UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലിച്ചിപ്പഴമല്ല ബിഹാറിലെ കുട്ടികളുടെ എന്‍സിഫലൈറ്റിസ് മരണത്തിന് പിന്നില്‍, പോഷകാഹാരക്കുറവാണ്‌: ലിച്ചി ഗവേഷണ കേന്ദ്രം

“ലിച്ചിപ്പഴത്തില്‍ വിഷമില്ല. ജനങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്”.

ബിഹാറിലെ മുസഫര്‍പൂരിലെ കുട്ടികളുടെ എന്‍സിഫലൈറ്റിസ് മൂലമുള്ള മരണങ്ങള്‍ക്ക് കാരണം ലിച്ചിപ്പഴം കഴിച്ചതല്ല എന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം (നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ലിച്ചി). 110ലധികം കുട്ടികളാണ് ഈ വര്‍ഷം മുസഫര്‍പൂരില്‍ എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. മിക്കവരും 10 വയസില്‍ താഴെയുള്ളവര്‍. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയായിരുന്നു ഭൂരിഭാഗം മരണങ്ങളും. രൂക്ഷമായ പോഷകാഹാരക്കുറവിന് പുറമെ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോമിന് (എഇഎസ്) കാരണമാകുന്നത് ലിച്ചിപ്പഴം കഴിക്കുന്നതാണ് എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. അതേസമയം ലിച്ചിപ്പഴവും എന്‍സിഫലൈറ്റിസ് മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് എന്‍ആര്‍സിഎല്‍ ഡയറക്ടര്‍ ഡോ.വിശാല്‍ നാഥ് ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞത്.

ലിച്ചിപ്പഴത്തില്‍ വിഷമില്ല. ജനങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ പ്രധാന ലിച്ചി കേന്ദ്രമായ മുസഫര്‍പൂരില്‍ നിന്ന് മുംബൈയും ഡല്‍ഹിയും അടക്കമുള്ള നഗരങ്ങളിലേയ്ക്ക് ലിച്ചിപ്പഴം കയറ്റി അയയ്ക്കുന്നുണ്ട്. ലിച്ചിപ്പഴമാണ് പ്രശ്‌നമെങ്കില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എന്തുകൊണ്ട് ഇത്തരത്തില്‍ എന്‍സിഫലൈറ്റിസ് ഉണ്ടായില്ല എന്ന് ഡോ.വിശാല്‍ ചോദിക്കുന്നു. ലിച്ചിപ്പഴം വൈറ്റമിന്‍ ബി ഉള്‍ക്കൊള്ളുന്നതാണ്. കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മറ്റ് ധാതുക്കള്‍ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. 11 വര്‍ഷമായി മുസഫര്‍പൂരിലെ റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ഈ പഴത്തിന് ഇത്തരത്തില്‍ എന്തെങ്കിലും പാര്‍ശ്വഫലമുള്ളതായി കണ്ടെത്തിയിട്ടില്ല – വിശാല്‍ നാഥ് പറഞ്ഞു.

ലിച്ചി മാത്രമല്ല മാങ്ങ, പേരക്ക തുടങ്ങിയ പഴങ്ങളെല്ലാം അസിഡിക് സ്വഭാവം ഉള്‍ക്കൊള്ളുന്നുണ്ട്. മതിയായ ഭക്ഷണം കിട്ടാത്ത കുട്ടികള്‍ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് പ്രശ്‌നമുണ്ടാക്കാം. വെറും വയറ്റില്‍ ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കാം. എന്നാല്‍ അതൊന്നും ഇത്തരം മാരക രോഗങ്ങളിലേയ്ക്ക് നയിക്കില്ല. മുസഫര്‍പൂരിലെ മരിച്ച കുട്ടികളുടെ ബ്‌ളഡ് ഷുഗര്‍ താഴ്ന്ന നിലയിലായിരുന്നു. ഷുഗര്‍ ഉള്‍ക്കൊള്ളുന്ന ലിച്ചിപ്പഴം ഒരിക്കലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കില്ല.

നേരത്തെ ലിച്ചിപ്പഴത്തിലെ ഹൈപ്പോഗ്ലിസിന്‍ എ ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നത് മരണകാരണമായെന്ന ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ കണ്ടെത്തല്‍ തള്ളിക്കൊണ്ടാണ് ഡോ.വിശാല്‍നാഥ് ഇക്കാര്യം പറഞ്ഞത്. പോഷകാഹാരക്കുറവ് തന്നെയാണ് പ്രധാന പ്രശ്‌നം മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലം ഇതില്‍ പ്രധാനഘടകമാണ്. ലിച്ചിപ്പഴവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അഭിസംബോധന ചെയ്യേണ്ട പ്രശ്‌നം കുട്ടികളിലെ പോഷകാഹാരക്കുറവും ഭക്ഷ്യലഭ്യതയിലെ പ്രശ്‌നങ്ങളുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍