക്കളുടെ ഔദാര്യത്തില്‍ കഴിയുന്ന അതിഥികള്‍ മാത്രമാണെന്ന് ഹിന്ദു തീവ്രവാദികള്‍ തുറന്നുപറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

ഹിന്ദു ക്ഷേത്രമാണ് നിലനിന്നിരുന്നത് എന്ന് ആരോപിച്ച് ഹിന്ദു തീവ്രവാദികള്‍ അയോദ്ധ്യയിലെ ബാബറി മസ്ജിദ് പള്ളി തകര്‍ത്തതിന്റെ 25-ാം വാര്‍ഷികമായിരുന്നു ബുധനാഴ്ച. തുടര്‍ന്ന് നടന്ന കലാപങ്ങളില്‍ 2,000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ചില കണക്കുകള്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ ഹിന്ദു മതഭ്രാന്തര്‍ക്ക് എന്തൊക്കെ കുഴപ്പങ്ങള്‍ വരുത്തിവെക്കാന്‍ സാധിക്കുമെന്ന് വ്യക്തമാണ്. അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിര്‍മ്മിക്കും എന്ന വാശിയിലാണ് ഹിന്ദു തീവ്രവാദികള്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യം എന്ന നിലയിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഭാവി സമൂഹം സൃഷ്ടിക്കപ്പെടുന്നതിനുമായി താജ്മഹല്‍ സംരക്ഷിക്കപ്പെടേണ്ടത് അതിപ്രാധാന്യം അര്‍ഹിക്കുന്നു എന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍