UPDATES

‘ഹിന്ദുത്വ ഭീകരതയെക്കുറിച്ച് അദ്ദേഹം കണ്ടെത്തിയതൊക്കെ ശരിയായിരുന്നു’; സാധ്വി പ്രഗ്യക്കെതിരെ കര്‍ക്കരെയുടെ മകള്‍

ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സാധ്വി പ്രഗ്യയുടെ വിവാദ പ്രസ്താവന

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവിയായിരിക്കെ, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരയെക്കുറിച്ച് മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കര്‍ക്കരെയുടെ മകള്‍ രംഗത്ത്.

“പ്രഗ്യാ സിംഗിന്റെ പ്രസ്താവനയേയോ അവരേയോ ഞാന്‍ മഹത്വവത്ക്കരില്ല. എനിക്ക് സംസാരിക്കാനുള്ളത് കര്‍ക്കരയെക്കുറിച്ച് മാത്രമാണ്. അദ്ദേഹം ഒരു മാതൃകയായിരുന്നു. അന്തസും മാന്യതയോടും കൂടി വേണം അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാന്‍”, കര്‍ക്കരെയുടെ മൂത്ത മകള്‍ 38-കാരിയായ ജൂയി നവാരെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

“ഭീകരതയ്ക്ക് മതമില്ലെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. പരസ്പരം കൊല്ലാന്‍ ഒരു മതവും ആരെയും പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ആ ആശയമാണ് പരാജയപ്പെടുത്തേണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍, 24 വര്‍ഷത്തെ പോലീസ് കരിയറില്‍ കര്‍ക്കരെ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. മരണത്തില്‍ പോലും അദ്ദേഹം ചെയ്തത് ആ നഗരത്തെയും അദ്ദേഹത്തിന്റെ രാജ്യത്തേയും സംരക്ഷിക്കാനാണ്. ധരിച്ചിരുന്ന യൂണിഫോമിനെ അദ്ദേഹം അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങളെക്കാളും സ്വന്തം ജീവിതത്തേക്കാളൊക്കെ അദ്ദേഹം വിലമതിച്ചത് അതാണ്”– ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു പെണ്‍ മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ താമസിക്കുന്ന ജൂയി പറഞ്ഞു.

ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സാധ്വി പ്രഗ്യയുടെ വിവാദ പ്രസ്താവന. തന്റെ ശാപം കൊണ്ടാണ് കര്‍ക്കരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം പോലും ഇല്ലാതാകുമെന്നും താന്‍ പറഞ്ഞിരുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്. താന്‍ ഇത്തരത്തില്‍ പറഞ്ഞ് കുറച്ചു കഴിയും മുമ്പ് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നും അവര്‍ പറഞ്ഞിരുന്നു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായി യുഎപിഎ അടക്കം ചുമത്തപ്പെട്ട പ്രഗ്യ സ്തനാര്‍ബുദമാണ് തനിക്ക് എന്ന് പറഞ്ഞാണ് ജാമ്യം നേടുകയും പുറത്തിറങ്ങുകയും ചെയ്തത്. പിന്നാലെ, ഈയടുത്ത് തന്റെ ക്യാന്‍സര്‍ ഭേദമായെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രഗ്യയ്ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. പ്രഗ്യയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രംഗത്തു വരികയും ചെയ്തിരുന്നു.

മുംബൈ ആക്രമണം നടക്കുന്നതിന് ഒരു മാസം മുമ്പാണ് 2008 ഒക്‌ടോബറില്‍ പ്രഗ്യയെ അടക്കം 11 പേരെ കര്‍ക്കരെ അറസ്റ്റ് ചെയ്യുന്നത്. കര്‍ക്കരെയുടെ മുഴുവന്‍ ശ്രദ്ധ ഈ അന്വേഷണത്തിലായിരുന്നുവെന്നും തന്റെ അമ്മ അദ്ദേഹത്തിന്റെ ജീവനെക്കുറിച്ച് വളരെയധികം ആശങ്കപ്പെട്ടിരുന്നുവെന്നും ജൂയി പറയുന്നു. “ഈ കേസിന്റെ കാര്യങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളിലും അമ്മ വളരെയധികം ആശങ്കപ്പെട്ടിരുന്നു”– അവര്‍ പറയുന്നു. 2014-ല്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് കവിത കര്‍ക്കരെയും അന്തരിച്ചു.

“മലേഗാവ് കേസിനെക്കുറിച്ച് കര്‍ക്കരെ കണ്ടെത്തിയ മുഴുവന്‍ കാര്യങ്ങളെയും ഞാന്‍ പിന്തുണയ്ക്കുന്നു. അദ്ദേഹം കണ്ടെത്തിയത് എന്തു തന്നെയായാലും അത് ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം നിയമം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരുദ്യോഗസ്ഥനായിരുന്നു. ഒരു മകള്‍ എന്ന നിലയില്‍ എനിക്കറിയാം അദ്ദേഹത്തെ. ഏതു സമയത്തും നീതിക്കൊപ്പം നില്‍ക്കുന്നയാളാണ് അദ്ദേഹത്തെപ്പോലൊരാള്‍. അത് എന്നും എനിക്ക് ഉറപ്പാണ്”– ജൂയി പറയുന്നു.

Also Read: ഗോമൂത്ര ചികിത്സ: പ്രഗ്യാ സിങ്ങിന് ക്യാൻസറുണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍