UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡൽഹിയിലെ വായുമലിനീകരണം: ദിവസം 15 – 20 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള പത്ത് നഗരങ്ങളില്‍ ഒമ്പത് എണ്ണവും ഇന്ത്യയിലാണ്.

രാജ്യതലസ്ഥാനം വായുമലിനീകരണത്തിന്റെ പിടിയിലാണ്. ഡല്‍ഹിയിലെ ഡോക്ടർമാർ പറയുന്നത് ഒരു ദിവസം 15-20 സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ് അന്തരീക്ഷം എന്നാണ്.

“കഴിഞ്ഞ 30 വർഷമായി ഞാൻ ശസ്ത്രക്രിയ നടത്തുന്ന ശ്വാസകോശങ്ങളുടെ നിറത്തിലുള്ള മാറ്റം ഞാൻ കാണുന്നു. നേരത്തെ കറുത്ത നിറത്തിലുള്ള അടിഞ്ഞുകൂടലുകൾ പുകവലിക്കാരിൽ മാത്രമായിരുന്നു. ബാക്കിയുള്ളവർക്ക് പിങ്ക് നിറത്തിലുള്ള ശ്വാസകോശങ്ങളായിരുന്നു. പക്ഷെ ഇപ്പോൾ കറുത്ത ശ്വാസകോശങ്ങൾ മാത്രമേ ഞാൻ കാണുന്നുള്ളൂ. കൗമാരക്കാരിൽപ്പോലും അവരുടെ ശ്വാസകോശങ്ങളിൽ കറുത്ത പൊട്ടുകളുണ്ട്. ഇത് ഭയാനകമാണ്,” സർ ഗംഗാ റാം ആശുപത്രിയിലെ ഡോ. അരവിന്ദ് കുമാർ പറയുന്നു.

ഒരു ദിവസം ഒരാൾ 15-20 സിഗരറ്റുകൾ വലിക്കുന്നതിനു തുല്യമാണ് ഇത്,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചകളിലായി ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ഗുരുതരം (Severe), വളരെ മോശം ( Very bad) വിഭാഗത്തില്‍ നിന്ന് ഞായറാഴ്ചയോടെ മോശം (Bad) എന്ന അവസ്ഥയിലേക്ക് ‘പുരോഗമിച്ചി’ട്ടുണ്ട്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്‌ (AQI) അനുസരിച്ച് 0-50 വിഭാഗത്തില്‍ ആണെങ്കിലാണ് അന്തരീക്ഷം ‘നല്ലത്’ (Good) എന്ന വിഭാഗത്തില്‍ വരുന്നത്. ഇത് 51-100 ആണെങ്കില്‍ ‘തൃപ്തികരം’ (Satisfactory) എന്ന വിഭാഗത്തിലേ വരൂ. 101-200 വിഭാഗത്തില്‍ ആണെങ്കില്‍ അന്തരീക്ഷം ‘കുഴപ്പമില്ല’ (Moderate) വിഭാഗത്തിലും 201-300 വിഭാഗത്തിലാണെങ്കില്‍ ‘മോശം’ (Bad) വിഭാഗത്തിലും 301-400ന് ഇടക്കാണെങ്കില്‍ ‘വളരെ മോശം’ (Very bad) വിഭാഗത്തിലും 401-500 വിഭാഗത്തില്‍ ‘ഗുരുതരം’ (Severe) വിഭാഗത്തിലുമാണ് വരിക. അതായത് കഴിഞ്ഞ മൂന്നാഴ്ചയായി ഡല്‍ഹി നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് ഗുരതരമായും വളരെ മോശമായും ഉള്ള വിഭാഗങ്ങളുടെ ഇടയിലായിരുന്നു. ആധുനിക സമൂഹങ്ങള്‍, മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളില്ലാത്ത അന്തരീക്ഷം എന്നു കണക്കാക്കുന്നതാണ് ഈ വിഭാഗങ്ങള്‍ എന്നു ചുരുക്കം.

വാഹനങ്ങളുടെ പെരുപ്പം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, അയല്‍ സംസ്ഥാനങ്ങളായ യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ കരിമ്പ് കൃഷിയുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമാണ് മലിനീകരണം കൂടാന്‍ കാരണം എന്നതാണ് പൊതുവേയുള്ള നിഗമനം. ഇതില്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമാണ് ഏറ്റവും രൂക്ഷമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്.

വായുമലിനീകരണം ശ്വാസകോശങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങൾ കാണിക്കാൻ ശനിയാഴ്ച്ച ഗംഗാ റാം ആശുപത്രിയിൽ ഒരു മോഡലും സ്ഥാപിച്ചു. അതിൽ വെച്ചിട്ടുള്ള വെള്ള ഹെപ ഫിൽറ്ററുകൾ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം മൂലം കറുപ്പായി മാറും. Help Delhi Breathe എന്ന പരിപാടിയുടെ ഭാഗമായാണ് ഈ മോഡല്‍ സ്ഥാപിച്ചത്.

“പൗരന്മാരുടെ ആരോഗ്യത്തെ ഗുരുതരമായ തരത്തിൽ ബാധിച്ചുകൊണ്ട്, വായുമലിനീകരണം ഡൽഹിയിൽ ഭയാനകമായ തോതിലേക്ക് എത്തിയിരിക്കുന്നു. ഈ വിപത്ത് തടയാൻ നാം അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അല്ലെങ്കിൽ ആരോഗ്യരംഗത്തുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ദുരന്തസമാനമാകും. ചുമയും, തൊണ്ടയിലെ പ്രശ്ങ്ങളും കൊണ്ട് ആശുപത്രിയിൽ വരുന്ന രോഗികളുടെ എണ്ണം ഇപ്പോഴേ കൂടിയിട്ടുണ്ട്,” ഈ ആശുപത്രിയിലെ തന്നെ ഡോ. എസ് പി ബിയോത്ര പറഞ്ഞു.

അടുത്തിടെ ജനീവയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ, വായു മലിനീകരണത്തെക്കുറിച്ചുള്ള ആദ്യ ആഗോള സമ്മേളനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഈ പ്രചാരണ പരിപാടി, തലസ്ഥാനത്തെ വായു മലിനീകരണത്തെക്കുറിച്ച് അവബോധം ഉയർത്താനും അധികൃതരെ ഉടനടി പരിഹാരനടപടികൾക്ക് പ്രേരിപ്പിക്കാനുമാണ് ലക്‌ഷ്യം വെക്കുന്നത്.

ഇപ്പോൾ സ്ഥാപിച്ച മോഡല്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്‌റോസ് അധാനോം ഘെബ്രെസ്യൂസ് പുറപ്പെടുവിച്ച ഒരു മുന്നറിയിപ്പിനെ ഓർമ്മിപ്പിക്കുന്നതാണ്, “ലോകം പുകയിലക്കെതിരെ തിരിഞ്ഞു. ഇനി അതുതന്നെ ‘പുതിയ പുകയില’ക്കെതിരെയും ചെയ്യണം- കോടിക്കണക്കിനാളുകൾ എന്നും ശ്വസിക്കുന്ന വിഷവായുവിനെതിരെ. ആരോഗ്യത്തെ വായുമലിനീകരണം എങ്ങനെ ബാധിക്കുന്നു എന്നത് വളരെ പ്രകടമാണ്. എങ്കിലും ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും ഒന്നും ചെയ്യുന്നില്ല. ഇന്ത്യ പോകുന്ന ഈ വിനാശത്തിന്റെ വഴി ശരിയാക്കാൻ നാം ധീരമായ നടപടികളെടുക്കണം.”

വികസനത്തിന്റെ പേരിൽ വ്യവസായങ്ങൾ ഒരു തടസ്സവുമില്ലാതെ മലിനീകരണം നടത്തുകയാണ്. പൗരന്മാരെന്ന നിലയിൽ നാം നമ്മുടെ പ്രതിനിധികളെ പരിസ്ഥിതിയുടെ പേരിൽ ഉത്തരവാദികളാക്കണം. തെരഞ്ഞെടുപ്പ് വർഷത്തിൽ പൗരന്മാർ ഉറക്കെപ്പറയണം, “ശ്വാസമില്ലെങ്കിൽ വോട്ടുമില്ല,” Help Delhi Breathe ക്യാമ്പയിന്‍ ഡയറക്ടര്‍ റീച്ച ഉപാധ്യായ പറയുന്നു.

വായു മലിനീകരണം നിയന്ത്രിക്കാനും തടയാനും രാജ്യത്തെ വായു നിലവാരത്തോത് നിരീക്ഷിക്കുന്ന കേന്ദ്രങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനുമുള്ള National Clean Air Programme സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഈ ആശങ്കകള്‍ പ്രതിഫലിക്കുന്നുണ്ട് എന്നും ഉപാധ്യായ പറഞ്ഞു. കൂടാതെ വായുമലിനീകരണം വല്ലാതെ ഉയരുന്ന ദിവസങ്ങളിൽ നടപ്പാക്കേണ്ട Graded Response Action Plan (GRAP)-ന് ഡൽഹി സർക്കാർ രൂപം കൊടുത്തിട്ടുണ്ട്.

“സംസ്ഥാന, കേന്ദ്ര തലത്തിൽ പരിഹാര നടപടികൾ എടുക്കുന്നു എന്നും അതിന്റെ ഗുണഫലങ്ങൾ പൗരന്മാർക്ക് കിട്ടുന്നു എന്നും ഉറപ്പാക്കുകയാണ് ഞങ്ങളുടെ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം,” റീച്ച ഉപാധ്യായ പറഞ്ഞു.

ലോകാരോഗ്യ സംഘടന (WHO) ഈയിടെ പുറത്തുവിട്ട കണക്ക് തന്നെ ഇന്ത്യ ഏതു വിധത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ് എന്നു വ്യക്തമാക്കുന്നതാണ്. അതായത്, ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള പത്ത് നഗരങ്ങളില്‍ ഒമ്പത് എണ്ണവും ഇന്ത്യയിലാണ്.

യുപിയിലെ കാണ്‍പൂരാണ് ഇതില്‍ ഒന്നാമത്. അന്തരീക്ഷ മലിനീകരണ തോത് കണക്കാക്കുന്ന PM 2.5 (അന്തരീക്ഷത്തില്‍ നിന്നും ശ്വാസകോശത്തിനുള്ളില്‍ കടക്കുന്ന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചെറിയ കണികയുടെ അളവ്) കാണ്‍പൂരില്‍ ഒരു ക്യൂബിക് മീറ്ററില്‍ 173 മൈക്രോഗ്രാം ആണ്. ലോകാരോഗ്യ സംഘടന ആരോഗ്യകരമായ ഒരവസ്ഥ എന്നു പറയുന്നത് PM2.5, 10 മൈക്രോഗ്രാം ആയിരിക്കണം എന്നു മനസിലാക്കുമ്പോഴാണ് ഇന്ത്യ അകപ്പെട്ടിട്ടുള്ള അവസ്ഥ മനസിലാവുക.

രണ്ടാം സ്ഥാനത്ത് ഹരിയാനയിലെ ഫരീദാബാദ് ആണ്. ഇവിടുത്തെ PM2.5, 172 മൈക്രോഗ്രാമാണ്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയായ ഇവിടുത്തെ വാഹന പെരുപ്പം തന്നെയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന വില്ലന്‍.

യുപിയിലെ തന്നെ വാരണസിയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന ഇവിടെ PM2.5, 151 മൈക്രോഗ്രാം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം കൂടിയാണിത്.

ബീഹാറിലെ ഗയ ആണ് നാലാം സ്ഥാനത്ത്. നിരവധി ഹിന്ദു, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങള്‍ ഉള്ള ഈ നഗരത്തിലെ PM2.5 തോത് 149 മൈക്രോഗ്രാം ആണ്.

ബീഹാറിലെ തന്നെ പാറ്റ്നയാണ് അഞ്ചാം സ്ഥാനത്ത്. ബീഹാറിന്റെ തലസ്ഥാനം കൂടിയായ ഇവിടെ PM2.5, 144 മൈക്രോഗ്രാം.

ആറാം സ്ഥാനത്ത് ഡല്‍ഹിയുണ്ട്. രാജ്യതലസ്ഥാനം. PM2.5ന്റെ അളവ് 143 മൈക്രോഗ്രാം.

ഏഴാം സ്ഥാനത്താണ് യുപിയുടെ തലസ്ഥാനമായ ലക്നൌ. ഇവിടെ PM2.5 കണക്കാക്കിയിട്ടുള്ളത് 138 ആണ്.

ഏഴ് ഇന്ത്യന്‍ നഗരങ്ങള്‍ കഴിഞ്ഞാല്‍ വരുന്നത് കാമറൂണിലെ ബമാന്‍ഡെ എന്ന നഗരമാണ്. 132 ആണ് ഇവിടുത്തെ PM2.5.

വീണ്ടും ഒമ്പതാം സ്ഥാനത്ത് വരുന്നത് ഒരു ഇന്ത്യന്‍ നഗരമാണ്. യുപിയിലെ ആഗ്ര. രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രം. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന നഗരം. കാറുകള്‍, പാചക ഇന്ധനങ്ങള്‍ എന്നിവയാണ് ആഗ്രയെ മലിനമാക്കുന്നത്. 131 ആണ് ഇവിടെ PM2.5.

പത്താം സ്ഥാനത്തും ബീഹാറിലെ ഒരു നഗരം തന്നെയാണ്. മുസഫര്‍പൂര്‍. ഉഷ്ണകാലത്ത് 40 ഡിഗ്രിക്ക് മേല്‍ ചൂട് ഉയരുന്ന ഇവിടെ PM2.5, 120 ആണ്.

പെരിയാര്‍ ഇങ്ങനെ ഒഴുകാതിരിക്കുന്നതാണ് നല്ലത്; ഏലൂരിന് പിന്നാലെ നേര്യമംഗലത്തും രൂക്ഷ മലിനീകരണം

ഡല്‍ഹിയിലെ വായു മലിനീകരണം ഗോള്‍ഡന്‍ ട്രയാംഗിളിലെ ടൂറിസത്തെ ബാധിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍